മെഡിക്കൽ കോളേജിൽ നിന്ന് വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: ഇരയായ ഹർഷീന ഉൾപ്പെടെ 12 പേർ അറസ്റ്റിൽ

കോഴിക്കോട്: ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ മെഡിക്കൽ ബോർഡ് റിപ്പോർട്ടിനെതിരായ പ്രതിഷേധത്തിൽ ഇരയായ ഹർഷീന അടക്കം 12പേർ അറസ്റ്റിൽ. ഹർഷീന, ഭർത്താവ് അഷറഫ്, സമരസമിതി നേതാവ് എന്നിവരടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസിൽ മെഡിക്കൽ കോളേജിന് പിശക് സംഭവിച്ചതായി പൊലീസ് റിപ്പോർട്ട് നൽകിയിരുന്നു. മെഡിക്കൽ കോളജിൽ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് പന്തീരാങ്കാവ് സ്വദേശി കെ.കെ.ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയതെന്നായിരുന്നു പൊലീസ് റിപ്പോർട്ട്. എന്നാൽ ഈ റിപ്പോർട്ട് ജില്ലാ തല മെഡിക്കൽ ബോർഡ് തള്ളി.

2017 നവംബർ 30ന് കോഴിക്കോട് മെഡിക്കൽ കോളജിൽ നടന്ന മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് ഹർഷിനയുടെ വയറ്റിൽ ആർട്ടറിഫോർസെപ്സ് കുടുങ്ങിയതെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. 2017 ജനുവരി 27ന് തലവേദനയെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ എംആർഐ സ്കാനിങ് റിപ്പോർട്ടിൽ ശരീരത്തിൽ ലോഹ വസ്തു കണ്ടെത്തിയിരുന്നില്ല. ഈ നിഗമനത്തിലാണ് അതേ വർഷം നവംബർ 30 ന് മെഡിക്കൽ കോളേജിൽ നടന്ന ശസ്ത്രക്രിയയിലൂടെയാണ് കത്രിക ശരീരത്തിനകത്ത് കുടുങ്ങിയതെന്ന് പൊലീസ് റിപ്പോർട്ട് നൽകാൻ കാരണം. അന്നത്തെ സ്കാനിങ് പരിശോധനയിൽ കണ്ടെത്താതിരുന്ന ലോഹവസ്തുവാണ് 5 വർഷത്തിനുശേഷം ഹർഷിനയുടെ വയറ്റിൽനിന്ന് കണ്ടെത്തിയത്.

എന്നാൽ ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് മെഡിക്കൽ കോളജിൽനിന്നാണെന്ന് എംആർഐ റിപ്പോർട്ട് പ്രകാരം മാത്രം തീരുമാനിക്കാൻ പറ്റില്ലെന്ന നിലപാടാണ് മെഡിക്കൽ ബോർഡിലെ ഭൂരിഭാഗം ഡോക്ടർമാരും സ്വീകരിച്ചത്. ബോർഡ് അംഗമായ റേഡിയോളജിസ്റ്റിന്റെ ഈ നിലപാടിനെ മറ്റുള്ളവരും അനുകൂലിക്കുകയായിരുന്നു.

വയറ്റിൽ കത്രിക കുടുങ്ങിയ കേസിൽ പൊലീസ് റിപ്പോർട്ട് തള്ളിയ മെഡിക്കൽ ബോർഡിന്റെ നടപടി കുറ്റക്കാരെ സംരക്ഷിക്കാനുള്ള നീക്കമാണെന്ന് ഹർഷിന ആരോപിച്ചു. ആടിനെ പട്ടിയാക്കുന്ന നടപടിയാണിത്. യാഥാർഥ്യം തെളിയിക്കും വരെ സമരം തുടരുമെന്നും ഹർഷിന പറഞ്ഞിരുന്നു. ഈ പ്രതിഷേധ സമരത്തിനിടെയാണ് ഹർഷീനയെ അറസ്റ്റ് ചെയ്തത്.

’12 സെന്റീമീറ്റർ നീളമുള്ള കത്രിക വയറ്റിൽ കിടന്നാൽ എത്രത്തോളം വേദനയുണ്ടാകുമെന്ന് മനസിലാകാത്തവർ ഉണ്ടെങ്കിൽ അതൊന്ന് വയറ്റിൽ എടുത്തുവെച്ചു നോക്കുക. ആ വേദന മുഴുവൻ അനുഭവിച്ചത് ഞാനാണ്. വയറ്റിൽ നിന്ന് കത്രിക എടുത്തു എന്ന് ഇവരൊക്കെ സമ്മതിക്കുന്നുണ്ട്. അത് ഞാൻ പറഞ്ഞുണ്ടാക്കിയതല്ല..ആരോഗ്യവകുപ്പ് ആദ്യം മുതലേ പറഞ്ഞുകൊണ്ടിരിക്കുന്നത് വീണ്ടും ആവർത്തിക്കുകയാണ്’. ഹർഷിന പറഞ്ഞു.

‘പൊലീസ് അത്രയും സത്യസന്ധമായി അന്വേഷിച്ച് പുറത്ത് വിട്ട റിപ്പോർട്ട് പാടെ നിഷേധിക്കുന്നവരുടെ മാനസികാവസ്ഥ എന്താണെന്ന് മനസിലാകുന്നില്ല. ഇവരും മനുഷ്യന്മാരാണല്ലോ, എ.ഐയോ റോബർട്ടോ ഒന്നും അല്ലാലോ…മജ്ജയും മാംസവും ഉള്ളവരാണ് ഈ റിപ്പോർട്ടൊക്കെ തള്ളി വീട്ടിൽ പോയി കിടന്നുറങ്ങുന്നത്. അതത്രയും നിസാരമാക്കി ബോർഡ് തള്ളി. യാഥാർഥ്യം തെളിയിക്കാൻ ഏതറ്റം വരെയും പോകും. സമരം ശക്തമായി തുടരുകയും ചെയ്യും. ഡോക്ടർമാർക്ക് യാഥാർഥ്യം അറിയാത്തതല്ല’. കുറ്റക്കാരെ സംരക്ഷിക്കാനുള്ള നടപടിയാണ് ഇതെന്നും ഹർഷിന പറഞ്ഞു.

എം.ആർ.ഐ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കത്രിക കുടുങ്ങിയത് മെഡിക്കൽകോളജിൽ നിന്നാണെന്ന് പറയാനാകില്ലെന്നായിരുന്നു മെഡിക്കല്‍ ബോര്‍ഡിന്റ നിലപാട്. ഏത് ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയ്ക്കിടയിലാണ് കത്രിക കുടുങ്ങിയതെന്ന് കമ്മിറ്റിക്ക് മുന്നിൽ ലഭ്യമായ തെളിവുകൾ വെച്ച് പറയാൻ സാധിക്കില്ലെന്നും മെഡിക്കൽ ബോർഡ് വിലയിരുത്തി. അന്വേഷണ ഉദ്യോഗസ്ഥൻ എസിപി സുദർശനും പബ്ലിക് പ്രോസിക്യൂട്ടർ എ.ജയദീപും മെഡിക്കൽ ബോർഡിന്റെ വാദങ്ങളോട് എതിർത്തു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 

അറസ്റ്റിന് ശേഷമുള്ള ഹർഷീനയുടെ പ്രതികരണം വായിക്കാം…

 

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: ‘ആരോഗ്യമന്ത്രിയെ വിശ്വസിച്ചത് തെറ്റ്; അവർ നേരിട്ടെത്താതെ വീട്ടിൽ പോകില്ല’, അറസ്റ്റിനെ തുടർന്ന് നിലപാട് കടുപ്പിച്ച് ഹർഷിന

 

Share
error: Content is protected !!