സൗദിയിലേക്ക് ഒരു മിനുട്ടിനുള്ളിൽ സന്ദർശക വിസ; പുതിയതായി എട്ട് രാജ്യങ്ങൾക്ക് കൂടി അനുവദിച്ച് തുടങ്ങി
സൗദിയിലേക്ക് ഒരു മിനുട്ടിനുള്ളിൽ ഇലക്ട്രോണിക് സന്ദർശക വിസ അനുവദിക്കുമെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചു. പുതിയതായി 8 രാജ്യങ്ങളിലേക്ക് കൂടി ഇലക്ട്രോണിക് വിസിറ്റ് വിസകൾ അനുവദിച്ചതായും മന്ത്രാലയം കൂട്ടിച്ചേർത്തു.
അസർബൈജാൻ, അൽബേനിയ, ഉസ്ബെക്കിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ജോർജിയ, താജിക്കിസ്ഥാൻ, കിർഗിസ്ഥാൻ, മാലിദ്വീപ് എന്നീ രാജ്യങ്ങളിലുള്ളവർക്കാണ് പുതിയതായി ഇലക്ട്രോണിക് വിസിറ്റ് വിസ അനുവദിച്ച് തുടങ്ങിയത്. ഇതോടെ ഇലക്ട്രോണിക് വിസിറ്റ് വിസ അനുവദിക്കുന്നത രാജ്യങ്ങളുടെ എണ്ണം 57 ആയി ഉയർന്നു. ആഭ്യന്തര മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ഹജ്ജ് മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയാണ് ടൂറിസം മന്ത്രാലയത്തിന്റെ പ്രഖ്യാപനം.
വിസിറ്റ് വിസയിലെത്തുന്നവർക്ക് രാജ്യത്തെ ഏത് വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്യാനും, ഉംറ നിർവ്വഹിക്കാനും മദീന സന്ദർശനത്തിനും അനുമതിയുണ്ട്. കൂടാതെ രാജ്യത്തെവിടെയും സഞ്ചരിക്കാനും വിനോദ കലാ കായിക പരിപാടികൾ പങ്കെടുക്കുകയും ചെയ്യാം.
വിഷൻ 2030 ൻ്റെ ഭാഗമായി നടപ്പിലാക്കുന്ന വിനോദ സഞ്ചാര പദ്ധതികളുടെ ഭാഗമായാണ് കൂടുതൽ രാജ്യങ്ങൾക്ക് വിസ അനുവദിക്കുവാനുള്ള തീരുമാനം. ഇതിലൂടെ രാജ്യത്തിൻ്റെ ജിഡിപിയിലേക്കുള്ള സംഭാവന 3 ശതമാനത്തിൽ നിന്ന് 10 ശതമാനമാക്കി ഉയർത്താനാകുമെന്നാണ് പ്രതീക്ഷ. കൂടാതെ ഒരു ദശലക്ഷം അധിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ലക്ഷ്യമാണ്. 100 ദശലക്ഷം വിനോദ സഞ്ചാരികളെയാണ് സൌദി പ്രതീക്ഷിക്കുന്നത്.
സഞ്ചാരികളെ രാജ്യത്തേക്ക് ആകർഷിക്കുന്നതിനായി 2019 സെപ്റ്റംബർ 27-നാണ് പുതിയ വിസിറ്റ് വിസ ആരംഭിച്ചത്. രാജ്യത്തെ രാജ്യത്തെത്തുന്ന വിനോദസഞ്ചാരികൾ നിയമം അനുശാസിക്കുന്ന നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും പാലിക്കണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.
ജിസിസി രാജ്യങ്ങളിലെ എല്ലാ വിദേശികൾക്കും സ്വദേശികൾക്കും വിസ ലഭിക്കുന്നതിന് കഴിഞ്ഞ മാർച്ചിൽ മന്ത്രാലയം അംഗീകാരം നൽകിയിരുന്നു. ഇത് ഉപയോഗപ്പെടുത്തി ഗൾഫ് രാജ്യങ്ങളിലെ മലയാളികളടക്കമുള്ള വിദേശികൾ സൌദിയിലേക്ക് വന്നു തുടങ്ങിയിരുന്നു. ടൂറിസം മേഖലയുടെ വികസനത്തിനും വിപുലീകരണത്തിനും ഒപ്പം അധിക രാജ്യങ്ങളെയും പ്രദേശങ്ങളെയും ഉൾപ്പെടുത്തി ഇലക്ട്രോണിക് വിസിറ്റ് വിസ സംവിധാനം വിപുലീകരിക്കാനും മന്ത്രാലയം ഉദ്ദേശിക്കുന്നു.
സൗദി സ്പിരിറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് “visitsaudi.com” വഴി വിനോദസഞ്ചാര കേന്ദ്രങ്ങൾ, പ്രചോദനാത്മകമായ അനുഭവങ്ങൾ, ചരിത്ര സൈറ്റുകൾ, സാംസ്കാരിക, ഗുണപരവും അന്തർദേശീയവുമായ ഇവന്റുകൾ എന്നിവയെക്കുറിച്ചുള്ള ധാരാളം വിവരങ്ങൾ സന്ദർശകന് കാണാൻ കഴിയും, ഇത് യാത്രക്കാരെ ഒന്നിലധികം ഓപ്ഷനുകൾ നാവിഗേറ്റ് ചെയ്യാൻ പ്രാപ്തരാക്കുന്നതോടൊപ്പം ടൂറിസം അനുഭവം സമ്പന്നമാക്കുകയും ചെയ്യുന്നു.
2022-ൽ രാജ്യത്തിന് 93.5 ദശലക്ഷം സന്ദർശകരാണ് സൌദിയിലെത്തിയത്.
അടുത്തിടെ, ജിസിസി, യൂറോപ്യൻ യൂണിയൻ, യുണൈറ്റഡ് സ്റ്റേറ്റ്സ്, യുണൈറ്റഡ് കിംഗ്ഡം എന്നിവിടങ്ങളിലെ സ്ഥിര താമസക്കാർക്കും യുണൈറ്റഡ് സ്റ്റേറ്റ്സ്, യുണൈറ്റഡ് കിംഗ്ഡം, ഷെഞ്ചൻ ഏരിയ എന്നിവിടങ്ങളിലേക്കുള്ള സന്ദർശക വിസയുള്ളവർക്കും സൌദിയിലേക്ക് ഇ-വിസ അനുവദിച്ച് തുടങ്ങിയിരുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക