അന്താരാഷ്ട്ര ഇസ്ലാമിക സമ്മേളനത്തിന് ഞായറാഴ്ച മക്കയിൽ തുടക്കമാകം; കേരളത്തിൽ നിന്നുൾപ്പെടെ ഇന്ത്യയിൽ നിന്ന് 8 നേതാക്കൾ, 85 രാജ്യങ്ങളിലെ പണ്ഡിതന്മാരും മുഫ്തികളും പങ്കെടുക്കും
മക്ക: അന്താരാഷ്ട്ര ഇസ്ലാമിക സമ്മേളനത്തിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും. ഓഗസ്റ്റ് 13, 14 തിയതികളിൽ മക്കയിൽ വെച്ച് സമ്മേളനം നടത്താൻ സൗദി ഭരണാധികാരി സൽമാൻ രാജാവ് അനുമതി നൽകി. 85 രാജ്യങ്ങളിൽ നിന്നുള്ള 150 ഓളം പണ്ഡിതന്മാരും മുഫ്തികളും നേതാക്കളും സമ്മേളനത്തിൽ പങ്കെടുക്കും.
സൗദി ഇസ്ലാമിക കാര്യ മന്ത്രാലയമാണ് ദ്വിദിന ഇസ്ലാമിക് ഉച്ചകോടി സംഘടിപ്പിക്കുന്നത്. മുഹറം 26, 27 അഥവാ ഓഗസ്റ്റ് 13-14 തീയതികളിൽ മക്കയിൽ വെച്ച് സമ്മേളനം നടത്താൻ സൗദി ഭരണാധികാരി സൽമാൻ രാജാവ് അനുമതി നൽകി. മിതത്വം പ്രോത്സാഹിപ്പിക്കുന്നതിനായി ലോകത്തെ മത, ഇഫ്താകാര്യ വിഭാഗങ്ങൾ തമ്മിലെ ആശയവിനിമയം എന്ന ശീർഷകത്തിലാണ് സമ്മേളനം.
ഇന്ത്യയിൽ നിന്നും വിവിധ മേഖലകളിൽ പ്രമുഖരായ എട്ട് പണ്ഡിതർ സമ്മേളനത്തിൽ പങ്കെടുക്കുമെന്നാണ് അറിയുന്നത്. ആൾ ഇന്ത്യ അഹ്ലെ ഹദീസ് പ്രസിഡന്റ് അസ്ഗർ അലി ഇമാം മഹ്ദി അസ്സലഫി, ജംഇയ്യത്തുൽ ഉലമാ ഹിന്ദ് പ്രസിഡന്റ്
മൗലാനാ അർഷദ് മദനി, കേരള നദ് വത്തുൽ മുജാഹിദീൻ സംസ്ഥാന സെക്രട്ടറി ഡോ.എ ഐ അബ്ദുൽ മജീദ് സ്വലാഹി, ജാമിഅ മുഹമ്മദിയ്യ മുംബൈ ചെയർമാൻ മൗലാനാ അർഷദ് മുഖ്താർ, ജാമിഅ ഇസ്ലാമിയ്യ സനാബിൽ ഡൽഹി ചെയർമാൻ മൗലാന മുഹമ്മദ് റഹ്മാനി, അഹ്ലെ ഹദീസ് പണ്ഡിതൻ ശൈഖ് അബ്ദുലത്തീഫ് കിൻദി ശ്രീനഗർ, ശൈഖ് അബ്ദുസലാം സലഫി മുംബൈ, മൗലാന അസ്അദ് അഹ്സമി ജാമിഅ സലഫിയ്യ ബനാറസ്, എന്നിവരാണ് ഇന്ത്യയിൽ നിന്നും സമ്മേളനത്തിൽ പങ്കെടുക്കുന്ന നേതാക്കൾ.
രണ്ടു ദിവസങ്ങളിലായി നടക്കുന്ന ഏഴ് സെഷനുകളിൽ മിതവാദം, തീവ്രവാദം, ഭീകരത, അപചയം, വിവിധ ജനവിഭാഗങ്ങൾക്കിടയിലെ സഹിഷ്ണുത, സഹവർത്തിത്വം എന്നീ വിഷയങ്ങൾ വിശകലനം ചെയ്യും. ലോകമെമ്പാടുമുള്ള പണ്ഡിതന്മാരും മതവിഭാഗങ്ങളും തമ്മിൽ ബന്ധം സ്ഥാപിക്കാനും മുസ്ലിം ലോകത്ത് ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനും തീവ്രവാദ ആശയങ്ങൾക്കെതിരെ പോരാടുന്നതിനും ലക്ഷ്യം വെച്ചുള്ളതാണ് സമ്മേളനം.