ഗ്യാൻവാപി പള്ളി പരിസരത്ത് ശിവലിംഗം ഉണ്ടെന്ന വാദം; പള്ളി പരിസരത്ത് ശാസ്ത്രീയ പരിശോധന നടത്താൻ അലഹബാദ് ഹൈക്കോടതിയുടെ അനുമതി
ഉത്തർപ്രദേശിലെ ഗ്യാൻവാപി പള്ളിപ്പരിസരത്ത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പരിശോധന നടത്താൻ അലഹാബാദ് ഹൈക്കോടതി അനുമതി നൽകി. പരിശോധന അനുവദിച്ച വാരാണസി ജില്ലാ കോടതി ഉത്തരവിനുള്ള സ്റ്റേ പിൻവലിച്ചു. പരിശോധന നടത്താമെന്ന വാരാണസി ജില്ലാ കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തത് ഇന്നുവരേക്കു നീട്ടിയിരുന്നു.
അലഹാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രീതിങ്കർ ദിവാകറാണ് വാദം കേട്ടശേഷം സ്റ്റേ നീട്ടിയത്. നേരത്തെ, ഈ മാസം 26നു വൈകിട്ട് 5 വരെ ഉത്തരവു സ്റ്റേ ചെയ്ത സുപ്രീം കോടതി, ഇതിനകം മുസ്‍ലിം വിഭാഗത്തിന്റെ അപ്പീലിൽ തീരുമാനമെടുക്കാൻ ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരുന്നു. സുപ്രീം കോടതി അനുവദിച്ച സമയപരിധി കഴിഞ്ഞ സാഹചര്യത്തിലാണ് ഓഗസ്റ്റ് മൂന്നിന് അന്തിമവിധി പ്രസ്താവിക്കും വരെ സ്റ്റേ നീട്ടിയത്.
കാശി വിശ്വനാഥ ക്ഷേത്രത്തോടു ചേർന്നുള്ള ഗ്യാൻവാപി പള്ളിയുടെ പടിഞ്ഞാറുഭാഗത്തെ മതിലിനടുത്ത് ശൃംഗാർ ഗൗരി ക്ഷേത്രത്തിൽ നിത്യാരാധനയ്ക്ക് അനുമതി തേടിയുള്ള ഹർജി നിലനിൽക്കെയാണു സർവേ നടത്തണമെന്ന ആവശ്യം ഉയർന്നത്. കഴിഞ്ഞവർഷം മേയിൽ, കോടതി ഉത്തരവിനെത്തുടർന്നുള്ള വിഡിയോ സർവേയിൽ പള്ളി പരിസരത്തു ശിവലിംഗം കണ്ടതായി ഹിന്ദു വിഭാഗം ചൂണ്ടിക്കാട്ടി. ഇതു ശിവലിംഗമല്ലെന്നും അംഗശുദ്ധി വരുത്തുന്ന ഹൌളിലെ ജലധാരയുടെ ഭാഗമാണെന്നുമാണു മുസ്‍ലിം വിഭാഗം വാദിച്ചത്. ഇതിന്റെ കാലപ്പഴക്കം തീരുമാനിക്കാനുള്ള കാർബൺ ഡേറ്റിങ് നടത്തുന്ന വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
ഇതുൾപ്പെടുന്ന ഭാഗം (പള്ളിയിൽ അംഗശുദ്ധി വരുത്തുന്ന സ്ഥലം) ഒഴിവാക്കി സർവേ നടത്താനാണു വാരാണസി കോടതി ഉത്തരവിട്ടത്. പള്ളി പരിസരത്തു സ്വയംഭൂവായ ജ്യോതിർലിംഗം നൂറ്റാണ്ടുകളായി ഉണ്ടായിരുന്നുവെന്നും മുഗൾ അധിനിവേശത്തിൽ ഇതു തകർക്കപ്പെട്ടുവെന്നുമാണ് സർവേ ആവശ്യപ്പെട്ടവരുടെ വാദം. 1669ൽ ഔറംഗസേബിന്റെ ആജ്ഞപ്രകാരം അനുയായികൾ ഇതു തകർത്തു, 1777–80ൽ കാശിവിശ്വനാഥ ക്ഷേത്രം പണികഴിപ്പിച്ചു, ഗ്യാൻവാപി പള്ളി ഇരിക്കുന്ന സ്ഥലത്താണ് യഥാർഥ ക്ഷേത്രം എന്നിങ്ങനെയാണു ഹർജിക്കാരുടെ വാദം.
വരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിന് തൊട്ടടുത്താണ് ഗ്യാന്‍വ്യാപി മസ്ജിദ്. 2019 മാര്‍ച്ചിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കാശി വിശ്വനാഥ കോറിഡോറിന് തറക്കല്ലിടുന്നത്. 600 കോടിയുടെ പദ്ധതിയാണ് കാശി വിശ്വനാഥ് കോറിഡോര്‍. ഇതിനായി കാശി വിശ്വനാഥ ക്ഷേത്രത്തിനു ചുറ്റുമുള്ള 45,000 ചതുരശ്ര അടി ഭൂമി ഏറ്റെടുക്കണം. ചുറ്റുമുള്ള 300 വീടുകളും മറ്റു കെട്ടിടങ്ങളും പൊളിച്ചു നീക്കണം. ഈ 45,000 ചതുരശ്ര അടിയ്ക്കുള്ളിലാണ് ഗ്യാന്‍വ്യാപി മസ്ജിദ് സ്ഥിതി ചെയ്യുന്നത്.
കാശി വിശ്വനാഥ കോറിഡോര്‍ പദ്ധതി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ പദ്ധതിയുടെ രൂപരേഖാ വിഡിയോ ട്വിറ്ററില്‍ പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ പള്ളിയെ പദ്ധതി പ്രദേശത്തിനുള്ളിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. അതായത് ക്ഷേത്രത്തിന്റെ വികസനപദ്ധതിയില്‍ പള്ളി നിന്ന ഭൂമി കൂടി ഉള്‍പ്പെടുത്തിയാണ് പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ തന്റെ മണ്ഡലത്തിലേക്കായി തയാറാക്കിയിട്ടുള്ളത്.
1930കള്‍ മുതല്‍ ഗ്യാന്‍വ്യാപി മസ്ജിദ് കൈവശപ്പെടുത്താന്‍ സംഘ്പരിവാര്‍ ശ്രമം നടത്തിവരികയാണ്. ഇതില്‍ ഏറ്റവും അവസാനത്തേതായിരുന്നു ബാബരി മാതൃകയില്‍ ഗ്യാന്‍വ്യാപി പള്ളിയ്ക്കുള്ളില്‍ വിഗ്രഹം കടത്താനുള്ള ശ്രമം. നന്തി വിഗ്രഹം പള്ളി വളപ്പിനുള്ളിലെ വടക്കന്‍ മതിലിന്റെ അടുത്ത് കുഴിച്ചിടാന്‍ സംഘ്പരിവാര്‍ ശ്രമം നടത്തുകയായിരുന്നു. ശിവക്ഷേത്രങ്ങളിലെ പ്രവേശനകവാടത്തില്‍ സാധാരണ കണ്ടുവരാറുള്ളതാണ് നന്തിയുടെ വിഗ്രഹം. ഇത്തരത്തില്‍ പഴക്കമുള്ള വിഗ്രഹങ്ങളിലൊന്ന് പകല്‍ വെളിച്ചത്തില്‍ പള്ളിവളപ്പില്‍ കുഴിച്ചിടാന്‍ ശ്രമിക്കുന്നത് പള്ളിക്കമ്മിറ്റിക്കാര്‍ കയ്യോടെ പിടികൂടിയിരുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക