കരിപ്പൂരില്‍ വീട് നഷ്ടപ്പെടുന്നവര്‍ക്ക് 10 ലക്ഷംരൂപ അധികം നല്‍കും; ഇല്ലാതാകുക 64 വീടുകള്‍, ഈ തുക കൊണ്ട് വേറെ വീടും സ്ഥലവും കിട്ടില്ലെന്ന് നാട്ടുകാർ
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവള വികസനത്തിനായി ഭൂമിയേറ്റെടുക്കുന്നതിനേത്തുടർന്ന് വീട് നഷ്ടപ്പെടുന്നവര്‍ക്കുള്ള നഷ്ടപരിഹാരത്തുക കൂട്ടിനല്‍കാന്‍ തീരുമാനം. വീട് നഷ്ടപ്പെടുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ അധികമായി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
റെസ (റൺവേ എന്‍ഡ് സേഫ്റ്റി ഏരിയ) വിപുലീകരണത്തിനായി ഭൂമിയേറ്റെടുക്കുമ്പോള്‍ 64 വീടുകളും ഒരു അങ്കണവാടി കെട്ടിടവുമാണ് ഇല്ലാതാകുക. വീടുകള്‍ക്ക് പൊതുമരാമത്ത് നിശ്ചയിച്ച തുകയ്ക്കു പുറമേ 4,60,000 രൂപകൂടി അധികം നല്‍കാനായിരുന്നു നേരത്തേയുള്ള തീരുമാനം. എന്നാല്‍ ഈ തുക അപര്യാപ്തമാണെന്ന് ഉടമകള്‍ ചൂണ്ടിക്കാണിച്ചിരുന്നു. തുടര്‍ന്നാണ് തുക പത്ത് ലക്ഷമായി ഉയര്‍ത്താന്‍ തീരുമാനിച്ചത്.
നിലവില്‍ വീടിന് സ്‌ക്വയര്‍ഫീറ്റിന് 3,000 രൂപയും സ്ഥലത്തിന് സെന്റിന് രണ്ടര ലക്ഷം രൂപയോളവുമാണ് കണക്കാക്കിയിട്ടുള്ളത്. ഈ തുകയ്‌ക്കൊപ്പമാണ് പത്ത് ലക്ഷം രൂപ അധികമായി അനുവദിച്ചിരിക്കുന്നത്.
എന്നാൽ സ്‌ക്വയര്‍ഫീറ്റിന് 3,000 രൂപയും സ്ഥലത്തിന് സെന്റിന് രണ്ടര ലക്ഷം രൂപയും കിട്ടിയാൽ തന്നെ നഷ്ടപ്പെടുന്ന വീടിനും സ്ഥലത്തിനും സമാനമായത് കിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. സമീപ പ്രദേശങ്ങളിലൊന്നും രണ്ടര ലക്ഷം രൂപക്ക് സ്ഥലം കിട്ടാനില്ല. നാട്ടുനടപ്പ് അനുസരിച്ചുള്ള വില പോലും സർക്കാർ നൽകുന്നില്ല. അധികമായി ലഭിക്കുന്ന പത്ത് ലക്ഷം കൂട്ടിയാൽ പോലും പകരം സ്ഥലവും വീടും ലഭിക്കില്ല. അധികം പത്തം ലക്ഷം ലഭിക്കുന്നത് വീട് നഷ്ടപ്പെടുന്നവർക്ക് മാത്രമാണ്. സ്ഥലം നഷ്ടപ്പെടുന്നവർക്ക് നാട്ടു നടപ്പനുസരിച്ചുള്ള വില പോലും കിട്ടുന്നില്ലെന്നും നാട്ടുകാർ പറയുന്നു. കൂടാതെ നിലവിൽ നാട്ടിൽ കൂലി വേല ചെയ്ത് ജീവിക്കുന്നവർക്ക് നാട് വിട്ടുപോകുന്നതോടെ ജോലിയില്ലാതാകുമെന്നുള്ള ഭയവും ഉണ്ട്. പൂർവ്വീകരുടെ അനുഭവണാണ് നാട്ടുകാരെ ഇവ്വിധം ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്. വളരെ ചെറിയ തുക അടിസ്ഥാന വിലയായി നിശ്ചയിച്ച് അതിന് മുകളിൽ 10 ലക്ഷം അധികം നൽകുന്നു എന്ന് പറയുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രം മാത്രമാണെന്നും നാട്ടുകാർ ആരോപിച്ചു.
ഇത്തരം പ്രയാസങ്ങളൊന്നും പരിഗണിക്കാതെ ഒട്ടും ശാസ്ത്രീയമല്ലാത്ത രീതിയിൽ സ്ഥലത്തിനും വീടിനും വില നിശ്ചയിച്ചാൽ കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ പ്രശ്നങ്ങൾക്ക് പരിഹാരമാകില്ലെന്നും നാട്ടുകാർ പറയുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക