വെളുത്ത അമ്മയ്‍ക്ക് കറുത്ത കുട്ടി, യുവതിയേയും മകളേയും എയർപോർട്ടിൽ തടഞ്ഞ് പൊലീസ്
വെളുത്ത മാതാപിതാക്കളോടൊപ്പം കറുത്ത കുട്ടികളെ കണ്ടാലോ കറുത്ത മാതാപിതാക്കളോടൊപ്പം വെളുത്ത കുട്ടികളെ കണ്ടാലോ സംശയിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്ന അനേകം പേർ ഇന്നുണ്ട്. അത്തരം ഒരു സംഭവം ഒരു എയർപോർട്ടിലും ഉണ്ടായി.
സൗത്ത് വെസ്റ്റ് എയർലൈൻസിന് എതിരെയാണ് വെള്ളക്കാരിയായ ഒരു യുവതി തനിക്കും മകൾക്കുമുണ്ടായ ബുദ്ധിമുട്ടുകൾ കാണിച്ച് പരാതി നൽകിയിരിക്കുന്നത്. വെള്ളക്കാരിയായ തന്റെ മിശ്രവംശജയായ മകളെ കണ്ട് പൊലീസ് തെറ്റിദ്ധരിക്കുകയായിരുന്നു. താൻ മനുഷ്യക്കടത്ത് നടത്തുന്നു എന്നാണ് ആരോപിച്ചത് എന്നാണ് യുവതിയുടെ പരാതി. ഇത് എയർലൈൻസിന്റെ വംശീയതയെയാണ് വെളിപ്പെടുത്തുന്നത് എന്നും യുവതി ആരോപിച്ചു.
മേരി മക്കാർത്തിയും മകൾ 10 വയസുകാരിയായ മൊയ്‌റയും അവളുടെ സഹോദരന്റെ പെട്ടെന്നുള്ള മരണത്തെത്തുടർന്ന് സംസ്കാര ചടങ്ങിൽ പങ്കെടുക്കാനായി പോവുകയായിരുന്നു. 2021 ഒക്ടോബർ 22-നായിരുന്നു സംഭവം. മേരി കുട്ടിയെ കടത്തുകയാണെന്ന് സംശയിച്ച് പൊലീസിനെ വിളിച്ചത് സൗത്ത് വെസ്റ്റിലെ ഒരു ജീവനക്കാരനായിരുന്നു. വ്യാഴാഴ്ച കൊളറാഡോയിൽ ഫയൽ ചെയ്ത ഒരു കേസിൽ, സാൻ ജോസിൽ നിന്ന് ഡെൻവറിലേക്കുള്ള വിമാനത്തിലെ ഫ്ലൈറ്റ് അറ്റൻഡന്റ് തന്നെയും മകൾ മൊയ്‌റയെയും വംശീയമായിട്ടാണ് സമീപിച്ചത് എന്ന് മേരി മക്കാർത്തി ആരോപിച്ചു.
വിമാനത്തിലായിരിക്കെ തന്നെ വിമാനത്തിലെ ഒരു ജീവനക്കാരൻ പൊലീസിനെ വിളിക്കുകയും മനുഷ്യക്കടത്ത് സംശയിക്കുന്നതായി പൊലീസിനെ അറിയിക്കുകയും ചെയ്തു. ഡെൻവർ ഇന്റർനാഷണൽ എയർപോർട്ടിൽ വച്ച് രണ്ട് പൊലീസുകാരും എയർപോർട്ട് ജീവനക്കാരും ചേർന്ന് അവളെയും കുട്ടിയേയും തടയുകയായിരുന്നു. അതിന് പ്രത്യേകിച്ച് ഒരു കാരണവും ഇല്ലായെന്നും തന്റെയും മകളുടെയും നിറം വ്യത്യസ്തമായതിനാൽ മാത്രമാണ് ഇത് സംഭവിച്ചത് എന്നും മേരി ആരോപിച്ചു.
ഈ സംഭവത്തോടെ അമ്മയും മകളും മാനസികമായി വളരെ മോശം അവസ്ഥയിൽ എത്തിച്ചേർന്നു എന്നും പറയുന്നു. അതിനുശേഷം പുറത്തിറങ്ങുമ്പോൾ എപ്പോഴും താനും മകളും വളരെ ജാഗ്രതയോടെയാണ് ഇരിക്കാറ്. തനിക്കും മകൾക്കുമുണ്ടായ വൈകാരികവും അല്ലാതെയുമായ ബുദ്ധിമുട്ടുകൾക്ക് നഷ്ടപരിഹാരം തന്നേ തീരൂ എന്നും അവർ പറഞ്ഞു.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക