നാല് മണിക്കൂർ നീണ്ട ശസ്ത്രക്രിയ; റോഡപകടത്തിൽ തകർന്ന പ്രവാസി യുവാവിൻ്റെ കവിളെല്ല് പുനർനിർമ്മിച്ചു
ജിദ്ദ: നാല് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ പ്രവാസി യുവാവിന്റെ പൊട്ടിയ കവിളെല്ല് പുനർനിർമ്മിച്ചു. മാക്‌സിലോഫേഷ്യൽ സർജറിയിൽ വിദഗ്ധരായ സൗദി മെഡിക്കൽ സംഘമാണ് സങ്കീർണമായ ശസ്ത്രക്രിയയിൽ വിജയിച്ചത്. റോഡപകടത്തിൽ യുവാവിന്റെ മുഖത്തെ എല്ലുകളിൽ ഒന്നിലധികം പൊട്ടലുകളും കവിൾത്തടങ്ങൾ തകർന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജിദ്ദയിലെ കിങ് അബ്ദുല്ല മെഡിക്കൽ കോംപ്ലക്‌സിലെ അത്യാഹിത വിഭാഗത്തിലാണ് പ്രവാസിയെ പ്രവേശിപ്പിച്ചത്.
മുഖത്തെ അസ്ഥികളിൽ ഒന്നിലധികം ഗുരുതരമായ ഒടിവുകൾ ഉണ്ടെന്ന് വൈദ്യപരിശോധനയിൽ കണ്ടെത്തി. മുഴുവൻ കവിൾത്തടവും പുനർനിർമ്മിക്കുന്നതിനും മുഖത്തെ ഒടിവുകൾ പരിഹരിക്കുന്നതിനും മുഖത്തെ മുറിവുകൾ സൗന്ദര്യവർദ്ധകമായി തുന്നിച്ചേർക്കുന്നതിനുമായി രോഗി അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തു. പൂർണ്ണ സുഖം പ്രാപിക്കുകയും ആരോഗ്യനില സ്ഥിരത കൈവരിക്കുകയും ചെയ്ത ശേഷം രോഗിയെ ഡിസ്ചാർജ് ചെയ്തു.
ജിദ്ദയിലെ കിംഗ് അബ്ദുല്ല മെഡിക്കൽ കോംപ്ലക്സിലെ ഓറൽ ആൻഡ് മാക്സിലോഫേഷ്യൽ സർജറി വിഭാഗം 2023 ന്റെ ആദ്യ പകുതിയിൽ 68 ശസ്ത്രക്രിയകൾ നടത്തിയതായി മന്ത്രാലയം അറിയിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക