മന്ത്രിയുടെ ഇടപെടൽ, കേരളം മുഴുവൻ കൈകോർത്തു; എന്നിട്ടും അവൾ പോയി…,നൊമ്പരമായി ആൻ മരിയയുടെ അന്ത്യം
കോട്ടയം: ഹൃദയാഘാതത്തെ തുടർന്നു രണ്ടു മാസത്തിലേറെയായി ചികിത്സയിലായിരുന്ന പതിനേഴുകാരി ആൻ മരിയ ജോസ് അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നു പുലർച്ചെയാണ് അന്ത്യം. ഇടുക്കി ഇരട്ടയാർ നത്തുകല്ല് പാറയിൽ ജോയിയുടെയും ഷൈനിയുടെയും മകളാണ്. ജൂൺ ഒന്നിനു രാവിലെ ഇരട്ടയാർ സെന്റ് തോമസ് ഫൊറോനാ പള്ളിയിൽ അമ്മ ഷൈനിക്കൊപ്പം കുർബാനയിൽ പങ്കെടുക്കുന്നതിനിടെയാണ് ആൻമരിയക്ക് ഹൃദയാഘാതമുണ്ടായത്.
കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും വിദഗ്ധ ചികിത്സയ്ക്കായി കൊച്ചി അമൃത ആശുപത്രിയിൽ എത്തിച്ചിരുന്നു. മന്ത്രി റോഷി അഗസ്റ്റിൻ ഇടപെട്ടാണ് ആംബുലൻസിന് വേഗത്തിൽ കൊച്ചിയിലെത്താൻ വഴിയൊരുക്കിയത്. ജൂലൈയിലാണ് കോട്ടയം കാരിത്താസിലേക്ക് മാറ്റിയത്.
രണ്ടു മാസത്തിലധികമായുള്ള മാതാപിതാക്കളുടെയും ബന്ധുക്കളുടെയും നാട്ടുകാരുടെയും പ്രാർഥനകളും പ്രതീക്ഷകളും വിഫലമാക്കിയാണ് ആൻ മരിയ യാത്രയാകുന്നത്. ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് കട്ടപ്പനയിൽനിന്ന് എറണാകുളം അമൃത ആശുപത്രിയിലേക്ക് ആൻ മരിയയെ വേഗത്തിൽ എത്തിക്കാനായി കേരളം കൈകോർത്തതും വെറുതെയായി.
രണ്ടു മാസത്തിലേറെയായി ചികിത്സയിലായിരുന്ന ഇടുക്കി ഇരട്ടയാർ സ്വദേശി ആൻ മരിയ ജോയ് (17) വെള്ളിയാഴ്ച രാത്രി 11.41ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽവച്ചാണ് മരണത്തിനു കീഴടങ്ങിയത്. കഴിഞ്ഞ രണ്ടു ദിവസമായി ആൻ മരിയയുടെ നില ഗുരുതരമായിരുന്നു. ന്യുമോണിയയും കരളിന്റെ പ്രവർത്തനം നിലച്ചതുമാണ് സ്ഥിതി വഷളാക്കിയത്. കൊച്ചി അമൃത ആശുപത്രിയിൽനിന്നു ജൂലൈയിലാണ് ആൻ മരിയയെ കോട്ടയത്തേയ്ക്കു മാറ്റിയത്.
ഇരട്ടയാർ നത്തുകല്ല് പാറയിൽ ജോയിയുടെയും ഷൈനിയുടെയും മകളായ ആൻ മരിയ പ്ലസ്ടു കഴിഞ്ഞ് ഉപരിപഠനത്തിന് ശ്രമിക്കുകയായിരുന്നു. അതിനിടെ പിതൃമാതാവ് മോനി മരിക്കുകയും മേയ് 31ന് സംസ്‌കാര ചടങ്ങുകൾ നടക്കുകയും ചെയ്തു. ജൂൺ 1ന് രാവിലെ 6.15ന് ഇരട്ടയാർ സെന്റ് തോമസ് ഫൊറോന പള്ളിയിൽ നടന്ന കുർബാനയിൽ പങ്കെടുക്കാൻ അമ്മ ഷൈനിക്ക് ഒപ്പമാണ് ആൻമരിയ എത്തിയത്. കുർബാന ആരംഭിച്ച് ഏതാനും മിനിറ്റുകൾക്കുശേഷം ആൻ മരിയ ബോധരഹിതയായി വീണു. മുഖത്ത് വെള്ളം തളിക്കുകയും മറ്റും ചെയ്‌തെങ്കിലും ഫലമുണ്ടായില്ല.
അതിനിടെ അമ്മ സിപിആർ നൽകുകയും ഉടൻതന്നെ കാറിൽ കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിലേക്ക് കൊണ്ടുവരുകയും ചെയ്തു. ആരോഗ്യനില മോശമായതിനാൽ ഉടൻതന്നെ ഐസിയുവിൽ പ്രവേശിപ്പിച്ചു. ഡോക്ടർമാർ വിദഗ്ധ ചികിത്സ നിർദേശിച്ചതോടെ എറണാകുളത്തേക്ക് കൊണ്ടുപോകാനുള്ള തയാറെടുപ്പുകൾ ആരംഭിച്ചു. എത്രയും വേഗം എറണാകുളത്ത് എത്തിക്കേണ്ടതിനാൽ ഗതാഗതക്കുരുക്ക് തടസ്സമാകുമെന്ന ആശങ്ക ഉണ്ടായി.
പണിക്കൻകുടിയിൽ പ്രവേശനോത്സവ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ മന്ത്രി റോഷി അഗസ്റ്റിൻ വിവരം അറിഞ്ഞതോടെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പൊലീസിന്റെ സേവനം ലഭ്യമാക്കി. പൊലീസിന്റെ അകമ്പടിയോടെ മൂന്നു മണിക്കൂറിനകം കുട്ടിയെ ആംബുലൻസിൽ അമൃത ആശുപത്രിയിൽ എത്തിച്ചു. ഡോ.ജഗ്ഗു സ്വാമിയുടെ നേതൃത്വത്തിൽ സജ്ജീകരണങ്ങൾ ഒരുക്കി ചികിത്സ ആരംഭിച്ചു.
ജൂലൈയിലാണ് കോട്ടയം കാരിത്താസ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെയും മികച്ച ചികിത്സയാണ് ആൻ മരിയയ്ക്ക് ലഭ്യമാക്കിയത്. ഇടയ്ക്ക് ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിന്റെ സൂചനകളും കാണിച്ചു. എന്നാൽ ന്യുമോണിയ ബാധിച്ചത് ഉൾപ്പെടെ തിരിച്ചടിയായി. ഒടുവിൽ വെള്ളിയാഴ്ച രാത്രി ആൻ മരിയ ഈ ലോകത്തോടു വിടപറഞ്ഞു. ആൻ മരിയയുടെ മൂത്ത സഹോദരി കാനഡയിലാണ്. സംസ്കാരം ഞായറാഴ്ച രണ്ടു മണിക്ക് ഇരട്ടയാർ സെന്റ് തോമസ് ഫൊറോന പള്ളിയിൽ.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക