പ്രവാസി വ്യവസായിയില്‍നിന്ന് 108 കോടി രൂപയിലേറെ തട്ടിയെടുത്തു; മരുമകനും കുടുംബാംഗങ്ങളും അറസ്റ്റില്‍

കൊച്ചി: പ്രവാസി വ്യവസായിയില്‍നിന്ന് 108 കോടി രൂപയിലേറെ തട്ടിയെടുത്തെന്ന കേസില്‍ പരാതിക്കാരന്റെ മരുമകനും കുടുംബാംഗങ്ങളും അറസ്റ്റില്‍. ആലുവ സ്വദേശിയും വ്യവസായിയുമായ അബ്ദുള്‍ ലാഹിര്‍ ഹസന്റെ പരാതിയിലാണ് ഇദ്ദേഹത്തിന്റെ മരുമകന്‍ കാസര്‍കോട് സ്വദേശി മുഹമ്മദ് ഹാഫിസ് കുതിരോളി, ഇയാളുടെ കുടുംബാംഗങ്ങളായ ചെര്‍ക്കള അഹമ്മദ് ഷാഫി, അയിഷ ഷാഫി, അക്ഷയ് വൈദ്യന്‍ എന്നിവരെ എറണാകുളം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനാല്‍ നാലുപ്രതികളെയും അറസ്റ്റ് രേഖപ്പെടുത്തിയശേഷം ജാമ്യത്തില്‍ വിട്ടയച്ചു. (ചിത്രത്തിൽ പ്രതി മുഹമ്മദ് ഹാഫിസ്)

മകളുടെ ഭര്‍ത്താവായ മുഹമ്മദ് ഹാഫിസ് പലഘട്ടങ്ങളായി തെറ്റിദ്ധരിപ്പിച്ച് 108 കോടി രൂപയും ആയിരം പവനും തട്ടിയെടുത്തെന്നായിരുന്നു ലാഹിര്‍ ഹസന്റെ പരാതി. അബ്ദുള്‍ ലാഹിര്‍ ഹസന്‍ എന്‍.ആര്‍.ഐ. അക്കൗണ്ട് വഴിയാണ് പണം കൈമാറിയത്. ആറു വര്‍ഷം മുമ്പാണ് അബ്ദുള്‍ ലാഹിര്‍ ഹസന്‍ മകളെ ഹാഫിസിന് വിവാഹം ചെയ്ത് നല്‍കിയത്. തന്റെ കമ്പനിയില്‍ എന്‍ഫോഴ്സ്മെന്റ് റെയ്ഡ് നടന്നുവെന്നു പറഞ്ഞ് പിഴയടയ്ക്കാനെന്ന മട്ടില്‍ 3.9 കോടി രൂപ വാങ്ങിയാണ് തട്ടിപ്പിന്റെ തുടക്കം.

ബെംഗളൂരുവില്‍ കെട്ടിടം വാങ്ങാന്‍ പണം നല്‍കിയെങ്കിലും വ്യാജരേഖ നല്‍കി കബളിപ്പിച്ചു. ബോളിവുഡ് താരം സോനം കപൂറിനെന്ന പേരില്‍ 35 ലക്ഷം രൂപയോളം ചെലവാക്കി വസ്ത്രം ഡിസൈന്‍ ചെയ്യിപ്പിച്ച് ബൊട്ടീക് ഉടമയായ തന്റെ ഭാര്യയെയും കബളിപ്പിച്ചു. ഹാഫിസും കുടുംബാംഗങ്ങളും പാര്‍ട്ണര്‍മാരായ കുതിരോളി ബില്‍ഡേഴ്സിലേക്കും തട്ടിയെടുത്ത പണത്തില്‍ ഏഴ് കോടിയോളം രൂപ എത്തി. വിവാഹത്തിനു നല്‍കിയ 1000 പവന്‍ സ്വര്‍ണവും വജ്രവുമടങ്ങുന്ന ആഭരണങ്ങള്‍ വിറ്റു. തന്റെ മകന്റെ ഭാര്യയുടെ പേരിലുള്ള ഒന്നരക്കോടി രൂപയുടെ റെയ്ഞ്ച് റോവര്‍ വാഹനം കൈവശപ്പെടുത്തി. മഹാരാഷ്ട്രയിലെ മന്ത്രിക്ക് എറണാകുളത്തുള്ള തന്റെ വാണിജ്യ കെട്ടിടം കച്ചവടമാക്കാമെന്ന പേരു പറഞ്ഞും കബളിപ്പിച്ചു. മന്ത്രിയുടെ വ്യാജക്കത്ത് ഉണ്ടാക്കി 47 കോടി രൂപയാണ് തട്ടിയെടുത്തത്. പല ഘട്ടത്തിലും പണം വാങ്ങുന്നതിനായി ഹാഫിസ് നല്‍കിയ രേഖകളെല്ലാം വ്യാജമാണെന്ന് കണ്ടെത്തി. ഇതിനിടെ തന്റെ മകള്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ച് ദുബായിലുള്ള തന്റെ അടുത്തേക്ക് പോന്നുവെന്നും അബ്ദുള്‍ ലാഹിര്‍ ഹസന്‍ പരാതിയില്‍ പറഞ്ഞിരുന്നു.

 

പ്രവാസിയുടെ പരാതിയില്‍ എറണാകുളം ക്രൈംബ്രാഞ്ചാണ് അന്വേഷണം നടത്തിയത്. കേസില്‍ അഞ്ചാംപ്രതി കൂടി അറസ്റ്റിലാകാനുണ്ട്. പരാതിക്കാരന്റെ മകള്‍ നിലവില്‍ വിവാഹമോചനഹര്‍ജി ഫയല്‍ചെയ്തതായാണ് വിവരം.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!