സൗദിയിൽ തൊഴിൽ നിയമലംഘനങ്ങൾക്കുള്ള പിഴ 80 ശതമാനം വരെ കുറക്കുന്നു; ഓരോ നിയമലംഘനങ്ങളുടേയും പുതുക്കിയ പിഴ അറിയാം

സൌദിയിൽ തൊഴിൽ നിയമ ലംഘനങ്ങൾക്കുള്ള പിഴതുകയിൽ വൻ കുറവ് വരുത്തുന്നതായി മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഓരോ സ്ഥാപനത്തിലും ജോലി ചെയ്യുന്ന ജീവനക്കാരുടെ എണ്ണമനുസരിച്ച് എ.ബി.സി എന്നിങ്ങിനെ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് പിഴ തുക നിശ്ചയിച്ചിട്ടുള്ളത്.

50 തൊഴിലാളികളോ അതിൽ കൂടുതലോ ഉള്ള സ്ഥാപനങ്ങൾ എ കാറ്റഗറിയിലാണ് ഉൾപ്പെടുക. ബി വിഭാഗത്തിൽ യിൽ 21 മുതൽ 49 വരെ തൊഴിലാളികളുള്ള സ്ഥാപനങ്ങളും, സി വിഭാഗത്തിൽ 20 തൊഴിലാളികളോ അതിൽ കുറവോ ഉള്ള സ്ഥാപനങ്ങളും ഉൾപ്പെടും. തൊഴിൽ നിയമലംഘനങ്ങൾക്കുള്ള എല്ലാ പിഴകളും സ്ഥാപനത്തിൻ്റെ കാറ്റഗറി അനുസരിച്ച് 60 ശതമാനം മുതൽ 80 ശതമാനം വരെ കുറക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

“ഇസ്തിഖ്‌ല” പ്ലാറ്റ്‌ഫോമിൽ പ്രസിദ്ധീകരിച്ച പിഴ പട്ടികയനുസരിച്ച്, തൊഴിൽ സംരക്ഷണം, സുരക്ഷ, ആരോഗ്യം എന്നിവയുടെ ലംഘനങ്ങൾ നടത്തുന്ന സ്ഥാപന ഉടമക്ക് എ ക്ലാസ് സ്ഥാപങ്ങളുടെ പിഴ 10,000 ൽ നിന്ന് 5,000 ആയും, ബി വിഭാഗത്തിന് 5,000 ൽ നിന്ന് 2,500 ആയും, സി വിഭാഗത്തിന് 2,500 ൽ നിന്ന് 1,500 റിയാലായും കുറച്ചു.

സുരക്ഷാ നിർദേശങ്ങൾ ലംഘിച്ചാലുള്ള പിഴ  എ കാറ്റഗറിക്ക് 5000 ൽ നിന്ന് 1000 ആയും ബി കാറ്റഗറിക്ക് 2000ൽ നിന്ന് 500 ആയും സി കാറ്റഗറിക്ക് 1000ൽ നിന്ന് 300 ആയും കുറച്ചു. ആവശ്യമായ മുൻകരുതലുകൾ എടുക്കാത്ത കുറ്റത്തിന് എല്ലാ വിഭാഗം തൊഴിലാളികൾക്കും പിഴ 3000 ൽ നിന്ന് 1000 റിയാലാക്കി കുറച്ചിട്ടുണ്ട്.

തൊഴിലാളിക്കും കുടുംബാംഗങ്ങൾക്കും മെഡിക്കൽ ഇൻഷുറൻസ് നൽകുന്നതിൽ വീഴ്ച വരുത്തിയാലുള്ള പിഴ എ വിഭാഗത്തിന് 10,000-ൽ നിന്ന് 1000 ആയും ബി വിഭാഗത്തിന് 5,000-ൽ നിന്ന് 500 ആയും, സി. വിഭാഗത്തിന് 3,000-ൽ നിന്ന് 300 ആയും കുറച്ചു. ബാല വേല ചെയ്യിപ്പിക്കുന്ന കുറ്റത്തിന് പിഴ 20,000 ൽ നിന്ന് 2000 റിയാലാക്കിയാണ് കുറച്ചത്. പ്രസവത്തെ തുടർന്ന് ആറ് ആഴ്ചക്കുള്ളിൽ ജോലി  ചെയ്യിപ്പിച്ചാൽ ഉള്ള പിഴ 10,000 റിയാലിൽ നിന്ന് 1000 റിലായാക്കി കുറച്ചു.
സൗദികളായ സ്ത്രീ തൊഴിലാളികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുള്ള ജോലികളിൽ വീഴ്ച വരുത്തുന്ന സ്ഥാനങ്ങൾക്ക് ഉള്ള പിഴ 1000 റിയാലാക്കി കുറച്ചിട്ടുണ്ട്. നേരത്തെ ഇത് എ കാറ്റഗറിക്ക് 10,000 റിയാലും, ബി വിഭാഗത്തിന് 5,000 ഉം, കാറ്റഗറി സിക്ക് 2,500 ഉം ആയിരുന്നു. മന്ത്രാലയത്തിന് തെറ്റായ വിവരങ്ങൾ നൽകുന്ന കുറ്റത്തിന് 20,000 റിയാലിന് പകരം ഇനി 3000 റിയാലാണ് പിഴയടക്കേണ്ടത്.
സൗദികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുള്ള തൊഴിലുകളിലോ പ്രവർത്തനങ്ങളിലോ സൗദി ഇതര തൊഴിലാളികളെ നിയമിക്കുന്നതിനുള്ള ലംഘനങ്ങൾ, മന്ത്രിതല തീരുമാനങ്ങൾ പുറപ്പെടുവിച്ച തൊഴിലുകൾക്കും പ്രവർത്തനങ്ങൾക്കും സ്വദേശിവൽക്കരണ നിരക്കുകൾ പാലിക്കാത്തത്, യഥാർത്ഥ ജോലി ചെയ്യാതെ സ്ഥാപനത്തിലെ തൊഴിലാളികൾക്കിടയിൽ ഒരു സൗദി തൊഴിലാളിയെ തൊഴിലുടമ രജിസ്റ്റർ ചെയ്യുക തുടങ്ങിയ കുറ്റത്തിന് എ വിഭാഗത്തിന് 20,000-ൽ നിന്ന് 8,000 ആയും ബി. വിഭാഗത്തിന് 10,000-ൽ നിന്ന് 4,000-ഉം സി വിഭാഗത്തിന് 5000 ൽ നിന്ന് 2000 ആയും കുറച്ചു.
തൊഴിലാളികളുടെ വേതനവും കുടിശ്ശികയും അവരുടെ അംഗീകൃത ബാങ്ക് അക്കൗണ്ടുകളിൽ വ്യക്തമാക്കിയ നിശ്ചിത തീയതികളിൽ രാജ്യത്തെ ഔദ്യോഗിക കറൻസിയിൽ നൽകാത്തതിനുള്ള പിഴ, എല്ലാ വിഭാഗങ്ങൾക്കും 300 ആയി കുറച്ചു, നേരത്തെ ഇത് എ വിഭാഗത്തിന് 5,000 ഉം, ബി വിഭാഗത്തിന് 3,000 ഉം, സി വിഭാഗത്തിന് 2000 റിയാലുമായിരുന്നു.
തൊഴിൽ നിയമ ലംഘനങ്ങൾക്ക് ചുമത്തുന്ന പിഴകൾ 60 ദിവസത്തിനകം അടക്കൽ നിർബന്ധമാക്കാൻ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന് നീക്കമുണ്ട്. അല്ലെങ്കിൽ നിയമ ലംഘനത്തിന് പിഴ ചുമത്തിയുള്ള അറിയിച്ച് ലഭിച്ച് 60 ദിവസത്തിനകം തൊഴിലുടമകൾ അപ്പീൽ നൽകൽ നിർബന്ധമാണ്. 60 ദിവസത്തിനകം പിഴ അടക്കാത്ത പക്ഷം പിഴ അടക്കുന്നതു വരെയുള്ള കാലത്തേക്ക് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിൽ നിന്നുള്ള സേവനങ്ങൾ നിയമ ലംഘകന് നിർത്തിവെക്കും.
Share
error: Content is protected !!