പ്രവാസികൾക്കും യുപിഐ സൗകര്യം; വിദേശ നമ്പറുമായും എൻആർഐ അക്കൗണ്ടുമായും ബന്ധിപ്പിക്കാം

പ്രവാസികളുടെ എൻആർഐ അക്കൗണ്ടുകൾ ഇന്ത്യയിലെ യുപിഐ സംവിധാനവുമായി ബന്ധപ്പെടുത്താം. ചെറുകിട കടകളിൽ പോലും ലഭ്യമായ യുപിഐ പേയ്മെന്റ് സംവിധാനം പ്രവാസികൾക്കും വിദേശ വിനോദ സഞ്ചാരികൾക്കും ഇനി മുതൽ ഉപയോഗിക്കാം. യുപിഐയുടെ ക്യുആർ കോഡ് സ്കാൻ ചെയ്തു പണം ഡിജിറ്റലായി കൈമാറാം. ഇതുവരെ ഇന്ത്യൻ ഫോൺ നമ്പറുകളിൽ നിന്നു മാത്രമായിരുന്നു യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫെയ്സ് (യുപിഐ) വഴി പണമിടപാട് സാധിച്ചിരുന്നത്. പുതിയ സംവിധാനത്തിൽ വിദേശ നമ്പറുകളുമായും എൻആർഐ അക്കൗണ്ടുമായും യുപിഐ ബന്ധിപ്പിക്കാമെന്ന് ധനകാര്യ സഹമന്ത്രി ഡോ. ഭഗവന്ത് കിസാൻറാവു കരാട് പറഞ്ഞു.

∙ ആദ്യ ഘട്ടം യുഎഇ, ഒമാൻ, ഖത്തർ, സൗദി 

യുഎഇ, ഒമാൻ, ഖത്തർ, സൗദി എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ആദ്യ ഘട്ടത്തിൽ യുപിഐ സൗകര്യം ലഭിക്കുകയെന്ന് ഇന്ത്യൻ പാർലമെന്റിൽ നടത്തിയ പ്രസ്താവനയിൽ മന്ത്രി പറഞ്ഞു. മൊത്തം 10 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യുപിഐ ഉപയോഗിക്കാം. അതിൽ 4 രാജ്യങ്ങളാണ് ഗൾഫ് മേഖലയിൽ നിന്നുള്ളത്. എടിഎം, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാൻ സൗകര്യമില്ലാത്ത കടകളിൽ പോലും യുപിഐ പേയ്മെന്റ് സംവിധാനമുണ്ട്. വഴിയോരക്കച്ചവടക്കാർ പോലും ഡിജിറ്റൽ പേയ്മെന്റ് സംവിധാനം പ്രയോജനപ്പെടുത്തുന്നു. പ്രവാസികൾക്കും വിദേശികൾക്കും ഉപയോഗിക്കത്തക്ക നിലയിൽ പ്രീപെയ്ഡ് പേയ്മെന്റ് സംവിധാനത്തിൽ ആവശ്യമായ പരിഷ്കാരം വരുത്താൻ റിസർവ് ബാങ്ക് നിർദേശം നൽകി.

 

 

 

∙ രൂപയിലെ വ്യാപാരം അധികനേട്ടം

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും ഇന്ത്യയിലെ ബാങ്കുകളും ചേർന്നു രൂപം നൽകിയ ദേശീയ പേയ്മെന്റ് കോർപറേഷനാണ് യുപിഐ സംവിധാനങ്ങളെ നിയന്ത്രിക്കുന്നത്. യുഎഇയിൽ രൂപയിൽ വ്യാപാരം നടത്താനുള്ള കരാർ യാഥാർഥ്യമായതോടെ യുപിഐ സംവിധാനം പ്രവാസികൾക്ക് കൂടുതലായി പ്രയോജനപ്പെടും. ഇന്ത്യ ആതിഥ്യം വഹിക്കുന്ന ജി20 രാജ്യങ്ങളുടെ സമ്മേളനത്തിനു മുന്നോടിയായാണ് യുപിഐ സംവിധാനം വിദേശികൾക്കും പ്രവാസികൾക്കുമായി തുറന്നു കൊടുക്കാൻ തീരുമാനിച്ചത്. പ്രവാസികൾക്ക് ലഭിക്കുന്നതു പോലെ എല്ലായിടത്തം യുപിഐ ഉപയോഗിക്കാനുള്ള സൗകര്യം വിദേശ വിനോദ സഞ്ചാരികൾക്ക് ആദ്യ ഘട്ടത്തിൽ ലഭിക്കില്ല. ബെംഗളൂരു, മുംബൈ, ഡൽഹി വിമാനത്താവളങ്ങളിൽ ഇറങ്ങുന്നവർക്കാണ് സേവനം ലഭിക്കുക.

