എയർ ഇന്ത്യ എക്സ്പ്രസ് വൈകിയത് 30 മണിക്കൂറിലേറെ; മുടങ്ങിയത് 2 വിവാഹ നിശ്‌ചയം, സംസ്കാര ചടങ്ങിനു പോയവരും പെരുവഴിയിൽ

ശനിയാഴ്ച രാത്രി 8.45നു ദുബായിൽ നിന്നു തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട എഎക്സ് 544 വിമാനം പുറപ്പെട്ടത് തിങ്കളാഴ്ച പുലർച്ചെ 2.45ന് ! വൈകിയത് 30 മണിക്കൂർ. യാത്രക്കാർ വിമാനത്താവളത്തിൽ എത്തിയ സമയം കൂടി കണക്കാക്കിയാൽ 33 മണിക്കൂർ. കാത്തിരിപ്പ് അനിശ്ചിതമായപ്പോൾ എതിർപ്പ്  ഉയർന്നതിനാൽ മാത്രം പിന്നീടു ഹോട്ടലിലേക്കു മാറ്റി. 160 പേരുടെ യാത്ര അനിശ്ചിതമായി വൈകിയതിനാൽ ഞായാറാഴ്ച നടക്കേണ്ട രണ്ടു വിവാഹ നിശ്ചയങ്ങൾ മുടങ്ങി.

സാങ്കേതിക തകരാർ എന്ന വിശദീകരണമാണ്  എയർ ഇന്ത്യ എക്സ്പ്രസ് നൽകുന്നത്. തുടർച്ചയായുണ്ടാകുന്ന സാങ്കേതിക തകരാറുകൾ വിമാന കമ്പനിയിലുള്ള വിശ്വാസമാണ് നഷ്ടപ്പെടുത്തുന്നതെന്നു യാത്രക്കാർ പറയുന്നു. അതേസമയം, ഞായറാഴ്ച രാത്രി പുറപ്പെടേണ്ട വിമാനം കാര്യമായി വൈകിയില്ല–  മറ്റൊരു വിമാനമാണ് ഈ സർവീസിന് ഉപയോഗിച്ചത്. അതിനും ശേഷമാണ് ശനിയാഴ്ചത്തെ വിമാനം പുറപ്പെട്ടത് !

യാത്രക്കാരിൽ 20 കുട്ടികളും 50 സ്ത്രീകളും ഉണ്ടായിരുന്നു. സംസ്കാര ചടങ്ങുകൾ ഉൾപ്പെടെ അത്യാവശ്യ കാര്യങ്ങൾക്കായി നാട്ടിലേക്കു പുറപ്പെട്ടവരാണ് ഭൂരിപക്ഷവും. തിരുവനന്തപുരം കടയ്ക്കൽ സ്വദേശി മുഹമ്മദിന്റെ വിവാഹത്തിനു മുന്നോടിയായുള്ള നിക്കാഹ് ഞായറാഴ്ച വൈകിട്ട് നടക്കേണ്ടിയിരുന്നത് മുടങ്ങി.

തിരുവനന്തപുരം, കരിപ്പൂർ എന്നിവിടങ്ങളിലേക്ക് നേരത്തെ എയർ ഇന്ത്യ സർവീസുണ്ടായിരുന്നെങ്കിലും ഇപ്പോൾ  എക്സ്പ്രസ് മാത്രമാണ് ആശ്രയം. ശരാശരി കണക്കെടുത്താൽ ആഴ്ചയിൽ ഒന്നു വീതം അവ വൈകുന്നുണ്ട്.എയർ ഇന്ത്യ എക്സ്പ്രസിന്റെ ടിക്കറ്റ് ക്യാൻസൽ ചെയ്താൽ ഒരാഴ്ച കഴിഞ്ഞു മാത്രമേ റീഫണ്ട് ലഭിക്കൂ.

ടിക്കറ്റിന്റെ ചെലവും അത്യാവശ്യം വീട്ടു ചെലവിനുള്ള പണവുമൊക്കെ കൃത്യം കണക്കു കൂട്ടി  പുറപ്പെടുന്ന യാത്രക്കാരെ വലയ്ക്കുന്ന സാഹചര്യമാണുണ്ടാകുന്നത്. കടുത്ത മൽസരത്തിനിടെയാണ് ഇത്തരം പ്രശ്നങ്ങൾ ഇന്ത്യൻ വിമാനക്കമ്പനിക്ക് ചീത്തപ്പേരുണ്ടാക്കുന്നത്. വിദേശ എയർലൈനുകൾ ഈ സാഹചര്യം പരമാവധി മുതലെടുക്കുന്നു.

മറ്റ് വഴിയൊന്നുമില്ലെങ്കിൽ മാത്രം എയർ ഇന്ത്യ എക്സ്പ്രസ്  എന്ന നിലയിലേക്ക് യാത്രക്കാർ എത്തുന്നതായി ട്രാവൽ ഏജൻസികളും പറയുന്നു. ശനി, ഞായർ ദിവസങ്ങളിൽ വിമാനം വൈകിയാൽ, മറുപടി നൽകാൻ പോലും വിമാനക്കമ്പനി ഓഫിസിൽ ആരുമുണ്ടാകില്ല. ടിക്കറ്റ് ബുക്ക് ചെയ്ത ട്രാവൽ ഏജൻസികളാണ്  മറുപടി പറഞ്ഞ് കുഴയുക.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!