ദുബായ് ജയിലിൽ പതിവായി മകൻ്റെ ചിത്രം വരക്കുന്ന പ്രവാസിക്ക് ജയിലധികൃതരുടെ സർപ്രൈസ്

ദുബായ് : ജയിലിൽ കഴിയുന്ന പ്രവാസിക്ക് നാട്ടിലുള്ള മകനെ കാണാൻ അവസരമൊരുക്കി ദുബായ് പോലീസ്. തടവുപുള്ളികളിൽ ഒരാൾ പതിവായി മകന്റെ ചിത്രം വരയ്ക്കുന്നത് ശ്രദ്ധയിൽപ്പെട്ട അധികൃതർ മകനെ ദുബായിലെത്തിച്ച് കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കുകയായിരുന്നു. കുറ്റവാളിയാണെന്ന് കണ്ടെത്തി തടവ് അനുഭവിക്കുമ്പോഴും മകനോടുള്ള അതിരറ്റ സ്‌നേഹം കൈവിടാതെ സൂക്ഷിക്കുന്ന ഒരു പിതാവിനെ തിരിച്ചറിഞ്ഞാണ് ജയിൽ അധികൃതർ അദ്ദേഹത്തിന്റെ മകനെ കാണാനുള്ള ആഗ്രഹം സഫലമാക്കിയത്. (ദുബായ് പോലീസ് പുറത്തുവിട്ട പിതാവിന്റെയും മകന്റെയും ചിത്രം)

തടവുപുള്ളിയെയും കുടുംബത്തെയുംകുറിച്ച് വിശദമായി പഠിച്ച ശേഷമായിരുന്നു നടപടി. ജയിലിൽ ചെയ്യേണ്ട ജോലിയുടെ ഭാഗമായി ചിത്രരചന പരിശീലിച്ച വ്യക്തിയായിരുന്നു ഈ തടവുകാരൻ. സ്ഥിരമായി വരയ്ക്കുന്നത് മകന്റെ ചിത്രങ്ങളാണെന്ന് അധികൃതർക്ക് മനസ്സിലായി. അതോടെ തടവുകാരുടെ സന്തോഷം എന്ന പദ്ധതിയുടെ ഭാഗമായി ഇദ്ദേഹത്തിന് ഒരു അപ്രതീക്ഷിത സന്തോഷം നൽകാൻ ദുബായ് പോലീസ് തീരുമാനിക്കുകയായിരുന്നു.

മറ്റൊരു രാജ്യത്ത് കഴിഞ്ഞിരുന്ന മകനെ ദുബായിലെത്തിച്ച് പിതാവുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കി. ജയിലിൽ മാന്യമായി പെരുമാറുന്ന തടവുപുള്ളിയായിരുന്നു ഇയാളെന്നും ഇത്തരം നടപടികൾ ജയിലിൽ കഴിയുന്നവരുടെ മാനസിക സംഘർഷം കുറയ്ക്കാൻ സഹായിക്കുമെന്നും ജയിൽ വകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ മർവാൻ ജൽഫാർ പറഞ്ഞു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 

Share
error: Content is protected !!