നഴ്സിൻ്റെ വേഷത്തിൽ കൊല്ലാൻ ശ്രമം: അനുഷ രണ്ട് തവണ വിവാഹം കഴിച്ചു, സ്നേഹയെ കൊല്ലാൻ ശ്രമിച്ചത് ഭർത്താവിനെ സ്വന്തമാക്കാൻ; നിർണായക വിവരങ്ങൾ പുറത്ത്

പത്തനംതിട്ട: പ്രസവിച്ചു കിടന്ന യുവതിയെ നഴ്സിന്റെ വേഷത്തിൽ എത്തി കുത്തിവച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവതിയുടെ ഭർത്താവ് അരുണിനൊപ്പം ജീവിക്കുന്നതിനു വേണ്ടിയാണു കുറ്റകൃത്യം ചെയ്യാൻ ശ്രമിച്ചതെന്ന് പ്രതി അനുഷ പൊലീസിൽ മൊഴിനൽകി. അനുഷയും അരുണും തമ്മിലുള്ള വാട്സാപ് സന്ദേശങ്ങളും പൊലീസിനു ലഭിച്ചു. സ്നേഹയെ അനുഷ മൂന്നുതവണ കുത്തിവയ്ക്കാൻ ശ്രമിച്ചെന്നാണു വിവരം. കേസിൽ പ്രതി അനുഷയെ ഇന്ന് കോടതിയിൽ ഹാജരാക്കും. (ചിത്രത്തിൽ പ്രതി അനുഷ)

സംഭവത്തിനു പിന്നിൽ കൃത്യമായ ഗൂഢാലോചനയുണ്ടെന്നു പൊലീസ് വ്യക്തമാക്കി. അരുണിന്റെ സഹപാഠിയുടെ സഹോദരിയാണ് അനുഷ. രണ്ടുതവണ വിവാഹിതയായ ഇവർ അരുണുമായി അടുപ്പത്തിലായിരുന്നു. സംഭവത്തിൽ ഭർത്താവ് അരുണിന്റെ പങ്ക് പൊലീസ് അന്വേഷിച്ചു വരികയാണ്. സംഭവത്തിൽ സ്നേഹയുടെ ഭർത്താവ് അരുണിനെ ഇന്ന് ഉന്നത ഉദ്യോഗസ്ഥരുെട സാന്നിധ്യത്തിൽ പൊലീസ് ചോദ്യം ചെയ്യും.

വൈകിട്ട് മൂന്നുമണിയോടെ നഴ്സിന്റെ ഓവർകോട്ട് ധരിച്ച യുവതി മുറിയിലെത്തി കുത്തിവയ്പ്പെടുക്കാൻ നിർബന്ധിച്ചു. ഡിസ്ചാർജ് ചെയ്തതിനാൽ ഇനി എന്തിനാണ് കുത്തിവയ്പ്പെന്ന് മാതാവ് ചോദിച്ചു. ഒരു കുത്തിവയ്പ് കൂടിയുണ്ടെന്ന് പറഞ്ഞ് സ്നേഹയുടെ കയ്യിൽ ബലമായി പിടിച്ച് സിറിഞ്ച് കുത്താൻ ശ്രമിച്ചു. സിറിഞ്ചിൽ മരുന്ന് ഉണ്ടായിരുന്നില്ല. മാതാവ് ബഹളം വച്ചതോടെ ആശുപത്രി ജീവനക്കാരെത്തി യുവതിയെ പിടിച്ചുമാറ്റി തടഞ്ഞുവച്ചു. പൊലീസെത്തി കസ്റ്റഡിയിലെടുത്തു. അനുഷ ഫാർമസി പഠനം പൂർത്തിയാക്കിയ ആളാണ്. ഞരമ്പിലൂടെ വായു കടത്തിവിട്ടാൽ മരണം സംഭവിക്കാമെന്നു തെറ്റിദ്ധരിച്ചാണ് കാലിയായ സിറിഞ്ച് ഉപയോഗിച്ച് കുത്തിവയ്ക്കാൻ ശ്രമിച്ചതെന്നു കരുതുന്നതായി പൊലീസ് പറയുന്നു.

 

പരുമലയിലെ ആശുപത്രിയില്‍ പ്രസവം കഴിഞ്ഞ കായംകുളം കരിയിലക്കുളങ്ങര സ്വദേശി സ്‌നേഹയെ (24)യെയാണ് കായംകുളം പുല്ലുകുളങ്ങര കണ്ടല്ലൂര്‍ വെട്ടത്തേരില്‍ കിഴക്കേതില്‍ അനുഷ (30) നഴ്‌സിന്റെ വേഷത്തിലെത്തി കൊല്ലാന്‍ ശ്രമിച്ചത്. സ്‌നേഹയുടെ ഭര്‍ത്താവ് അരുണിന്റെ സുഹൃത്താണ് അനുഷ.

പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവിച്ചുകിടന്ന സ്‌നേഹയെ വെള്ളിയാഴ്ച ഡിസ്ചാര്‍ജ് ചെയ്തിരുന്നു. എന്നാല്‍ കുഞ്ഞിന് നിറംമാറ്റമുള്ളതിനാല്‍ ഡോക്ടര്‍മാര്‍ തുടര്‍ചികിത്സ നിര്‍ദേശിച്ചു. ഇതേ തുടര്‍ന്ന് സ്‌നേഹയും അവരുടെ അമ്മയും ആശുപത്രിയില്‍ തങ്ങി. ഇരുവരും മുറിയില്‍ ഇരിക്കുമ്പോഴാണ് വൈകീട്ട് അഞ്ചുമണിയോടെ നഴ്‌സിന്റെ വേഷത്തില്‍ അനുഷ മുറിയില്‍ എത്തിയത്. സ്‌നേഹയ്ക്ക് ഒരു കുത്തിവെയ്പുകൂടി ബാക്കിയുണ്ടെന്നും അതെടുക്കാന്‍ വന്നതാണെന്നും പറഞ്ഞു. തങ്ങള്‍ ഡിസ്ചാര്‍ജായതാണെന്നും ഇനി കുത്തിവെയ്പ് വേണ്ടാ എന്നും പറഞ്ഞെങ്കിലും കേട്ടില്ല. സ്‌നേഹയുടെ കൈയില്‍പിടിച്ച് കുത്തിവെയ്‌പെടുക്കാന്‍ ശ്രമിച്ചതോടെ അമ്മയ്ക്ക് സംശയം തോന്നി. തുടര്‍ന്ന് അവര്‍ നഴ്‌സിങ്‌റൂമിലെത്തി വിവരം പറഞ്ഞു. ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ ഓടിയെത്തുമ്പോഴേക്കും സ്‌നേഹയുടെ കൈയില്‍ രണ്ടുപ്രാവശ്യം സിറിഞ്ച് ഇറക്കിയിരുന്നു. ഞരമ്പ് കിട്ടാത്തതിനാല്‍ അടുത്തതിന് ശ്രമിക്കുകയായിരുന്നു.

നഴ്‌സുമാരെത്തി കണ്ടപ്പോള്‍ തന്നെ ആശുപത്രി ജീവനക്കാരിയല്ലെന്ന് മനസ്സിലായി. ആശുപത്രിയില്‍ കുത്തിവെയ്പെടുക്കാന്‍ നിയോഗിച്ചിട്ടുള്ള നഴ്‌സുമാര്‍ക്ക് പ്രത്യേക യൂണിഫോമാണ്. എന്നാല്‍ അനുഷ ധരിച്ചിരുന്നത് അത്തരത്തിലുള്ളതായിരുന്നില്ല. ചോദ്യംചെയ്തതോടെ ഇവര്‍ മുറിയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നഴ്‌സുമാര്‍ തടഞ്ഞുവെച്ച് സുരക്ഷാജീവനക്കാരെ അറിയിച്ചു. പിന്നീട് പോലീസെത്തി കസ്റ്റഡിയിലെടുത്തു.

വര്‍ഷങ്ങളായി ബന്ധം….

സ്‌നേഹയുടെ ഭര്‍ത്താവ് അരുണും പ്രതി അനുഷയും തമ്മില്‍ ദീര്‍ഘകാലമായി സുഹൃത്തുക്കളാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്. അരുണും അനുഷയുടെ സഹോദരിയും ഒരുമിച്ച് പഠിച്ചവരാണ്. ഒരുവര്‍ഷം മുന്‍പാണ് അനുഷയുടെ രണ്ടാംവിവാഹം കഴിഞ്ഞത്. ആദ്യവിവാബബന്ധം വേര്‍പ്പെടുത്തിയശേഷം സ്‌കൂള്‍കാലത്ത് ഒരുമിച്ച് പഠിച്ചയാളെയാണ് അനുഷ രണ്ടാമത് വിവാഹം കഴിച്ചത്. നിലവിലെ ഭര്‍ത്താവ് വിദേശത്താണ്. അനുഷയുടെ വിവാഹചടങ്ങില്‍ സ്‌നേഹയും സഹോദരനും പങ്കെടുത്തിരുന്നു. ഈ സമയം അരുണ്‍ വിദേശത്തായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.

 

അരുണിനെ സ്വന്തമാക്കാനുള്ള ആഗ്രഹമെന്ന് മൊഴി

സുഹൃത്തായ അരുണിനെ തനിക്ക് സ്വന്തമാക്കാനുള്ള ആഗ്രഹത്തെത്തുടര്‍ന്നാണ് സ്‌നേഹയെ വായുകുത്തിവെച്ച് കൊല്ലാന്‍ശ്രമിച്ചതെന്നാണ് പ്രതി അനുഷ പോലീസിന് നല്‍കിയ മൊഴി. ഫാര്‍മസി കോഴ്‌സ് പൂര്‍ത്തിയാക്കിയ അനുഷ നേരത്തെ മാവേലിക്കരയിലെ ഒരു ആശുപത്രിയില്‍ ആറുമാസത്തെ പരിശീലനം നേടിയിരുന്നു. ഫാര്‍മസി കോഴ്‌സ് പഠിച്ചതിനാല്‍ ഞരമ്പില്‍ വായുകുത്തിവെച്ച് അപകടമുണ്ടാക്കാമെന്നും ഇത് സ്വാഭാവികമരണമായി ചിത്രീകരിക്കാമെന്നും യുവതി കരുതിയിരുന്നതായാണ് പ്രാഥമികനിഗമനം.

