ദുബൈയിലേക്കുള്ള വിമാനത്തിൻ്റെ കാര്‍ഗോയില്‍ നിന്ന് പുറത്തുചാടിയ രൂപം കണ്ട് ഞെട്ടി!, ക്ഷമാപണം നടത്തി വിമാന കമ്പനി
ദുബൈ: വിമാനത്തിലെ കാര്‍ഗോ ഹോള്‍ഡില്‍ നിന്ന് പുറത്തുചാടിയ ‘വിരുതന്‍’ എയര്‍ലൈന് തലവേദനയായി. ഒടുവില്‍ ക്ഷമ ചോദിച്ച് വിമാന കമ്പനി. ബാഗ്ദാദില്‍ നിന്ന് ദുബൈയിലേക്കുള്ള യാത്രാ വിമാനത്തിലാണ് സംഭവം.
ഇറാഖി എയര്‍ലൈന്‍സിന്‍റെ വിമാനത്തിലെ കാര്‍ഗോ ഹോള്‍ഡില്‍ നിന്ന് പുറത്തുചാടിയ കരടിക്കുഞ്ഞാണ് വിമാനയാത്ര വൈകിപ്പിച്ച ഈ വിരുതന്‍. കരടിക്കുഞ്ഞ് പുറത്തുചാടിയതോടെ ദുബൈയില്‍ എത്തുമ്പോള്‍ കരടിയെ മയക്കിയ ശേഷം വിമാനത്തില്‍ നിന്ന് പുറത്തിറക്കാന്‍ ജീവനക്കാര്‍ യുഎഇ അധികൃതരുമായി ഏകോപിപ്പിച്ചിരുന്നു. തുടര്‍ന്ന് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ ടെര്‍മിനൽ 2-ൽ നിന്ന് ഇതേ വിമാനത്തിന്‍റെ ഇറാഖ് തലസ്ഥാനത്തേക്കുള്ള മടക്കയാത്ര വൈകി. യാത്ര വൈകിയതോടെ എയര്‍ലൈന്‍ യാത്രക്കാരോട് ക്ഷമാപണം നടത്തി.
കമ്പനിയുടെ നിയന്ത്രണത്തിന് അതീതമായ കാരണങ്ങള്‍ കൊണ്ട് ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ദുബൈ എയര്‍പോര്‍ട്ടിലേക്കുള്ള വിമാനത്തിലെ യാത്രക്കാരോട് ഇറാഖി എയര്‍ലൈന്‍സ് കമ്പനി ക്ഷമ ചോദിക്കുന്നു- എയര്‍ലൈന്‍ അതിന്റെ വെബ്‌സൈറ്റില്‍ പ്രസ്താവനയില്‍ പറഞ്ഞു.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക