അമ്മയുടെ സഹായത്തോടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; കേസിൽനിന്ന് പ്രവാസി വ്യവസായിയെ ഒഴിവാക്കാൻ ഡിവൈഎസ്പിക്ക് റിസോർട്ട് നൽകി; ശബ്ദരേഖ പുറത്ത്

കോഴിക്കോട് മുക്കത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ യഥാർഥ പ്രതിയെ മാറ്റിയെന്ന ആരോപണം ശക്തമാകുന്നതിനിടെ ഇതു ശരിവയ്ക്കുന്ന പെൺകുട്ടിയുടെ രണ്ടാനച്ഛന്റെ ശബ്ദരേഖ പുറത്ത്. പോക്സോ കേസിൽ പൊലീസിന്‍റെ സഹായത്തോടെ പ്രതിയെ മാറ്റിയെന്നാണ് രണ്ടാനച്ഛന്‍റെ വെളിപ്പെടുത്തല്‍. മുൻ ഡിവൈഎസ്പിയാണ് കേസ് അട്ടിമറിക്കാൻ സഹായിച്ചതെന്നും ഡിവൈഎസ്പിക്ക് പ്രതിഫലമായി റിസോർട്ട് നൽകിയെന്നും ശബ്ദരേഖയില്‍ പറയുന്നു.

2008ൽ മുക്കത്ത് അമ്മയുടെ സഹായത്തോടെ രണ്ടാനച്ഛൻ 13 വയസ്സുകാരിയെ പീഡിപ്പിക്കുകയും മറ്റുള്ളവർക്ക് പീഡിപ്പിക്കാനായി വിട്ടു നൽകുകയും ചെയ്തു എന്നായിരുന്നു കേസ്. 2021ൽ അമ്മയും രണ്ടാനച്ഛനും അടക്കം 8 പ്രതികളെ കോടതി ശിക്ഷിച്ചു. അമ്മയ്ക്ക് 7 വർഷവും, രണ്ടാനച്ഛൻ അടക്കം മറ്റുള്ളവർക്ക് 10 വർഷം വീതവുമായിരുന്നു തടവ്.

പോക്സോ കേസില്‍ മൊഴി മാറ്റാൻ വലിയ വീട് വാഗ്ദാനം നൽകിയെന്നും പെണ്‍കുട്ടിയുടെ രണ്ടാനച്ഛൻ ആരോപിക്കുന്നു. എന്നാല്‍ പിന്നീടു നൽകിയത് ഒരു ചെറിയ വീടാണെന്നും മാസം പതിനായിരം രൂപ വീതം നൽകാമെന്നും വാഗ്ദാനം ചെയ്തിരുന്നുവെന്നും ഇയാള്‍ ആരോപിക്കുന്നു. കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലാണ് ഇപ്പോൾ രണ്ടാനച്ഛൻ. പോക്സോ കേസില്‍ കൂട്ടുനിന്നു എന്ന നിലയ്ക്കാണ് രണ്ടാനച്ഛൻ ശിക്ഷിക്കപ്പെട്ടത്. പരോളില്‍ പുറത്തിറങ്ങിയ രണ്ടാനച്ഛൻ ഒരു സുഹൃത്തിനോടു സംസാരിക്കുന്ന ശബ്ദരേഖയാണ് ഇപ്പോള്‍ പുറത്തുവന്നത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീ‍ഡിപ്പിച്ച കേസിൽനിന്നു യഥാർഥ പ്രതിയായ പ്രവാസി വ്യവസായിയെ രക്ഷപ്പെടുത്താൻ തിരുവമ്പാടി മുൻ എംഎൽഎയും സിപിഎം നേതാവുമായ ജോർജ് എം.തോമസ് ഇടപെട്ടു എന്ന ആരോപണം ഉയർന്നിരുന്നു. ഇതും അന്വേഷിച്ച സിപിഎം പാർട്ടി കമ്മിഷൻ ഇതു ശരിയാണെന്നു കണ്ടെത്തി ജോർജ് എം.തോമസിനെ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു.

യഥാർഥ പ്രതിയെ രക്ഷപ്പെടുത്താൻ ഗൂഢാലോചന നടന്നെന്ന് ഇരയുടെ മാതാവും കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. പെൺകുട്ടിയെ പീഡിപ്പിച്ച, ‘വിച്ചി’ എന്ന് വിളിപ്പേരുള്ള യഥാർഥ പ്രതിയെ മാറ്റി പകരം ആ സ്ഥാനത്തു മറ്റൊരാളെ പ്രതിയാക്കാൻ പൊലീസ് ഒത്തുകളിച്ചെന്നും ഇതിനായി വൻ സാമ്പത്തിക ഇടപാടുകൾ നടന്നുവെന്നും കേസിലെ ഒന്നാം പ്രതി കൂടിയായ മാതാവ് പറഞ്ഞു. പൊലീസ് – രാഷ്ട്രീയ ഗൂഢാലോചന ഇതിനു പിന്നിലുണ്ട്. കേസിൽ പുനരന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടു.