∙ ജി20 ഉച്ചകോടി വേദിയിലും

ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്ന അംഗങ്ങൾക്ക് യോഗവേദിയിൽ പണമിടപാട് നടത്താനും ഈ സേവനം ഉപയോഗിക്കാം. ഇന്റർനാഷനൽ കാർഡുകൾ സ്വീകരിക്കാത്ത ചെറിയ കടകളിൽ പോലും വിദേശസഞ്ചാരികൾക്ക് എളുപ്പത്തിൽ ഡിജിറ്റൽ പേയ്മെന്റ് നടത്താമെന്നതാണ് മെച്ചം. ഫെയ്‌വ്, ട്രാൻസ്കോർപ് എന്നീ ആപ്പുകൾ വഴിയാണ് വിദേശികൾക്ക് യുപിഐ ഉപയോഗിക്കാൻ കഴിയുക. ഇതിലേതെങ്കിലും ആപ് തിരഞ്ഞെടുത്ത ശേഷം തോമസ് കുക്കിന്റെ മണി എക്സ്ചേഞ്ച് കൗണ്ടറിൽ നിന്ന് വിദേശ കറൻസി നൽകി പ്രീപെയ്ഡ് വോലറ്റ് സ്വന്തമാക്കാം. ഇതിലേക്ക് ആവശ്യത്തിനുള്ള പണം ലോഡ് ചെയ്ത ശേഷം യുപിഐ വഴി ഇന്ത്യയിൽ എവിടെയും പേയ്മെന്റ് നടത്താം.

 

∙ പ്രതിവർഷ  ഇടപാടുകൾ 5.1 കോടി

ഇന്ത്യയിൽ 2016 മുതൽ യുപിഐ സംവിധാനമുണ്ടെങ്കിലും വിദേശ രാജ്യങ്ങൾ പലതും ഇത് അംഗീകരിച്ചു തുടങ്ങിയിട്ട് ഒരു വർഷത്തിലധികമായിട്ടില്ല. ഈ വർഷം ജനുവരി മുതൽ ജൂൺ വരെ 5.1 കോടി യുപിഐ ഇടപാടുകളാണ് ഇന്ത്യയിൽ നടന്നത്. സെക്കൻഡുകൾക്കുള്ളിൽ പേയ്മെന്റ് നടത്താമെന്നതും എപ്പോൾ വേണമെങ്കിലും പേയ്മെന്റ് നടത്താം എന്നതുമാണ് യുപിഐയെ ഇന്ത്യയിൽ ജനപ്രിയമാക്കിയത്. ഭീം, ഫോൺപേ, ജിപേ, ആമസോൺ പേ തുടങ്ങിയ പേയ്മെന്റ് ആപ്പുകൾ ഇന്ത്യയിൽ സജീവമാണ്. ഇതിൽ ഏതെങ്കിലും ആപ്ലിക്കേഷനുമായി ബാങ്ക് അക്കൗണ്ട് ബന്ധിപ്പിക്കുന്നതോടെ മൊബൈൽ ഫോൺ വഴി പണമിടപാടുകൾ അതിവേഗം നടത്താം. യുപിഐ സംവിധാനത്തിൽ വിവിധ ബാങ്കുകൾ ഒരേ സമയം പങ്കാളികളാണ്. അയയ്ക്കുന്ന ആളിന്റെ ബാങ്കും സ്വീകരിക്കുന്ന ആളിന്റെ ബാങ്കും വ്യത്യസ്തമാണെങ്കിലും പണമിടപാടുകൾക്ക് ഒരു നിമിഷം പോലും വൈകില്ല.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!