അവസാന മിനിറ്റിൽ മാറ്റം: അവിശ്വാസ പ്രമേയത്തിൽ രാഹുലിൻ്റെ പ്രസംഗം നാളെ മോദിക്കു മുന്നിൽ
മണിപ്പുർ കലാപവുമായി ബന്ധപ്പെട്ട അവിശ്വാസപ്രമേയ ചർച്ചയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസംഗം നാളെ. പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ മറുപടി പ്രസംഗം നടത്താനിരിക്കെയാണ്, രാഹുലിന്റെ പ്രസംഗം നാളത്തേക്കു മാറ്റിയത്. അവിശ്വാസ പ്രമേയ ചർച്ചയുടെ രണ്ടാം ദിനമായ ഇന്ന്്, കോൺഗ്രസിന്റെ ഭാഗത്തുനിന്നും രാഹുൽ ചർച്ചയ്ക്കു തുടക്കമിടുമെന്നാണ് കോൺഗ്രസ് സഭാകക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി അറിയിച്ചിരുന്നത്. ഈ തീരുമാനമാണ് അവസാന നിമിഷം മാറ്റിയത്. ഇതോടെ, രാഹുലിന്റെ പ്രസംഗം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നിലായിരിക്കുമെന്ന് ഉറപ്പായി.
അസമിൽ നിന്നുള്ള കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയ് അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിൽ രാഹുൽ ഗാന്ധി ഇന്നലെ സംസാരിക്കാതിരുന്നതിനെ ഭരണപക്ഷം ചോദ്യം ചെയ്തിരുന്നു. ഇതിനിടെയാണ്, ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് രാഹുൽ പ്രസംഗിക്കുമെന്ന് അധീർ രഞ്ജൻ ചൗധരി അറിയിച്ചത്. രാഹുൽ ഗാന്ധിയെയും കുടുംബത്തെയും അപമാനിക്കുക മാത്രമാണ് ബിജെപിയുടെ ജോലിയെന്നും ചൗധരി പരിഹസിച്ചിരുന്നു.
‘‘അവർക്ക് ഒറ്റ ജോലി മാത്രമേ ഉള്ളൂ. അതല്ലാതെ രാജ്യത്തെക്കുറിച്ചോ സമൂഹത്തേക്കുറിച്ചോ മണിപ്പുരിനെക്കുറിച്ചോ ആലോചിക്കാൻ അവർക്കു നേരമില്ല. രാഹുൽ ഗാന്ധിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും അപമാനിക്കുക. അതാണ് അവരുടെ പ്രധാന ദൗത്യം. അവർക്ക് വേറൊന്നും അറിയില്ല എന്നതാണ് വാസ്തവം. എന്തുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ സർക്കാരും മന്ത്രിസഭയിലെ സഹപ്രവർത്തകരും രാഹുൽ ഗാന്ധിയെ ഇത്രയധികം ഭയപ്പെടുന്നത്. എനിക്കതിൽ വലിയ അദ്ഭുതം തോന്നുന്നു’ – അധീർ രഞ്ജൻ ചൗധരി പറഞ്ഞു.
നേരത്തെ, രാഹുൽ സംസാരിക്കാത്തതുമായി ബന്ധപ്പെട്ട് ഭരണപക്ഷം ചോദ്യം ഉന്നയിച്ചിരുന്നു. ‘രാഹുൽ ഗാന്ധി സംസാരിക്കുമെന്ന് സ്പീക്കർക്ക് എഴുതിക്കൊടുത്തിട്ട് ആളെ മാറ്റിയതെന്താണ്?’ – ഗൗരവ് ഗൊഗോയ് ചർച്ച തുടങ്ങിയപ്പോൾ പാർലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി ഉന്നയിച്ച ഈ ചോദ്യമാണ് ബഹളത്തിന് ഇടയാക്കിയത്. രാഹുലും സോണിയ ഗാന്ധിയും സഭയിലുണ്ടായിരുന്നു. ഇന്നോ നാളെയോ മോദി സഭയിലുള്ളപ്പോൾ സംസാരിക്കാനാണ് രാഹുൽ താൽപര്യപ്പെടുന്നതെന്നായിരുന്നു കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചത്.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക