‘സക്കീർ നിരീശ്വരവാദിയാണെന്ന് ആരാണ് പറഞ്ഞത്’; ബഹാവുദ്ധീൻ നദ്‌വിക്കെതിരെ കെടി ജലീൽ

തിരുവനന്തപുരം: കേരള വഖഫ് ബോർഡ് നിയുക്ത ചെയർമാൻ സക്കീർ ഹുസൈനെതിരെ സമസ്ത മുശാവറ അംഗം ബഹാവുദ്ധീൻ നദ്‌വി നടത്തിയ പ്രസ്താവനകൾ തിരുത്തണമെന്ന് കെ ടി ജലീൽ എംഎൽഎ. പ്രസ്താവനകൾ ഉചിതമാണോയെന്ന് പരിശോധിക്കണമെന്നും ജലീൽ ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു. ബഹാവുദ്ധീൻ നദ്‌വിയുടെ പ്രസ്താവനയ്ക്ക് മറുപടിയായാണ് ജലീൽ ഫേസ്ബുക്കിൽ പ്രതികരിച്ചത്.

സക്കീർ ഹുസൈൻ ദൈവ നിഷേധത്തിലൂന്നിയ പ്രസ്താവന നടത്തിയിട്ടില്ല. വസ്തുത ലീഗ് നേതാക്കൾക്ക് അറിയാം. തെറ്റിദ്ധാരണ തിരുത്തി ബഹാവുദ്ധീൻ നദ്‌വി ക്ഷമാപണം നടത്തണമെന്നും കെടി ജലീൽ പറഞ്ഞു.

മത ബോധമില്ലാത്തയാളെ വഖഫ് ബോർഡ് ചെയർമാനായി നിയമിക്കുന്നത് സമുദായത്തെ അപഹസിക്കാനാണെന്നായിരുന്നു ബഹാവുദ്ദീൻ നദ്‌വിയുടെ പ്രസ്താവന.

 

കേരള വഖഫ് ബോർഡ് നിയുക്ത ചെയർമാൻ സക്കീർ ഹുസൈൻ

 

ബഹാവുദ്ദീൻ നദവിയുടെ ഫേസ് ബുക്ക് പോസ്റ്റിൽ അദ്ദേഹം ഇപ്രകാരം എഴുതി: 

മത വിഷയങ്ങളില് അവഗാഹവും കാഴ്ചപ്പാടും ഇസ്‌ലാമിക ജീവിത രീതികളുമുള്ള വ്യക്തികള് വഹിച്ചിരുന്ന കേരളത്തിലെ വഖ്ഫ് ചെയര്മാന് പദവിയില്, മതനിരാസ വക്താക്കളും ദൈവത്തെ തള്ളിപ്പറയുന്നവരുമായവരെ നിയമിക്കാന് ഇടതുപക്ഷ സര്ക്കാര് പ്രത്യേകം താത്പര്യം കാണിക്കുന്നതിനു പിന്നിലെ അജണ്ട വ്യക്തമാണ്.

 

ഇസ്‌ലാമിക കര്മശാസ്ത്ര വിധി പ്രകാരം വഖ്ഫുമായി ബന്ധപ്പെട്ട ചുമതല നിര്വഹിക്കുന്നവര് മതവിശ്വാസികളും ഇസ്‌ലാമിക നിയമങ്ങളോട് നീതി പുലര്ത്തുന്നവരും ആകണമെന്നു കണിശമായി നിഷ്‌കര്ഷിക്കുന്നുണ്ട്. എന്നാല്, ഏറെ സൂക്ഷ്മത പുലര്ത്തേണ്ട ഒരു പദവിയില് മതബോധമോ സംസ്‌കാരമോ ഇല്ലാത്ത ഒരാളെ നിയമിക്കുക വഴി ഒരു സമുദായത്തെ തന്നെ അപഹസിക്കുന്ന സമീപനമാണ് ഇടതുസര്ക്കാര് സ്വീകരിച്ചിരിക്കുന്നത്.

 

മതത്തെ അവഹേളിക്കുന്ന വ്യക്തിയെ പ്രസ്തുത സ്ഥാനത്ത് പ്രതിഷ്ഠിച്ചതോടെ ഇടതുപക്ഷത്തിന്റെ നേരത്തെയുള്ള പ്രഖ്യാപിത നിലപാടില് മാറ്റമില്ലെന്ന കാര്യം സുതരാം വ്യക്തമായിക്കഴിഞ്ഞിരിക്കുന്നു.

 

മുസ്‌ലിംകളുമായി ബന്ധപ്പെട്ട വിഷയങ്ങളില് ഇത്തരം സമീപനം സ്വീകരിക്കുന്ന സര്ക്കാര്, മതമൂല്യങ്ങളെ നിശ്ശേഷം ഉച്ചാടനം ചെയ്യാനുള്ള തീവ്ര യജ്ഞത്തിലാണെന്ന് ആരെങ്കിലും സംശയിച്ചാല് അവരെ കുറ്റപ്പെടുത്താനാകില്ല.
 
നീതി രഹിതമായ അധര്മങ്ങള് വഴി ഒരു സമുദായത്തെ വഞ്ചിക്കുകയും അര്ഹമായ ആനുകൂല്യങ്ങള് പോലും അവര്ക്ക് ഹനിക്കപ്പെടുകയും ചെയ്യുന്ന ഇത്തരം ദുഷ്പ്രവണത ഏറെ പ്രതിഷേധാര്ഹമാണ്.
 

ഇതിനുള്ള മറുപടിയായി കെ.ടി ജലീലിൻ്റെ ഫേസ് ബുക്ക് പോസ്റ്റ്: 



പ്രിയപ്പെട്ട ഡോ: ബഹാവുദ്ദീൻ നദ് വി സാഹിബ്, വസ്സലാം.

പുതിയ വഖഫ് ബോർഡ് ചെയർമാനെ കുറിച്ചുള്ള താങ്കളുടെ ഫേസ്ബുക്ക് പോസ്റ്റ് കണ്ടു. വായിച്ചു. എനിക്ക് വല്ലാത്ത അൽഭുതമാണ് തോന്നിയത്. ഒപ്പം അമർഷവും. അഡ്വ: മുഹമ്മദ് സക്കീറിനെ കുറിച്ച് താങ്കൾ രേഖപ്പെടുത്തിയ അഭിപ്രായം തീർത്തും തെറ്റാണ്. അദ്ദേഹം ഒരു മതനിഷേധിയോ ഇസ്ലാമിക ആരാധനാമുറകൾ അനുഷ്ഠിക്കാത്ത വ്യക്തിയോ അല്ല. ഏതെങ്കിലും സൈബർ ഗുണ്ടകൾ പോസ്റ്റ് ചെയ്യുന്ന വസ്തുതാ വിരുദ്ധമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അങ്ങയെപ്പോലെ മുതിർന്ന ഒരാൾ വിശ്വാസിയായ ഒരാളെ അവിശ്വാസിയെന്ന് മുദ്രകുത്തുന്നത് എന്തുമാത്രം പ്രയാസമുളവാക്കുന്നതാണ്! 

PSC-യുടെ മുൻ ചെയർമാനാണ് വഖഫ് ബോർഡിൻ്റെ പുതിയ അമരക്കാരനായ സക്കീർ. പൊന്നാനിക്കടുത്ത മാറഞ്ചേരിയിലെ പ്രസിദ്ധമായ മുസ്ലിം തറവാട്ടിലെ അംഗം. നല്ല നിയമ പരിജ്ഞാനമുള്ളയാൾ. പെരുമാറ്റത്തിൽ സൗമ്യൻ. ഏതൊരു “അമാനത്തും” വിശ്വസിച്ച് ഏൽപ്പിക്കാൻ എല്ലാ അർത്ഥത്തിലും യോഗ്യൻ.
വഖഫ് ബോർഡിൻ്റെ എക്കാലത്തെയും മികച്ച ചെയർമാൻ മുൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ: കെ.എ ജലീൽ സാഹിബാണെന്ന് ആർക്കാണറിയാത്തത്? 

വഖഫ് ബോർഡ് ഓഫീസിനെ ഒരു ഓഫീസാക്കി ചിട്ടപ്പെടുത്തിയത് ജലീൽ സാഹിബാണ്. ഇടതുപക്ഷ സർക്കാരാണ് അദ്ദേഹത്തെയും നിയോഗിച്ചത്. ജലീൽ സാഹിബിനെ മാറ്റി നിർത്തി വഖഫ് ബോർഡിൻ്റെ ചരിത്രമെഴുതാൻ ആർക്കെങ്കിലും കഴിയുമോ?

അഡ്വ: സക്കീർ നിരീശ്വരവാദിയാണെന്ന് അങ്ങയോട് ആരാണ് പറഞ്ഞത്? അദ്ദേഹം ദൈവനിഷേധത്തിലൂന്നിയ വല്ല പ്രസ്താവനയും നടത്തിയത് താങ്കൾക്ക് ചൂണ്ടിക്കാനാകുമോ? ഇസ്ലാമിനെയോ മറ്റു മതങ്ങളെയോ നിന്ദിച്ചും മുസ്ലിങ്ങൾ ഉൾപ്പടെ ഏതെങ്കിലും മതസമുദായങ്ങളെ തള്ളിപ്പറഞ്ഞും എപ്പോഴെങ്കിലും ഒരു പ്രതികരണം അദ്ദേഹം നടത്തിയത് അങ്ങയുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ? ഉണ്ടെങ്കിൽ ഒന്ന് വെളിപ്പെടുത്തിയാൽ നന്നാകും. യഥാർത്ഥ വസ്തുത അറിയുന്നത് കൊണ്ടാണ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളോ ലീഗിൻ്റെ മറ്റു നേതാക്കളോ വഖഫ് ബോർഡ് ചെയർമാനെ നിയമിച്ചതുമായി ബന്ധപ്പെട്ട് വിലകുറഞ്ഞ പ്രതികരണങ്ങൾക്ക് മുതിരാത്തത്.

അങ്ങയെപ്പോലെ ഒരു പണ്ഡിതൻ ഇത്തരം പ്രസ്താവനകൾ നടത്തുന്നത് ഉചിതമാണോ എന്ന് ശാന്തമായി ആലോചിക്കുക.

നദ് വി സാഹബ്, ഒരുകാര്യം താങ്കൾക്ക് ഉറപ്പിക്കാം. വഖഫ് ബോർഡിന് കാര്യപ്രാപ്തനും കർമ്മകുശലനും നിഷ്പക്ഷനും സത്യസന്ധനുമായ ഒരു ചെയർമാനെയാണ് കിട്ടിയിരിക്കുന്നത്. വഖഫ് സ്വത്തുക്കളിൽ ഭൂരിപക്ഷവും കൈവശമുള്ള സുന്നി വിഭാഗങ്ങളോട് അദ്ദേഹം ഒരിക്കലും അനീതി കാണിക്കില്ല. അർഹമായത് ഒരാൾക്കും നിഷേധിക്കില്ല. ജീവിതത്തിൽ ഇന്നുവരെ ഒരു സാമ്പത്തിക തട്ടിപ്പോ ക്രമക്കേടോ നടത്താത്ത നല്ല റെപ്യൂട്ടേഷൻ ഉള്ള വ്യക്തിയെയാണ് രണ്ടാം പിണറായി സർക്കാർ വഖഫ് സ്വത്തുക്കളുടെ കാവൽക്കാരനാക്കിയിരിക്കുന്നത്. അതിൽ അങ്ങേക്ക് ഒരു സന്ദേഹവും വേണ്ട. താങ്കളുടെ സംശയങ്ങൾ വരും ദിനങ്ങളിൽ ദൂരീകരിക്കപ്പെടും, ഉറപ്പാണ്.

സക്കീറിൻ്റെ ഭാര്യ ലിസ്സി മുഹമ്മദ് കുട്ടിയാണ്. സക്കീറിൻ്റെ ഭാര്യയുടെ അനുജത്തിയെ കല്യാണം കഴിച്ചിരിക്കുന്നത് ഷാർജ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറിയും പ്രമുഖ KMCC ക്കാരനുമായ ചങ്ങരംകുളം സ്വദേശി നസീറാണ്. മുന്നാമത്തെ അനിയത്തിയെ വിവാഹം ചെയ്തത് ദീർഘകാലം കുറ്റിപ്പുറം മണ്ഡലം ലീഗ് കമ്മിറ്റിയുടെ പ്രസിഡണ്ടായി പ്രവർത്തിച്ച ടി ആലിക്കുട്ടിഹാജിയുടെ ചെറുമകൻ കബീറാണ്. സക്കീറിൻ്റെ ഭാര്യയെ കുറിച്ച് പോലും എന്തൊക്കെ അവാസ്തവങ്ങളാണ് ചിലർ പ്രചരിപ്പിക്കുന്നത്? എത്രമാത്രം വേദനാജനകമാണതെന്ന് പ്രത്യേകം പറയണോ? അങ്ങയുടെ പോസ്റ്റിനടിയിലും അങ്ങനെ ഒരു കമൻ്റ് കണ്ടു. അതിപ്പോൾ കാണുന്നില്ല. അതുകൊണ്ടാണ് ഇക്കാര്യം സൂചിപ്പിക്കേണ്ടി വന്നത്.

അങ്ങ് തെറ്റിദ്ധാരണ തിരുത്തി ക്ഷമാപണം നടത്തും എന്ന പ്രതീക്ഷയോടെ,
നൻമകൾ നേർന്ന് കൊണ്ട്
സ്നേഹപൂർവ്വം
ഡോ:കെ.ടി.ജലീൽ

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!