‘ചുട്ടുപൊള്ളും’; താപനില 50 ഡിഗ്രി സെല്‍ഷ്യസായി ഉയരും, മുന്നറിയിപ്പുമായി കാലാവസ്ഥ കേന്ദ്രം
സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളില്‍ താപനില വരും ദിവസങ്ങളില്‍ ഉയരും. താപനില 50 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഈ ആഴ്ച അവസാനം വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 46-മുതല്‍ 50 ഡിഗ്രി സെല്‍ഷ്യസായി താപനില ഉയരുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
കിഴക്കന്‍ പ്രവിശ്യയില്‍ 48 മുതല്‍ 50 ഡിഗ്രി സെല്‍ഷ്യസായി താപനില ഉയരുമെന്നാണ് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി സെന്റര്‍ മുന്നറിയിപ്പ് നല്‍കിയത്. റിയാദിന്റെ കിഴക്ക്, തെക്ക് പ്രദേശങ്ങളില്‍ 46 മുതല്‍ 48 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരും. ജുബൈല്‍, അല്‍ ഖോബാര്‍, ദമ്മാം, ഖതീഫ്, അബ്‌ഖൈഖ്, റാസ് തനൂറ എന്നിവിടങ്ങളില്‍ ശനിയാഴ്ച അധികൃതര്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.
രാവിലെ 11 മണി മുതല്‍ വൈകിട്ട് അഞ്ച് വരെ നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്നത് സൂര്യാഘാതത്തിനും ഇതര ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകും. റിയാദ്, അല്‍ഖസീം, മദീന എന്നീ മേഖലകളില്‍ ഈയാഴ്ച താപനില 45നും 48നും ഇടയില്‍ തുടരും. മദീന, റാബിഖ്, മക്ക എന്നീ പ്രദേശങ്ങളില്‍ ചൂടിനൊപ്പം പൊടിപടലങ്ങളുള്ള കാറ്റ് വീശുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേ സമയം അസീർ മേഖലയിൽ മഴയും ആലിപ്പഴ വർഷവും കാറ്റും വരും ദിവസങ്ങളിലും തുടരുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക