‘കിട്ടിയത് വെളുത്ത കാറും കറുത്ത പെണ്ണും’: ഭാര്യയെ തടാകത്തിൽ തള്ളിയിട്ടു കൊന്നു, 8 വർഷത്തിനു ശേഷം ഭർത്താവ് അറസ്റ്റിൽ

കൊല്ലം∙ പുനലൂർ വാളക്കോട് ഷാജഹാൻ–നസീറ ദമ്പതികളുടെ മകൾ ഷജീറയുടെ (30) ദൂരൂഹ മരണത്തിൽ ഭർത്താവ് ശാസ്താംകോട്ട തേവലക്കര പാലക്കൽ ബദരിയ മൻസിലിൽ അബ്ദുൽ ഷിഹാബിനെ (41) കൊല്ലം ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്തു. സംഭവം നടന്നു എട്ടു വർഷത്തിനു ശേഷമാണ് അറസ്റ്റ്. തടാകത്തിൽ തള്ളിയിട്ടു കൊന്നുവെന്ന ഷജീറയുടെ മാതാപിതാക്കളുടെ പരാതിയിലാണ് ക്രൈംബ്രാഞ്ച് എസ്പി എൻ. രാജന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിച്ചു പ്രതിയെ പിടികൂടിയത്.  2015 ജൂണിലാണ് ഷജീറ കൊല്ലപ്പെട്ടത്.

2015 ജൂൺ 17ന് രാത്രി ഏഴരയോടെ ശാസ്താംകോട്ട കല്ലുംമൂട്ടിൽ കടവ് ബോട്ട് ജെട്ടിയിൽ നിന്നും വെള്ളത്തിൽ വീണ നിലയിൽ അബോധാവസ്ഥയിൽ ഷജീറയെ കണ്ടെത്തുകയായിരുന്നു. തുടർന്ന് ശാസ്താംകോട്ട പത്മാവതി ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്നു ദിവസത്തിനു ശേഷം മരിച്ചു. മരിക്കുന്നതു വരെ ഷജീറ അബോധാവസ്ഥയിൽ ആയിരുന്നു. ശാസ്താംകോട്ട പൊലീസ് റജിസ്റ്റർ ചെയ്ത കേസ് ഷജീറയുടെ ബന്ധുക്കളുടെ പരാതിയിൽ കൊല്ലം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.

വിവാഹം കഴിഞ്ഞ് 7 മാസത്തിനകമാണ് ഷജീറ മരിക്കുന്നത്. അബ്ദുൽ ഷിഹാബ് ഷജീറയെ ഇഷ്ടമല്ലെന്ന് പറയുകയും വെളുത്ത കാറും കറുത്ത പെണ്ണുമാണ് തനിക്കു കിട്ടിയതെന്നു പറഞ്ഞു മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. പ്രതിയുടേത് രണ്ടാം വിവാഹമായിരുന്നു. ആദ്യ ഭാര്യ, അബ്ദുൽ ഷിഹാബിന്റെ പ്രവൃത്തികൾ മൂലം ബന്ധം വേർപ്പെടുത്തുകയായിരുന്നെന്നാണ് വിവരം.

ഷജീറയ്ക്ക് ഫോൺ ചെയ്യാനുള്ള സ്വാതന്ത്ര്യം പോലും ഇല്ലായിരുന്നു. സംഭവ ദിവസം, വീടിനടുത്ത് കരിമീൻ കിട്ടുന്ന സ്ഥലങ്ങൾ ഉണ്ടായിരിക്കെ കരിമീൻ വാങ്ങാനെന്ന പേരിൽ ആറു കിലോമീറ്റർ അകലെ മൺട്രോതുരുത്തിനടുത്ത് പെരിങ്ങാലത്തേക്ക് വൈകുന്നേരം മൂന്നരയോടെ ഷജീറയേയും കൂട്ടി ബൈക്കിൽ പോകുകയും അവിടെ നിന്നും കരിമീൻ കിട്ടാതെ തിരികെ ആറരയോടെ ജങ്കാറിൽ കല്ലുംമൂട്ടിൽ കടവിൽ തിരികെ എത്തുകയും ചെയ്തു. തുടർന്ന് തനിക്ക് തലവേദനയാണെന്ന് പറഞ്ഞ് അയാൾ ഭാര്യയുമായി  രാത്രി ഏഴര വരെ വെളിച്ചക്കുറവുള്ള കടവിൽ നിൽക്കുകയും ചെയ്തു.

തുടർന്ന് ഷജീറയെ ബോട്ടുജെട്ടിയിലേക്ക് നടത്തിച്ച് വെള്ളത്തിൽ തള്ളിയിടുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ശബ്ദം കേട്ട് ആളുകൾ ഓടിക്കൂടിയപ്പോൾ രക്ഷാപ്രവർത്തനത്തിൽ സഹകരിക്കാതെ ഫോൺ ചെയ്തു നിൽക്കുകയായിരുന്നു ഷിഹാബെന്നും പൊലീസ് പറയുന്നു. ഷിഹാബിന്റെ പ്രവൃത്തികളിൽ അന്നു മുതൽ തന്നെ പൊലീസിന് സംശയമുണ്ടായിരുന്നു. എന്നാൽ ദൃക്സാക്ഷികളും നേരിട്ടുള്ള തെളിവുകളും ഇല്ലാത്തത് അന്വേഷണം വൈകിച്ചു. തുടർന്ന് സാഹചര്യ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share

One thought on “‘കിട്ടിയത് വെളുത്ത കാറും കറുത്ത പെണ്ണും’: ഭാര്യയെ തടാകത്തിൽ തള്ളിയിട്ടു കൊന്നു, 8 വർഷത്തിനു ശേഷം ഭർത്താവ് അറസ്റ്റിൽ

Comments are closed.

error: Content is protected !!