2008ൽ കേസ് റജിസ്റ്റർ ചെയ്യുകയും 2021ൽ കോഴിക്കോട് അതിവേഗ കോടതി 8 പ്രതികൾക്കു ശിക്ഷ വിധിക്കുകയും ചെയ്ത കേസിലാണ് ഇപ്പോൾ പുതിയ വെളിപ്പെടുത്തലുകൾ ഉണ്ടായിരിക്കുന്നത്. ഇതോടെ കേസിൽ തുടരന്വേഷണം ആവശ്യം ഉയരുന്നു. കേസ് അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയവരുടെ പങ്ക് അന്വേഷിക്കണമെന്നും യഥാർഥ പ്രതിയെ നിയമത്തിനു മുന്നിൽ എത്തിക്കണമെന്നുമാണ് ആവശ്യം. പ്രതിയെ മാറ്റിയെന്നു നേരത്തെ തന്നെ ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു. ഇത് അന്വേഷിക്കണമെന്നാവശ്യപ്പെട്ടു പല സംഘടനകളും അക്കാലത്ത് രംഗത്തു വന്നിരുന്നു. ജോർജ് എം.തോമസിനെതിരെ പാർട്ടിയിൽനിന്ന് ഇതേ ആരോപണം ഉയർന്നതോടെയാണു പ്രതിയെ മാറ്റിയ വിഷയം ഇപ്പോൾ വീണ്ടും സജീവമായത്. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ പ്രതികരിക്കാനില്ലെന്ന് ജോർജ് എം.തോമസ് പറഞ്ഞു.

 

∙ കോടതിയിൽ താൻ പറഞ്ഞ കാര്യങ്ങളും ചേർത്ത് മാതാവ് പറയുന്നു:

‘‘ അവളെ ഏറ്റവും കൂടുതൽ ഉപദ്രവിച്ചത് വിച്ചി എന്നു പറയുന്ന സിദ്ദിഖ് ആണ്. ആദ്യം പൊലീസിൽ മൊഴി നൽകിയപ്പോൾ പൊലീസ് വിച്ചി എന്നു മാത്രമാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയത്. പിന്നീട് കുറ്റപത്രം സമർപ്പിച്ചപ്പോൾ വിച്ചി എന്നു പേരുള്ളത് മലപ്പുറം വേങ്ങര കണ്ണഞ്ചേരി മുഹമ്മദ് മുസ്തഫ (മാനു–54) എന്നയാളായി മാറിയത് അട്ടിമറിയിലൂടെയാണ്. സിദ്ദിഖിന്റെ പേര് പറയാതിരിക്കാൻ ഞങ്ങൾക്ക് വീടും സ്ഥലവും മാസം തോറും തുകയും വാഗ്ദാനം ചെയ്തു. പിന്നീട് ഞങ്ങളെ ഒഴിവാക്കി. പെൺകുട്ടിയെ പീഡിപ്പിച്ച കെട്ടിടം അഭിഭാഷകന്റെ നിർദേശ പ്രകാരം പൊളിച്ചു കളയുകയായിരുന്നു. അതുകൊണ്ടാണു കുട്ടിക്കു തെളിവെടുപ്പിൽ സ്ഥലം തിരിച്ചറിയാൻ കഴിയാതെ പോയത്’’

 

∙ വിച്ചി എന്ന പേരിൽ ശിക്ഷിക്കപ്പെട്ട മുഹമ്മദ് മുസ്തഫ പറയുന്നു:

‘‘വിച്ചി എന്നു പേരുള്ളയാൾ പീഡിപ്പിച്ചു എന്നാണു പെൺകുട്ടി ആദ്യം മൊഴി നൽകിയത്. ഈ വിച്ചി ഞാനാണെന്നു പറഞ്ഞാണ് എന്നെ പൊലീസ് അറസ്റ്റ് ചെയ്തത്. യഥാർഥ വിച്ചിക്കു വേണ്ടി എന്നെ കുടുക്കുകയായിരുന്നു. എന്റെ നാട്ടിലോ ബന്ധുക്കൾക്കിടയിലോ ഒന്നും വിച്ചി എന്ന ഒരു പേരില്ല. ഞാൻ വിച്ചിയല്ലെങ്കിലും പെൺകുട്ടി എന്നെ തിരിച്ചറിഞ്ഞു എന്ന പേരിലാണു കോടതി എന്നെ ശിക്ഷിച്ചത്. 2007ൽ സംഭവം നടന്ന് 14 വർഷത്തിനു ശേഷം 2021ലാണു വിചാരണ നടത്തിയത്. പെൺകുട്ടിക്കു പലരെയും തിരിച്ചറിയാൻ കഴിയാത്ത വിധം അത്രയും വർഷങ്ങൾ കഴിഞ്ഞിരുന്നു. പെൺകുട്ടി എന്നെ തിരിച്ചറിഞ്ഞു എന്ന ഒറ്റക്കാരണം കൊണ്ടാണ് ഞാൻ ശിക്ഷിക്കപ്പെട്ടത്. കേസിൽ പുനരന്വേഷണം വേണം.’’

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!