നഴ്‌സിന്റെ വേഷം ധരിച്ചാണ് അനുഷ ആശുപത്രിയിലെത്തിയത്. നഴ്‌സുമാര്‍ ധരിക്കുന്ന കോട്ടിന് പുറമേ ആരും തിരിച്ചറിയാത്തരീതിയില്‍ മുഖത്ത് മാസ്‌ക് ധരിച്ചിരുന്നു. മറ്റൊരു തുണി ഉപയോഗിച്ച് തല മറയ്ക്കുകയും ചെയ്തു. കൃത്യം നടത്താനായി സിറിഞ്ച് വാങ്ങിയത് മാവേലിക്കരയിലെ സ്ഥാപനത്തില്‍നിന്നാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. നഴ്‌സിങ് കോട്ട് കായംകുളത്തുനിന്നും വാങ്ങി. വ്യക്തമായ ആസൂത്രണം നടത്തിയാണ് പ്രതി യുവതിയെ കൊലപ്പെടുത്താന്‍ ആശുപത്രിയില്‍ എത്തിയതെന്നും അന്വേഷണത്തില്‍ തെളിഞ്ഞു.

 

ആശുപത്രിയിലെ വിവരം കൈമാറിയത് അരുണ്‍, ആര്‍ക്കും സംശയമില്ല…

ആശുപത്രിയില്‍ സ്‌നേഹ താമസിച്ചിരുന്ന മുറിയുടെ വിവരങ്ങള്‍ അനുഷയ്ക്ക് ലഭിച്ചത് അരുണില്‍നിന്നാണെന്നാണ് പ്രാഥമിക സൂചന. സ്‌നേഹയുടെ മുറിയും മറ്റുവിവരങ്ങളും പ്രതിക്ക് കൈമാറിയത് അരുണ്‍ ആയിരുന്നു. എന്നാല്‍, കുഞ്ഞിനെ കാണാന്‍ ആശുപത്രിയില്‍ പോവുകയാണെന്ന് പറഞ്ഞപ്പോള്‍ സുഹൃത്തിന് വിവരങ്ങള്‍ കൈമാറിയതാണെന്നായിരുന്നു ഇതുസംബന്ധിച്ച് അരുണിന്റെ മൊഴി. സംഭവത്തില്‍ അരുണില്‍നിന്ന് വിശദമായ മൊഴിയെടുക്കും. അതേസമയം, അരുണും അനുഷയും തമ്മില്‍ അടുപ്പമുണ്ടായിരുന്നതായി ആര്‍ക്കും സംശയമുണ്ടായിരുന്നില്ല. സ്‌നേഹയും ഇതുസംബന്ധിച്ച് ആരോടും സംശയങ്ങളൊന്നും പങ്കുവെച്ചിരുന്നില്ല. കേസില്‍ പ്രതി അനുഷയെ പോലീസ് സംഘം ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും. തുടര്‍ന്ന് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയശേഷം വിശദമായി ചോദ്യംചെയ്യുകയും തെളിവെടുപ്പ് നടത്തുകയും ചെയ്യും.

 

ഞെട്ടലില്‍ ബന്ധുക്കളും അയല്‍ക്കാരും…

ആശുപത്രിയില്‍ കഴിയുന്ന യുവതിയെ കുത്തിവെച്ച് കൊല്ലാന്‍ശ്രമിച്ചെന്ന വാര്‍ത്ത പുറത്തറിഞ്ഞതോടെ പ്രതി അനുഷയുടെ ബന്ധുക്കളും നാട്ടുകാരും ഞെട്ടലിലായിരുന്നു. അനുഷയെക്കുറിച്ച് അയല്‍ക്കാര്‍ക്കോ നാട്ടുകാര്‍ക്കോ ഇതുവരെ യാതൊരു സംശയവും ഉണ്ടായിരുന്നില്ല. ആ പെണ്‍കുട്ടിക്ക് എന്താണ് സംഭവിച്ചതെന്നായിരുന്നു വിവരമറിഞ്ഞ അയല്‍ക്കാരുടെ ചോദ്യം. അരുണുമായി അനുഷയ്ക്ക് പരിചയമുണ്ടെന്ന് സ്‌നേഹയുടെ സഹോദരനും പ്രതികരിച്ചു. അനുഷയുടെ കല്യാണത്തിനും താനും സ്‌നേഹയും ഒരുമിച്ചാണ് പോയതെന്നും സഹോദരന്‍ പറഞ്ഞു. സ്‌നേഹയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും നിലവില്‍ ലേബര്‍റൂമില്‍ നിരീക്ഷണത്തില്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!