137 ദിവസങ്ങൾക്കു ശേഷം രാഹുൽ ഗാന്ധി ലോക്സഭയിലേക്ക്; ഡൽഹിയിൽ ആഘോഷം – വീഡിയോ

കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ച് വിജ്ഞാപനം പുറത്തിറക്കി. ലോക്സഭാ സെക്രട്ടേറിയറ്റാണ് വിജ്ഞാപനമിറക്കിയത്. ചൊവ്വാഴ്ച കേന്ദ്ര സർക്കാരിനെതിരായുള്ള പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയത്തിൽ രാഹുൽ ഗാന്ധി പങ്കെടുത്തേക്കും. മോദി പരാമർശത്തിലെ അപകീർത്തിക്കേസിൽ, കുറ്റക്കാരനാണെന്ന സൂറത്ത് മജിസ്ട്രേട്ട് കോടതിയുടെ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് രാഹുലിന്റെ ലോക്സഭാഗത്വം പുനഃസ്ഥാപിച്ചത്. 137 ദിവസങ്ങൾക്കു ശേഷമാകും രാഹുൽ ഗാന്ധി പാർലമെന്റിലേക്ക് മടങ്ങിയെത്തുക. രാഹുൽ മഹാത്മാ ഗാന്ധിയുടെ പ്രതിമക്ക് മുന്നിൽ പുഷ്പാർച്ചന നടത്തി.

 

 

 

ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി 12 മണിക്കൂറാണ് അവിശ്വാസപ്രമേയ ചർച്ചയ്‌ക്കു ലോക്സഭ നീക്കിവച്ചിരിക്കുന്നത്. വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയും. അവിശ്വാസപ്രമേയത്തിന് നോട്ടിസ് നൽകിയ ഗൗരവ് ഗൊഗോയ്‌ക്കു ശേഷം രാഹുൽ ഗാന്ധിയാകും പ്രതിപക്ഷത്തുനിന്ന് പ്രസംഗിക്കുക.

കുറ്റക്കാരനാണെന്ന വിധിക്കു സ്റ്റേ വന്നതോടെ, രാഹുൽ ഗാന്ധിക്കുള്ള അയോഗ്യത നീങ്ങിയിരുന്നു. എന്നാൽ, ലോക്സഭാംഗത്വം റദ്ദാക്കിക്കൊണ്ടു ലോക്സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനമിറക്കിയതിനാൽ ഇതു പുനഃസ്ഥാപിച്ചുള്ള വിജ്ഞാപനവും വേണ്ടതുണ്ട്.

 

 

രാഹുലിന്റെ അംഗത്വം പുനഃസ്ഥാപിക്കുന്നത് സ്‌പീക്കർ നീട്ടിയാൽ സുപ്രീം കോടതിയെ സമീപിച്ച് അംഗത്വം പുനഃസ്ഥാപിക്കുന്നത് കോൺഗ്രസ് പരിഗണിച്ചിരുന്നു. കൂടാതെ ലോക്‌സഭയിലും രാജ്യസഭയിലും വിഷയം ഉന്നയിച്ച് പ്രതിഷേധം ഉയര്‍ത്തുന്നതും കോൺഗ്രസ് ലക്ഷ്യമിട്ടിരുന്നു. രാഹുലിന്റെ അംഗത്വം റദ്ദാക്കുന്നതിന് എടുത്തവേഗം, അംഗത്വം പുനഃസ്ഥാപിക്കുന്നതിനും വേണമെന്നായിരുന്നു കോൺഗ്രസ് ഉന്നയിച്ചിരുന്നത്. .

ഡൽഹിയുടെ പല ഭാഗങ്ങളിലും രാഹുലിൻ്റെ അംഗത്വം പുനഃസ്ഥാപിച്ചതിൻ്റെ ആഘോഷം നടക്കുകയാണ്. കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയുടെ ലോക്സഭാംഗത്വം പുന:സ്ഥാപിച്ചതില്‍ ഇന്ത്യ സഖ്യത്തിലും വൻആഘോഷം. രാഹുലിന്റെ എംപി സ്ഥാനം പുന:സ്ഥാപിക്കാൻ വൈകുന്ന സാഹചര്യത്തിൽ പ്രതിഷേധത്തിന്റെ വിശദാംശങ്ങൾ ചർച്ച ചെയ്യുന്നതിനിടെയാണ് ലോക്സഭാ വിജ്ഞാപനം ഇറങ്ങിയത്. തുടർന്ന് മധുര പലഹാരം കഴിച്ചാണ് ഇന്ത്യ സഖ്യം ആ സന്തോഷത്തെ വരവേറ്റത്.

 

 

ഇന്ത്യ സഖ്യ നേതാക്കള്‍ക്ക് മല്ലികാ‍ർജ്ജുൻ ഖാർഗെ മധുരവിതരണം ചെയ്തു. എല്ലാവർക്കും ഖാർ​ഗെ നേരിട്ടാണ് മധുരം നൽകിയത്. അതിനിടെ എഐസിസി ആസ്ഥാനത്തും വലിയ ആഘോഷങ്ങളാണ് നടക്കുന്നത്. സോണിയ ഗാന്ധിയുടെ വീടിന് മുന്നിലും ആഘോഷം തുടങ്ങിയിട്ടുണ്ട്. സ്ത്രീകളുൾപ്പെടെയുള്ള പ്രവർത്തകർ ഡാൻസും വാദ്യവുമായാണ് ആഘോഷം നടത്തുന്നത്.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 

 

രാഹുൽ ഗാന്ധി എം.പി പാർലമെൻ്റ് ഹൌസിലെത്തി; മുദ്രാവാക്യം വിളികളോടെ സ്വീകരിച്ച് ഇന്ത്യ സഖ്യം നേതാക്കൾ – വീഡിയോ

Share
error: Content is protected !!