ബാങ്കുവിളി പരാമര്‍ശത്തിൽ തിരുത്തുമായി മന്ത്രി; ‘ലഭിച്ച വിവരം തെറ്റായിപ്പോയി, തെറ്റിദ്ധാരണ നീക്കണം’

തിരുവനന്തപുരം: സൗദി അറേബ്യയില്‍ പോയപ്പോള്‍ ബാങ്കുവിളി കേട്ടില്ലെന്നും അത് അദ്ഭുതപ്പെടുത്തിയെന്നും, അവിടെ ബാങ്ക് വിളി പുറത്ത് കേട്ടാൽ വിവരമറിയുമെന്നുമുള്ള വിവാദ പരാമര്‍ശത്തില്‍ തിരുത്തുമായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ബാങ്ക് വിളി കേട്ടില്ല എന്ന പരാമര്‍ശം തനിക്കു ലഭിച്ച തെറ്റായ വിവരത്തില്‍നിന്ന് സംഭവിച്ചതാണെന്ന് സജി ചെറിയാന്‍ വ്യക്തമാക്കി. തന്റെ ഉദ്ദേശ്യശുദ്ധിയെ മനസ്സിലാക്കാതെയാണ് വാര്‍ത്ത പ്രചരിപ്പിച്ചതെന്നും സജി ചെറിയാന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സൗദിയിലെ മതാനുഷ്ഠാനങ്ങളെ സംബന്ധിച്ചും ഇതര നാട്ടുകാരോട് അവര്‍ കാണിക്കുന്ന സ്‌നേഹത്തെക്കുറിച്ചും സഹയാത്രികന്‍ പറഞ്ഞതാണ് പരാമര്‍ശിച്ചത്. മതസൗഹാര്‍ദത്തിന്റെ മികച്ച മാതൃക സൗദിയില്‍ കാണാനായി. ഗള്‍ഫ് രാജ്യങ്ങളിലേക്ക് തൊഴിലിനായി പോയ മലയാളികള്‍ കേരളത്തിന്റെ മുഖച്ഛായ മാറ്റുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതിനെ സംബന്ധിച്ചും സംസാരിച്ചതായും സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു.

താന്‍ പോയപ്പോള്‍ സൗദിയില്‍ ഒരിടത്തും ബാങ്കുവിളി കേട്ടില്ലെന്നും കൂടെവന്ന ആളോട് ചോദിച്ചപ്പോള്‍ പുറത്തു ശബ്ദം കേട്ടാല്‍ വിവരമറിയുമെന്നുമാണ് സജി ചെറിയാന്‍ പറഞ്ഞിരുന്നത്.

 

ഫെയ്‌സ്ബുക്ക് കുറിപ്പ്:

ഇന്നലെ ഞാന്‍ നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ എന്റെ ഉദ്ദേശശുദ്ധിയെ മനസിലാക്കാതെയാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. സൗദി അറേബ്യയില്‍ സന്ദര്‍ശനം നടത്തിയ അവസരത്തില്‍ മതാനുഷ്ഠാനങ്ങള്‍, പ്രഭാഷണങ്ങള്‍ എന്നിവ നടത്തുന്നത് സംബന്ധിച്ചും അവിടെ പാലിക്കുന്ന മിതത്വത്തെ സംബന്ധിച്ചും മറ്റ് മതസ്ഥരോടും അന്യനാട്ടുകാരോടും അവര്‍ കാണിക്കുന്ന സ്‌നേഹവും ബഹുമാനത്തെപ്പറ്റിയും സഹയാത്രികന്‍ പറഞ്ഞതാണ് ഞാന്‍ പരാമര്‍ശിച്ചത്. മതസൗഹാര്‍ദത്തിന്റെ മികച്ച മാതൃക എനിക്കവിടെ കാണാനായി. ഗള്‍ഫ് രാജ്യങ്ങളിലേക്ക് തൊഴിലിനായി പോയ മലയാളികള്‍ കേരളത്തിന്റെ മുഖച്ഛായ മാറ്റുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചതിനെ സംബന്ധിച്ചും ഞാന്‍ പറഞ്ഞു. ബാങ്ക് വിളി കേട്ടില്ല എന്ന എന്റെ പരാമര്‍ശം എനിക്ക് ലഭിച്ച തെറ്റായ വിവരത്തില്‍ നിന്നും സംഭവിച്ചതാണ്. മാന്യ സഹോദരങ്ങള്‍ ഇതു മനസിലാക്കി തെറ്റിദ്ധാരണ മാറ്റണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

 

മന്ത്രി നേരത്തെ പറഞ്ഞിരുന്നത് ഇങ്ങിനെ:

സൗദി അറേബ്യയിൽ ചെന്നപ്പോൾ ഞാൻ വിചാരിച്ചു ഭയങ്കര തീവ്രവാദികളായ ആളുകളായിരിക്കും ഇവിടെ താമസിക്കുന്നത്. കാരണം ഭയങ്കര എക്‌സ്ട്രിമിസ്റ്റുകളായ ആളുകൾ. പക്ഷേ ഒരിടത്തുപോയപ്പോഴും ബാങ്കുവിളി കേട്ടില്ല. കൂടെ വന്ന ആളോട് ഇതിനെപ്പറ്റി ചോദിച്ചു. കുഴപ്പമില്ല, പക്ഷേ പുറത്തുകേട്ടാൽ വിവരമറിയുമെന്നാണ് അയാൾ പറഞ്ഞത്. ബാങ്കുവിളിക്കാൻ അവർക്ക് അവകാശമുണ്ട്. പക്ഷേ പുറത്തുകേൾക്കുന്നത് പബ്ലിക് ന്യൂയിസൻസ് ആണ്. അത് പാടില്ല.

അവിടെ ക്രിസ്ത്യൻ ചർച്ചുകളുണ്ട്. നൂറുകണക്കിന് പള്ളികളുണ്ട്. വളരെ സ്വാതന്ത്ര്യത്തിലാണ് അവിടെ പ്രാർഥിക്കുന്നത്. പക്ഷേ ഒരു പള്ളിയിലും മൈക്കില്ല. അവിടെ ഭൂരിപക്ഷ സമൂഹം ആരെയും ആക്രമിക്കുന്നില്ല. സപ്പോർട്ടീവായാണ് അവർ ആളുകളെ കാണുന്നത്. ഹിന്ദു, ക്രിസ്ത്യൻ സമൂഹം എത്ര സ്വാതന്ത്ര്യത്തോടെയാണ് അവർ ജീവിക്കുന്നത്. എത്ര ഡെമോക്രാറ്റിക്കായ സിറ്റ്വേഷനാണ് അവർക്കുള്ളത്. കണ്ടുപഠിക്കണ്ടേ? മലയാളികൾ ജീവിക്കുന്ന എല്ലാ സ്ഥലത്തും ആളുകൾ സഹവർത്തിത്വത്തോടെയാണ് ജീവിക്കുന്നത്. ഇത് ലോകത്തെ പഠിപ്പിച്ചത് ഇന്ത്യയാണ്. എന്നാൽ അത് ഘട്ടം ഘട്ടമായി ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!