ബുറൈദ ഈന്തപ്പഴ മേള സജീവമായി; ഫുട്ബോൾ കമൻട്രി മോഡലിൽ ഈന്തപ്പഴ ലേലം – വൈറൽ വീഡിയോ

ലോകത്തിലെ തന്നെ ശ്രദ്ധേയമായ ഈന്തപ്പഴ മേള സൌദി അറേബ്യയിലെ ബുറൈദയിൽ നടന്ന് വരികയാണ്. അൽ ഖസീമിലെ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം സംഘടിപ്പിക്കുന്ന ഫെസ്റ്റിവൽ ഓഗസ്റ്റ് 25 വരെ നീണ്ടുനിൽക്കും. ഈന്തപ്പഴ കർഷകർക്ക് ആധുനിക കാർഷിക രീതികളെ കുറിച്ച് പരിചയപ്പെടുത്താനും മികച്ച ഗുണനിലവാരമുള്ള ഈത്തപ്പഴം ഉൽപ്പാദിപ്പിക്കുന്നതിനുള്ള നൂതന മാർഗങ്ങളെക്കുറിച്ചുള്ള വൈദഗ്ധ്യം കൈമാറ്റം ചെയ്യാനും ഉദ്ധേശിച്ചുള്ളതാണ് മേള.

മേളയുടെ ഭാഗമായി വിപുലമായ പരിപാടികളും സേവനങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രശസ്തമായ 45-ലധികം ഇനം ഈന്തപ്പഴങ്ങൾ മേളയിൽ വിപണനത്തിനെത്തും. കൂടാതെ, ഈന്തപ്പഴങ്ങളുടെ വിപണനത്തിൽ 27-ലധികം പ്രത്യേക ഏജൻസികൾ ഉൾപ്പെടുന്നുണ്ട്.

കർഷകർ, സർക്കാർ ഏജൻസികൾ, നിർമ്മാണ വ്യവസായങ്ങൾ, ഉൽപ്പാദന കുടുംബങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്ന നിരവധി പ്രദർശനങ്ങളും മേളയിലുണ്ടാകും.

പ്രദർശനത്തിലും വിൽപ്പനക്കുമുള്ള ഈത്തപഴങ്ങൾ പല രീതിയിലാണ് ജനങ്ങളുടെ ശ്രദ്ധയാകർഷിക്കുന്നത്. ചിലർ ആകർഷകമായ വിലക്കുറവ് പ്രഖ്യാപിക്കുമ്പോൾ മറ്റു ചിലർ പരമ്പരാഗതമായ രീതീയിൽ ലേലത്തിലൂടെയാണ് വിൽപ്പന നടത്തുന്നത്.

എന്നാൽ ലേലത്തിലും വ്യത്യസ്ഥത കൊണ്ടുവന്ന് ജനങ്ങളുടെ ശ്രദ്ധയാകർഷിക്കുന്നവരും ഉണ്ട്. അത്തരത്തിൽ ഒരു ലേലത്തിൻ്റെ വീഡിയോ ഇതിനോടകം വൈറലായി. സ്പോട്സ് കമൻട്രിപോലെയാണ് വിൽപ്പനക്കാരനായ സ്വദേശി യുവാവ് വാഹനത്തിന് മുകളിൽ കയറിയിരുന്ന് ലേലം നടത്തുന്നത്.

വൈറൽ വീഡിയോ കാണാം..

 

ഈ വർഷത്തെ ഫെസ്റ്റിവലിൽ കവിതാ സായാഹ്നങ്ങളും സംഗീത ബാൻഡുകളും ഉണ്ടെന്ന് അധികൃതർ അറിയിച്ചു. ഈന്തപ്പനയുമായി ബന്ധപ്പെട്ട കരകൗശല വസ്തുക്കളുടെ പ്രദർശനം, പുരാതന ഫാമുകളുടെ പുനർനിർമ്മാണം, ഫോട്ടോഗ്രാഫി കോർണർ, കുട്ടികൾക്കുള്ള പ്രത്യേക സ്ഥലം, ചിത്രകാരന്മാർക്കുള്ള പ്രദർശനങ്ങൾ എന്നിവയും ഉണ്ട്.

സ്വദേശികൾക്ക് 4000 ത്തിലധികം സീസണൽ തൊഴിലവസരങ്ങളാണ് മേളയിലൂടെ ലഭിക്കുന്നത്. കമ്മിറ്റികൾ, സൂപ്പർവൈസിംഗ് ടീമുകൾ, പോയിന്റ് ഓഫ് സെയിൽ, റീട്ടെയിൽ ഷോപ്പുകൾ, ഫാമുകൾ, ഡേറ്റ് സ്ക്വയർ, കയറ്റുമതി മേഖലകൾ എന്നിവയിലൂടെയാണ് കാർണിവൽ സൃഷ്ടിച്ച തൊഴിലവസരങ്ങൾ ഒരുക്കിയതെന്ന് ഫെസ്റ്റിവൽ സിഇഒ ഖാലിദ് അൽ നുഖിദാൻ പറഞ്ഞു.

ഖസിമിലെ മന്ത്രാലയത്തിന്റെ ബ്രാഞ്ച് ഡയറക്ടർ അബ്ദുൽ അസീസ് അൽ-റജീ പറഞ്ഞു: “ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വാർഷിക പരിപാടികളിലൊന്നാണ് കാർണിവൽ. സൗദി അറേബ്യ ഈന്തപ്പന കൃഷിയെ പിന്തുണയ്ക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നത് തുടരുന്നു, പ്രാദേശികമായും അന്തർദ്ദേശീയമായും അതിന്റെ മത്സരശേഷി മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്നു. ഈന്തപ്പഴ കയറ്റുമതി രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു”.

പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, സൗദി അറേബ്യയുടെ ഈന്തപ്പഴം കയറ്റുമതി 2022 ൽ 321,000 ടണ്ണിലെത്തി, ഇതിന് ഏകദേശം 1.28 ബില്യൺ റിയാൽ (341 ദശലക്ഷം ഡോളർ) വിലമതിക്കുന്നു.

2022-ൽ രാജ്യത്ത് ഈന്തപ്പഴത്തിന്റെ വാർഷിക ഉൽപ്പാദനം 1.6 ദശലക്ഷം ടൺ കവിഞ്ഞു, 300-ലധികം ഈന്തപ്പഴങ്ങളാണ് രാജ്യത്ത് ഉത്പാദിപ്പിക്കുന്നത്.

സൗദി അറേബ്യയിലെ ഈന്തപ്പനകളുടെ എണ്ണം 34 ദശലക്ഷത്തിലധികം മരങ്ങൾ, രാജ്യത്തിന്റെ പ്രദേശങ്ങളിൽ വിതരണം ചെയ്തു.

അൽ ഖസീം മേഖലയിലാണ് ഏറ്റവും കൂടുതൽ ഈന്തപ്പനകൾ ഉള്ളത്, ആകെ 11.2 ദശലക്ഷം മരങ്ങളുണ്ട്, മദീനയിൽ 8.3 ദശലക്ഷവും റിയാദിൽ 7.7 ദശലക്ഷവുമാണ്. കിഴക്കൻ മേഖലയിൽ 4.1 ദശലക്ഷം ഈന്തപ്പനകളുണ്ട്.

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!