മകളെ ശല്യം ചെയ്യുന്നത് വിലക്കി; ജനലിലൂടെ പാമ്പിനെ ഇട്ട് പിതാവിനെ കൊല്ലാൻ ശ്രമം, പ്രതി പിടിയിൽ

തിരുവനന്തപുരം: മുന്‍വൈരാഗ്യത്തിന്റെ പേരില്‍ വീട്ടിനുള്ളിലേക്ക് പാമ്പിനെ കടത്തിവിട്ട് പിതാവിനെ കൊലപ്പെടുത്താന്‍ ശ്രമം. കാട്ടാക്കടയിലാണ് സംഭവം. സംഭവത്തില്‍ ഗൃഹനാഥന്റെ പരാതിയില്‍ അമ്പലത്തിന്‍കാല സ്വദേശി ഗുണ്ടുറാവു എന്നറിയപ്പെടുന്ന കിച്ചുവിനെ കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്തു. മകളെ ശല്യം ചെയ്തത് വിലക്കിയതുമായി ബന്ധപ്പെട്ട വൈരാഗ്യത്തിലാണ് പാമ്പിനെ വീട്ടിനുള്ളിലേക്ക് എറിഞ്ഞതെന്ന് കിച്ചു പോലീസിനോട് പറഞ്ഞു.

ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. വിഷപ്പാമ്പിനെ വീട്ടിലേക്ക് വലിച്ചെറിഞ്ഞ് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് വീട്ടുകാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്നാണ് കേസ്. ഗൃഹനാഥന്റെ മകളെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട് കിച്ചുവുമായി തര്‍ക്കങ്ങളുണ്ടായിരുന്നു. പരാതിയില്‍ മേലില്‍ പെണ്‍കുട്ടിയെ ശല്യംചെയ്യരുതെന്ന് മുന്നറിയിപ്പ് നല്‍കി കിച്ചുവിനെ വിട്ടയച്ചിരുന്നു.

ഇതിലുള്ള വൈരാഗ്യമാണ് പാമ്പിനെ എറിയാന്‍ കാരണമായതെന്ന് പോലീസ് പറയുന്നു. വീടിന്റെ ജനലിനുള്ളിലൂടെ പാമ്പിനെയെറിഞ്ഞു, കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് കാണിച്ച് കുടുംബം പരാതി നല്‍കിയപ്പോള്‍ ആദ്യഘട്ടത്തില്‍ വിശ്വസിക്കാന്‍ പോലീസ് തയ്യാറായിരുന്നില്ല. എന്നാല്‍, പിന്നീട് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തില്‍ വസ്തുതയുണ്ടെന്ന് ബോധ്യപ്പെട്ടത്.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!