വിസ കാലാവധി കഴിഞ്ഞാല്‍ പിഴ; പുതിയ ഏകീകരിച്ച ഫീസ് പ്രഖ്യാപിച്ചു

ദുബൈ: വിസാ കാലാവധി കഴിഞ്ഞ ശേഷവും രാജ്യത്ത് താമസിച്ചാല്‍ ഈടാക്കുന്ന പിഴ ഏകീകരിച്ചതായി പ്രഖ്യാപിച്ച് യുഎഇ. യുഎഇ ഡിജിറ്റല്‍ ഗവണ്‍മെന്റ്, ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്ഷിപ്പ്, കസ്റ്റംസ്, പോര്‍ട്‌സ് സെക്യൂരിറ്റിയുമായി സഹകരിച്ചാണ് പ്രഖ്യാപനം നടത്തിയത്. കാലാവധി കഴിഞ്ഞ താമസ, വിസിറ്റ് വിസകള്‍ക്കുള്ള ഓവര്‍സ്‌റ്റേയിങ് കാലയളവിലേക്കാണ് പുതിയ ഏകീകൃത പിഴ ഘടന പ്രഖ്യാപിച്ചത്.

പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് വിസാ കാലാവധിയോ വിസ പുതുക്കാന്‍ അനുവദിച്ച ഗ്രേസ് പീരിയഡോ അവസാനിച്ച ശേഷം രാജ്യത്ത് താമസിക്കുന്ന ഓരോ ദിവസവും 50 ദിര്‍ഹം വീതമാണ് പിഴ ഈടാക്കുക. രാജ്യത്ത് താമസിക്കുന്ന വിദേശികളോടും വിനോദസഞ്ചാരികളോടും അതോറിറ്റിയുടെയോ ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിന്റെയോ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങള്‍ മനസ്സിലാക്കണമെന്ന് ഡിജിറ്റല്‍ ഗവണ്‍മെന്റ് ആവശ്യപ്പെട്ടു. വിസ അനുവദിക്കുന്നത്, വിസ നീട്ടുന്നത്, അല്ലെങ്കിൽ റദ്ദാക്കുന്നത് എന്നിവയുമായി ബന്ധപ്പെട്ട ചെലവുകൾ ഉൾപ്പെടെ വിസ സേവന ഫീസിനെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങൾ ഈ പ്ലാറ്റ്‌ഫോമുകളിലൂടെ അറിയാനാകും.

എന്‍ട്രി, വിസ പെര്‍മിറ്റുകള്‍ക്കുള്ള ആപ്ലിക്കേഷനുകള്‍ അതോറിറ്റിയുടെ വെബ്‌സൈറ്റ്, സ്മാര്‍ട്ട് ആപ്ലിക്കേഷന്‍, ‘ദുബൈ നൗ’ ആപ്ലിക്കേഷന്‍, അംഗീകൃത കേന്ദ്രങ്ങള്‍ എന്നിവ വഴി സമര്‍പ്പിക്കാം.
വിസ അപേക്ഷാ പ്രക്രിയ കാര്യക്ഷമമാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി, യുഎഇ ഡിജിറ്റൽ ഗവൺമെന്റ് വിസ അപേക്ഷകൾക്കായി ഇലക്ട്രോണിക് ചാനലുകൾ സജ്ജമാക്കിയിട്ടുണ്ട് . ഈ ചാനലുകൾ, ഗൂഗിള്‍, ആപ്പിള്‍ സ്റ്റോറുകളിൽ ലഭ്യമാണ്. എൻട്രി പെർമിറ്റിനോ റെസിഡൻസ് പെർമിറ്റിനോ ഉള്ള അപേക്ഷകൾ ഇതിലൂടെ സമർപ്പിക്കാം. നേരിട്ട് അപേക്ഷ സമര്‍പ്പിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് രജിസ്റ്റേഡ് ടൈപ്പിങ് സെന്‍ററുകള്‍ അല്ലെങ്കില്‍ ജിഡിആര്‍എഫ്എ അംഗീകരിച്ച ടൈപ്പിങ് കേന്ദ്രങ്ങള്‍ എന്നിവ വഴി ഇതിനുള്ള അവസരമുണ്ട്. ഈ കേന്ദ്രങ്ങളിൽ അപേക്ഷ സമർപ്പിക്കുകയും അംഗീകരിക്കുകയും ചെയ്യുമ്പോൾ, യഥാർത്ഥ പ്രവേശന പെർമിറ്റിനൊപ്പം അപേക്ഷകന് അപ്രൂവല്‍ ലെറ്ററും ലഭിക്കും.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!