എട്ടുവർഷമായി നാട്ടിൽ പോയിട്ടില്ലാത്ത പ്രവാസി മലയാളിയെ കാണാനില്ലെന്ന് പരാതി

റിയാദ്: എട്ടുവർഷമായി നാട്ടിൽ പോയിട്ടില്ലാത്ത മലയാളിയെ സൗദി അറേബ്യയിൽ കാണാതായി. മലപ്പുറം വേങ്ങര കുറ്റൂർ നോർത്ത് സ്വദേശി അബ്ദുസ്സലാം കമ്പ്രയെ (53) കുറിച്ചാണ് കഴിഞ്ഞ 10 മാസമായി വിവരമില്ലെന്ന് നാട്ടിലുള്ള കുടുംബം പരാതിപ്പെടുന്നത്. 16 വർഷം മുമ്പാണ് ആദ്യമായി സൗദിയിലേക്ക് പുറപ്പെട്ടത്. ജിദ്ദയിലാണ് ജോലി ചെയ്തിരുന്നത്. ഇതിനിടയിൽ പല തവണ അവധിക്ക് നാട്ടിൽ പോയി വന്നിട്ടുണ്ട്. എന്നാൽ അവസാനമായി എട്ട് വർഷം മുമ്പ് അവധിക്ക് പോയി മടങ്ങിയതിന് ശേഷം നാട്ടിൽ പോയിട്ടില്ല.

ഒരു വർഷം മുമ്പ് പിതാവ് സൈദലവി കമ്പ്ര മരിച്ചപ്പോഴും ചെന്നിരുന്നില്ല. നിയമപ്രശ്നങ്ങൾ മൂലം യാത്ര ചെയ്യാൻ പറ്റാത്തതായിരിക്കും എന്നാണ് കുടുംബം കരുതുന്നത്. അവസാനമായി നാട്ടിൽ കുടുംബാംഗങ്ങളുമായി ഫോണിൽ സംസാരിച്ചത് 10 മാസം മുമ്പാണ്. ആയിടയ്ക്ക് മകൻ സൽമാനെ വിളിച്ച് ഉടൻ നാട്ടിൽ വരുമെന്നും അതിനായി പൊലീസിൽ പിടിത്തം കൊടുത്തു ജയിലിൽ കഴിയാൻ പോവുകയാണെന്നും പറഞ്ഞിരുന്നു. അതാണ് അവസാനമായി സംസാരിച്ചത്. അതിന് ശേഷം വിളിച്ചിട്ടില്ല.

പിന്നീട് ആ ഫോണിൽ വിളിക്കാൻ ശ്രമിച്ചെങ്കിലും കിട്ടിയിട്ടില്ല. ആ ഫോൺനമ്പർ പ്രവർത്തനരഹിതമാണ്. അതിനുശേഷം 10 മാസമായി. കുടുംബം പല രീതിയിൽ അന്വേഷിച്ചെങ്കിലും ഒരു വിവരവും കിട്ടിയില്ല. സൗദിയിലുള്ള ബന്ധുക്കളും അയൽക്കാരും നാട്ടുകാരും വഴി അന്വേഷണം തുടരുകയാണ്.

ഉമ്മ നഫീസ സൈദലവിയും ഭാര്യയും മക്കളുമടങ്ങൂന്ന കുടുംബം കണ്ണീരോടെ കാത്തിരിക്കുകയാണ്. ഇദ്ദേഹത്തെ കുറിച്ച് വിവരം കിട്ടുന്നവർ രാധാകൃഷ്ണൻ (0572760702), ഷാഫി (0557423404), കലാം (0539270102), കബീർ പള്ളിയാളി (0091 9744050553) എന്നിവരെ ബന്ധപ്പെട്ട് അറിയിക്കണമെന്ന് കുടുംബം അഭ്യർഥിച്ചു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!