തട്ടിപ്പുകാരെ ഭീഷണിപ്പെടുത്തി പണം വാങ്ങി; പ്രതികളുമായി സഞ്ചരിക്കുന്നതിനിടെ കർണാടക പൊലീസ് കൊച്ചിയിൽ പിടിയിൽ

കൊച്ചി: ഓണ്‍ലൈന്‍ തട്ടിപ്പുകേസിലെ പ്രതികളില്‍നിന്ന് പണം തട്ടിയെടുത്തെന്ന കേസില്‍ 4 കര്‍ണാടക പൊലീസ് ഉദ്യോഗസ്ഥർ പിടിയിൽ. കസ്റ്റഡിയിലെടുത്ത പ്രതികളുമായി വാഹനത്തില്‍ സഞ്ചരിക്കുന്നതിനിടെയാണ് കര്‍ണാടക പൊലീസ് സംഘത്തെ കേരള പൊലീസ് പിടികൂടിയത്. പണം നല്‍കിയാല്‍ കേസില്‍നിന്ന് ഒഴിവാക്കാമെന്ന് പറഞ്ഞാണ് കര്‍ണാടക പൊലീസ് സംഘം ലക്ഷങ്ങള്‍ കൈക്കലാക്കിയതെന്നും ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍നിന്ന് 3.95 ലക്ഷം രൂപ കണ്ടെടുത്തതായും കൊച്ചി ഡിസിപി ശശിധരന്‍ പറഞ്ഞു.‌

 

ബെംഗളൂരു വൈറ്റ്ഫീൽഡ് സൈബർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ സിഐ ശിവപ്രകാശ്, പൊലീസുകാരായ സന്ദേശ്, ശിവണ്ണ, വിജയകുമാർ എന്നിവരെയാണ് കൊച്ചി സിറ്റി പൊലീസ് പിടികൂടിയത്. കഴിഞ്ഞദിവസമാണ് കര്‍ണാടക പൊലീസ് സംഘം പണം തട്ടിയെടുത്തതായി കൊച്ചി പൊലീസിന് പരാതി ലഭിച്ചത്. ബെംഗളൂരു വൈറ്റ്ഫീല്‍ഡിലെ സ്‌റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത ഓണ്‍ലൈന്‍ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനായാണ് കര്‍ണാടക പൊലീസ് സംഘം കൊച്ചിയിലെത്തിയത്.

 

ഓണ്‍ലൈന്‍ ഇടപാടില്‍ ബെംഗളൂരുവിലെ ഒരു സ്ത്രീക്ക് 26 ലക്ഷത്തോളം രൂപ നഷ്ടമായെന്നായിരുന്നു പരാതി. മലപ്പുറത്തുനിന്ന് രണ്ടുപ്രതികളെ കര്‍ണാടക പൊലീസ് സംഘം ആദ്യം കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച വൈകിട്ടാണ് മട്ടാഞ്ചേരിയില്‍നിന്ന് രണ്ടുപേരെ കൂടി പിടികൂടിയത്.

 

കൊച്ചിയിൽ വച്ച് പണം ചോദിച്ച് ഭീഷണിപ്പെടുത്തിയതോടെയാണ് പ്രതികളുടെ ബന്ധുക്കള്‍ പൊലീസിനെ വിവരമറിയിച്ചത്. തുടര്‍ന്ന് കൊച്ചി കളമശ്ശേരി പൊലീസ് ഇവരുടെ വാഹനം കണ്ടെത്തുകയും പണവുമായി പിടികൂടുകയുമായിരുന്നു. കേസുമായി ബന്ധപ്പെട്ട് വിളിപ്പിക്കുമ്പോൾ കൊച്ചിയിൽ ഹാജരാകണമെന്ന നിബന്ധനയോടെ ഉദ്യോഗസ്ഥരെ കർണാട പൊലീസിന് കൈമാറുമെന്നും കേരള പൊലീസ് അറിയിച്ചു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!