മക്കയിലെ വിശുദ്ധ കഅ്ബ കഴുകൽ ചടങ്ങ് നാളെ (ബുധനാഴ്ച)

നാളെ (ബുധനാഴ്ച) മക്കയിലെ വിശുദ്ധ കഅബ കഴുകൽ ചടങ്ങ് നടക്കുമെന്ന് ഇരുഹറം കാര്യാലയം അറിയിച്ചു. എല്ലാ വർഷവും ഹിജ്റ വർഷാരംഭമായ മുഹറം മാസത്തിൽ നടത്തി വരുന്ന ചടങ്ങാണ് നാളെ നടത്തുക. സൌദി ഭരണാധികാരി സൽമാൻ രാജാവിന് വേണ്ടി മക്ക മേഖല ഡെപ്യൂട്ടി ഗവർണർ അമീർ ബദർ ബിൻ സുൽത്താൻ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ ചടങ്ങിന് നേതൃത്വം നൽകും. കഅബ കഴുകുന്ന ചടങ്ങിൽ ഗവർണ്ണർമാരം, ഉന്നത പണ്ഢിതസഭാംഗങ്ങളും നിരവധി പ്രമുഖരും ഉദ്യോഗസ്ഥരും പങ്കെടുക്കും. (ചിത്രം: മുൻ വർഷത്തെ ചടങ്ങിൽ നിന്ന്)

സംസം വെള്ളവും, തായിഫ് റോസും, കംബോഡിയൻ ഊദും ചേർത്ത മിശ്രിതം ഉപയോഗിച്ച് കഅബയുടെ അകത്തെ ചുമരുകൾ തുടച്ചുകൊണ്ടാണ് ചടങ്ങ് ആരംഭിക്കുക.

ഹിജ്‌റ എട്ടാം വർഷത്തിൽ മക്ക വിജയത്തോടെ പ്രവാചകൻ മുഹമ്മദ് നബിയാണ് കഅബ കഴുകൽ ആരംഭിച്ചത്. പ്രവാചകന്‍റെ കാലത്തിന് ശേഷം ഖലീഫമാരും, ഇമാമുമാരും വളരെ പ്രാധാന്യത്തോടെയായിരുന്നു കഅ്ബ കഴുകിയിരുന്നത്.  അബ്ദുൽ അസീസ് രാജാവിന്റെ നേതൃത്വത്തിൽ ആധുനിക സൗദി അറേബ്യ നിലവിൽ വന്ന ശേഷം വർഷത്തിൽ രണ്ട് തവണയായിരുന്നു കഅബ കഴുകിയിരുന്നത്. ഹിജ്‌റ വർഷാരംഭമായ മുഹറം മാസത്തിലും, ഉംറ സീസൺ ആരംഭിക്കുന്നതിന്റെ മുന്നോടിയായി ശഅബാൻ മാസത്തിലുമായിരുന്നു ഈ ചടങ്ങ് നടത്തി പോന്നിരുന്നത്. എന്നാൽ ഏതാനും വർഷങ്ങൾക്ക് മുമ്പാണ് കഅബ കഴുകൽ ചടങ്ങ് എല്ലാ വർഷവും മുഹറം മാസത്തിൽ മാത്രമാക്കി നടത്താൻ ഇരുഹറം കാര്യാലയം തീരുമാനിച്ചത്.

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!