വേനലവധി കഴിഞ്ഞ് പ്രവാസികളുടെ മടക്കയാത്ര തുടങ്ങി; ടിക്കറ്റ് നിരക്കിൽ വൻ വർധന, ഉംറ സീസൺ ആരംഭിച്ചതും പ്രവാസികൾക്ക് തിരിച്ചടിയായി

ദുബായ്: വേനൽ അവധിക്കു ശേഷം പ്രവാസികളുടെ മടക്ക യാത്ര തുടങ്ങിയതോടെ വിമാന വേഗത്തിൽ ടിക്കറ്റ് നിരക്കും കുതിക്കുന്നു. കൊച്ചി, തിരുവനന്തപുരം, കരിപ്പൂർ വിമാനത്താവളങ്ങളിൽ നിന്നു ദുബായിലേക്കു യാത്രാ നിരക്ക് 25000 രൂപയ്ക്കു മുകളിലാണ്. നാളെയും മറ്റന്നാളുമായി പുറപ്പെട്ടാൽ പോലും 1000 ദിർഹത്തിനു മേലെ ടിക്കറ്റിനു മുടക്കണം.

ഈ മാസം പകുതിയോട് അടുക്കുമ്പോൾ എയർ ഇന്ത്യ വിമാനങ്ങൾക്കു പോലും ടിക്കറ്റ് നിരക്ക് 2000 ദിർഹത്തിൽ തൊടും. ഓഫ് സീസണിൽ 10000 രൂപയ്ക്കു യാത്ര ചെയ്യുന്ന ദൂരം താണ്ടാൻ ഒരാൾക്ക് 45000 രൂപയ്ക്ക് അടുത്തു ചെലവാകും. 4 പേരുടെ കുടുംബമാണെങ്കിൽ 2 ലക്ഷത്തോളം രൂപ ടിക്കറ്റിനു മാത്രമായി പോകും. രണ്ടു മാസത്തെ വേനലവധി കഴിഞ്ഞ ഈ മാസം പകുതിയാകുമ്പോൾ സ്കൂളുകൾ തുറക്കും.

വാർഷിക അവധിയെടുത്തു പോയിരിക്കുന്നവരെല്ലാം തിരികെ വരാൻ തിരക്ക് കൂട്ടുന്ന സമയമായതിനാൽ വരും ദിവസങ്ങളിൽ ടിക്കറ്റ് നിരക്ക് വീണ്ടും വർധിക്കും. ഈ മാസം അവസാനം ഓണമായതിനാൽ നാട്ടിലേക്കുള്ള ടിക്കറ്റ് നിരക്കും 15നു ശേഷം വർധിക്കും. സെപ്റ്റംബർ 15വരെ ഉയർന്ന നിരക്കിൽ തന്നെയാണ് ടിക്കറ്റുകൾ വിൽക്കുന്നത്. സെപ്റ്റംബർ മൂന്നാം വാരം മുതലാണ് നിരക്കിൽ അൽപമെങ്കിലും കുറവുള്ളത്. 10 മണിക്കൂർ മുതൽ 24 മണിക്കൂർ വരെ ലെയ് ഓവറുള്ള സർവീസുകളിൽ പോലും 37000 രൂപയ്ക്കു മുകളിലാണ് ടിക്കറ്റ് നിരക്ക്. മസ്കത്ത്, കൊളംബോ തുടങ്ങിയ സ്ഥലങ്ങളിൽ നിർത്തി വിമാനം മാറി കയറി വരുന്നതിനാണ് ഇത്രയും പണം മുടക്കേണ്ടത്. എത്ര മുടക്കിയാലും തിരികെ വന്നേ പറ്റു പ്രവാസിക്ക്. കാരണം, സമയത്ത് എത്തിയില്ലെങ്കിൽ ജോലിയും കുട്ടികളുടെ പഠിത്തവും അവതാളത്തിലാകും.

സൌദിയിൽ ഉംറ സീസണ് കൂടി ആരംഭിച്ചതിനാൽ സൌദി സെക്ടറുകളിലേക്കുള്ള യാത്രക്ക് നിരക്ക് കൂടുതൽ വർധിച്ചു. വേനലവധി കഴിഞ്ഞ് പ്രവാസികളുടെ മടക്കവും,  ഉംറ തീർഥാടകരുടെ തിരക്കും ഒരുമിച്ച് വരുന്നത് ഈ സെക്ടറുകളിലേക്കുള്ള യാത്ര നിരക്ക് വർധിക്കാൻ കാരണമായി. ഒമാൻ, ഖത്തർ, കുവൈത്ത്സ ബഹറൈൻ, യുഎഇ തുടങ്ങിയ രാജ്യങ്ങൾ വഴി വരുന്നവർക്ക് പോലും വൻ തുകയാണ് ടിക്കറ്റിനായി മുടക്കേണ്ടി വരുന്നത്. ഈ രാജ്യങ്ങളിൽ നിന്നും സൌദിയിലേക്കുള്ള ഉംറ തീർഥാകരുടെ യാത്ര ആരംഭിച്ചതും, നാട്ടിൽ നിന്നുള്ള ഉംറ ഗ്രൂപ്പുകൾ ഇത്തരം രാജ്യങ്ങൾ വഴി യാത്ര തെരഞ്ഞെടുക്കുന്നതും ടിക്കറ്റ് നിരക്ക് ഉയരാൻ കാരണമായിട്ടുണ്ട്. റബീഉൽ അവ്വൽ ആകുന്നതോടെ ഉംറ തീർഥാടകരുടെ എണ്ണം കൂടുതൽ വർധിക്കും. ഇതോടെ ഗൾഫ് സെക്ടറുകളിലെല്ലാം തിരക്ക് വർധിക്കും.

സീസണിൽ ഉയർന്ന നിരക്ക് വാങ്ങുന്നതു പോലെ തന്നെ സീസൺ അല്ലാത്തപ്പോൾ കുറഞ്ഞ നിരക്കിൽ സർവീസ് നടത്തുന്നുണ്ടല്ലോ എന്നാണ് ടിക്കറ്റ് നിരക്ക് സംബന്ധിച്ചു വിമാന കമ്പനികൾ പറയുന്നത്.

ഡിമാൻഡ് വർധിക്കുമ്പോൾ വില വർധിക്കുന്നത് സ്വാഭാവികമാണെന്നും ലോകത്ത് എല്ലായിടത്തും ഇതേ പോലെ തന്നെയാണ് നിരക്ക് നിശ്ചയിക്കുന്നതെന്നും കമ്പനികൾ പറയുന്നു. ഡിമാൻഡ് കുറയുമ്പോൾ ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നതിനെക്കുറിച്ച് ആരും പറയാറില്ലെന്നും അവർ പറഞ്ഞു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!