‘മാപ്പ് പറയില്ല’; മോദി പരാമർശത്തിൽ സുപ്രീംകോടതിയിൽ നയം വ്യക്തമാക്കി രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: അപകീർത്തി പരാമർശത്തിൽ മാപ്പ് പറയില്ലെന്ന് വ്യക്തമാക്കി രാഹുൽ ഗാന്ധി. സുപ്രീം കോടതിയിൽ സമർപ്പിച്ച എതിർസത്യവാങ്മൂലത്തിലാണ് രാഹുൽ ഗാന്ധി നയം വ്യക്തമാക്കിയത്. ഹർജിക്കാരൻ നിയമത്തെ ദുരുപയോഗം ചെയ്യുകയാണ്. മാപ്പ് പറയാനായി നിർബന്ധിക്കുകയാണ് തുടങ്ങിയ കാര്യങ്ങളാണ് രാഹുൽ ഗാന്ധി എതിർ സത്യവാങ്മൂലത്തിൽ ഉന്നയിക്കുന്നത്. കീഴ്‌കോടതി വിധികൾക്കെതിരെയും രാഹുൽ ഗാന്ധി വിമർശനം ഉന്നയിക്കുന്നുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ കേസ് പരിഗണിക്കാനിരിക്കെയാണ് രാഹുൽ ഗാന്ധി എതിർസത്യവാങ്മൂലം സമർപ്പിച്ചത്.

‘മോദി’ പരാമർശത്തിന്റെ പേരിലുള്ള അപകീർത്തിക്കേസിൽ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന രാഹുൽ ഗാന്ധിയുടെ ഹർജിയിൽ‌ സുപ്രീംകോടതി നോട്ടിസയച്ചിരുന്നു. വിശദമായ മറുവാദം കൂടി കേൾക്കണമെന്ന് വ്യക്തമാക്കിയാണ് നോട്ടിസ് അയച്ചത്. രാഹുലിന്റെ സ്റ്റേ ആവശ്യം ഗുജറാത്ത് ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണു സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്. അപകീർത്തിക്കേസിലെ പരാതിക്കാരനായ ബിജെപി എംഎൽഎ പൂർണേശ് മോദി നേരത്തെ തന്നെ തടസ്സ ഹർജി നൽകിയിരുന്നു.

 

താന്‍ കുറ്റക്കാരനല്ലെന്നും ആരോപിക്കപ്പെട്ട കുറ്റം നിലനില്‍ക്കുന്നതല്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. മാപ്പു പറയണമായിരുന്നെങ്കില്‍ അത് നേരത്തെ ആകാമായിരുന്നെന്നും രാഹുല്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. രണ്ടുകൊല്ലത്തെ തടവുശിക്ഷ സ്റ്റേ ചെയ്യണമെന്നും അതിലൂടെ ലോക്‌സഭയുടെ നിലവിലെ സമ്മേളനത്തിലും തുടര്‍ സമ്മേളനങ്ങളിലും പങ്കെടുക്കാന്‍ അവസരം നല്‍കണമെന്നും രാഹുല്‍ അഭ്യർഥിക്കുന്നു.

മാപ്പ് പറയാന്‍ വിസമ്മതിച്ചെന്ന ഒറ്റക്കാരണത്താലാണ് പൂര്‍ണേഷ് മോദി തന്നെ വിശേഷിപ്പിക്കാന്‍ ‘ധിക്കാരി’ തുടങ്ങിയ പ്രയോഗങ്ങള്‍ ഉപയോഗിക്കുന്നതെന്നും സത്യവാങ്മൂലത്തില്‍ രാഹുല്‍ ചൂണ്ടിക്കാണിക്കുന്നു.

2019 ഏപ്രിലില്‍ കര്‍ണാടകയിലെ കോലാറില്‍ നടത്തിയ പ്രസംഗമാണ് രാഹുലിനെതിരേ കേസെടുക്കുന്നതിലും തുടർന്ന് എം.പി.സ്ഥാനം നഷ്ടമാകുന്നതിലും കലാശിച്ചത്. മോദി സമുദായത്തെ ഒട്ടാകെ അപമാനിക്കുന്നതാണ് രാഹുലിന്റെ പരാമര്‍ശമെന്ന് കാണിച്ച് ഗുജറാത്തില്‍നിന്നുള്ള എം.എല്‍.എ. പൂര്‍ണേഷ് മോദിയാണ് കോടതിയെ സമീപിച്ചത്.

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!