സൗദിയിലേക്ക് വിസ സ്റ്റാമ്പ് ചെയ്യാൻ കൊച്ചിയിൽ ഉദ്യോഗാർഥികൾ പരീക്ഷ എഴുതി തുടങ്ങി; തിയറി, പ്രാക്ടിക്കൽ പരീക്ഷകൾ പൂർത്തിയാക്കിയവരിൽ ജയിച്ചവരും തോറ്റവരും. കൂടുതൽ വിവരങ്ങൾ അറിയാം
സൗദി അറേബ്യയിലേക്ക് തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് നിർബന്ധമാക്കിയ തൊഴിൽ നൈപൂണ്യ പരീക്ഷക്ക് (പ്രൊഫഷണൽ വെരിഫിക്കേഷൻ ടെസ്റ്റ്) കൊച്ചിയിലെ അങ്കമാലിയിലുള്ള കേന്ദ്രത്തിൽ ഉദ്യോഗാർഥികൾ എത്തി തുടങ്ങി. കേരളത്തിലെ ഏക പരീക്ഷ കേന്ദ്രം അങ്കമാലിയിലുള്ള ഇറാം ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡാണ്. സാങ്കേതിക തസ്തികകളിലേക്കുള്ള തൊഴിൽ വിസകൾക്കാണ് സൌദി പരീക്ഷ നിർബന്ധമാക്കിയത്. ഉദ്യോഗാർഥികളുടെ രാജ്യത്ത് വെച്ച് തന്നെ പരീക്ഷ നടത്തി വിജയിക്കുന്നവരെ മാത്രം സൌദിയിലേക്ക് വരാൻ അനുവദിക്കുക എന്നതാണ് സൌദി ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് കേരളത്തിൽ പരീക്ഷ കേന്ദ്രം അനുവദിച്ചത്.
അങ്കമാലിയിലെ പരീക്ഷ കേന്ദ്രത്തിൽ നിരവധി പേർ ഇക്കഴിഞ്ഞ ദിവസങ്ങളിൽ പരീക്ഷക്കെത്തി. അരമണിക്കൂർ തിയറി പരീക്ഷയും, ഒരു മണിക്കൂർ പ്രാക്ടിക്കലുമാണ് പരീക്ഷ. കഴിഞ്ഞ ദിവസം പരീക്ഷക്കെത്തയവരിൽ ജയിച്ചവരും തോറ്റവരുമുണ്ട്. പരീക്ഷയിൽ ഒരു തവണ പരാജയപ്പെട്ടാൽ വീണ്ടും എഴുതാൻ അവസരമുണ്ട്. എന്നാൽ, ഓരോ തവണയും 50 ഡോളർ (ഏകദേശം 4100 ഇന്ത്യൻ രൂപ) വീതം അടക്കേണ്ടിവരും. അതുകൊണ്ട് ആദ്യ തവണ തന്നെ പരീക്ഷയെഴുതി ജയിക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
സൗദി തൊഴിൽ മന്ത്രാലയത്തിന് കീഴിലുള്ള ‘തകാമുൽ’ വിഭാഗം നേരിട്ടാണ് പരീക്ഷ നടത്തുന്നത്. മുംബൈയിലെ സൗദി കോൺസുലേറ്റിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ പരീക്ഷ നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥന് പുറമെ സി.സി.ടി.വി നിരീക്ഷണവുമുണ്ട്. മുംബൈയിലെ കോൺസുലേറ്റിൽനിന്ന് നേരിട്ടാണ് കാമറ വഴി നിരീക്ഷിക്കുന്നത്. ഇംഗ്ലീഷ്, തമിഴ്, ഹിന്ദി ഉൾപ്പെടെയുള്ള വിവിധ ഭാഷകളിൽ ചോദ്യാവലിയുണ്ട്. മലയാളിത്തിൽ ഇത് വരെ ചോദ്യാവലി തയ്യാറായിട്ടില്ല.
തൊഴിൽ നൈപുണ്യ പരീക്ഷ സർട്ടിഫിക്കറ്റ്
https://svp-international.pacc.sa എന്ന വെബ്സൈറ്റിൽ പാസ്പോർട്ട് നമ്പർ, ഇ-മെയിൽ ഐഡി, ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങളും ഏത് പ്രഫഷനലിലേക്കുള്ള പരീക്ഷയാണെന്നും നൽകിയാൽ പരീക്ഷ തീയതിയും സമയവും ലഭിക്കും. അപ്പോയിൻ്റ്മെൻ്റ് ലഭിക്കുന്നവർ വെബ്സൈറ്റ് നിർദേശിക്കുന്ന സമയത്ത് രേഖകളുമായി പരീക്ഷഹാളിൽ എത്തണം. പരീക്ഷക്ക് ഹാജരാകുന്ന തസ്തിക അനുസരിച്ചുള്ള തൊഴിലെടുക്കുന്നവർക്ക് പരീക്ഷ എളുപ്പമാണെന്ന് വിജയിച്ച് സർട്ടിഫിക്കറ്റ് നേടിയവർ പറയുന്നു.
അതേസമയം വിസ സ്റ്റാമ്പ് ചെയ്യാൻ വേണ്ടി മാത്രം പ്രഫഷനുമായി യാതൊരു ബന്ധവുമില്ലാത്തവർ പരീക്ഷക്കെത്തിയാൽ പ്രയാസപ്പെടുമെന്നാണ് പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്നവരുടെ അഭിപ്രായം. നിവലിൽ ഇലക്ട്രീഷ്യൻ, പ്ലംബർ, വെൽഡർ, ഓട്ടോമോട്ടിവ് ഇലക്ട്രീഷ്യൻ, എ.സി മെക്കാനിക് എന്നീ തസ്തികകളിലേക്കാണ് അങ്കമാലിയിലെ കേന്ദ്രത്തിൽ പരീക്ഷ നടക്കുന്നത്. പരീക്ഷയിൽ വിജയിച്ചാൽ അന്നു തന്നെ സർട്ടിഫിക്കറ്റ് ഇ-മെയിൽ വഴി ലഭിക്കും.
ഇങ്ങിനെ ലഭിക്കുന്ന സർട്ടിഫിക്കറ്റിന്റെ കോപ്പി ഉൾപ്പെടെയാണ് വിസ സ്റ്റാമ്പ് ചെയ്യുന്നതിന് കോൺസുലേറ്റിൽ സമർപ്പിക്കേണ്ടത്. പ്രാബല്യത്തിലായ ഈ പുതിയ നിയമം പാലിച്ച് വിസ സ്റ്റാമ്പ് ചെയ്ത് തൊഴിലാളികൾ സൗദിയിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്. 71ഓളം പ്രഫഷനുകളിലേക്കാണ് നിലവിൽ യോഗ്യത പരീക്ഷ നിർബന്ധമാക്കിയിട്ടുള്ളത്. അങ്കമാലിയിൽ കൂടുതൽ പ്രഫഷനുകളിലേക്കുള്ള പരീക്ഷകൾ ഉടൻ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
(കടപ്പാട്: മാധ്യമം)
സൌദിയിലേക്ക് വിസ സ്റ്റാമ്പ് ചെയ്യാൻ തൊഴിൽ നൈപുണ്യ പരീക്ഷ നിർബന്ധമാക്കിയിട്ടുള്ള പ്രൊഫഷനുകൾ ഇവയാണ്:
യോഗ്യതാ ടെസ്റ്റുകൾ നടത്തുന്ന കേന്ദ്രങ്ങളെക്കുറിച്ചുളള കൂടുതൽ വിവരങ്ങൾക്ക് ഈ സൈറ്റ് സന്ദർശിക്കുക. https://svp-international.pacc.sa/home
കൊച്ചിയിലെ തൊഴിൽ ടെസ്റ്റുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് www.eramskills.in വെബ് സൈറ്റിലൂടെയോ അല്ലെങ്കിൽ അംഗീകൃത റിക്രൂട്ടിംഗ് ഏജൻസിയുമായോ ബന്ധപ്പെടണം. പതിനാലിൽ അധികം രാജ്യങ്ങളിലായി മുപ്പതിലധികം കമ്പനികളും നൂറ്റമ്പതിൽപരം ഓഫീസുകളും ഉള്ള ഇറാം ഗ്രൂപ്പ് (ഇറാം ടെക്നോളജീസ്) കേന്ദ്ര സർക്കാരിന്റെ നാഷണൽ സ്‌കിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ നോൺ ഫണ്ടിംഗ് പാർട്ട്ണർ ആണ്.
കൂടാതെ കേരള സർക്കാരിന്റെ കെ.എ.എസ്.ഇ, അസാപ് തുടങ്ങിയ സ്ഥാപനങ്ങളുടെ നൈപുണ്യ വികസന ട്രെയ്‌നിംഗ് ആൻഡ് ഓപ്പറേറ്റിംഗ് പാർട്ട്ണറുമാണ്. കേന്ദ്ര സർക്കാരിന്റെ പ്രവാസി ഭാരതീയ സമ്മാൻ പുരസ്‌കാര ജേതാവും കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ്-ഇൻഡോ അറബ് കോ ചെയർമാനുമായ ഡോ. സിദ്ദീഖ് അഹമ്മദ് ആണ് സൗദി ആസ്ഥാനമായ ഇറാം ഗ്രൂപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറും.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക