എം.എ യൂസുഫലി ഇടപെട്ടു; നിയമകുരുക്കിൽ അകപ്പെട്ട് പത്തു മാസത്തിലേറയായി ബഹ്റൈനിൽ കുടുങ്ങിയ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി
പത്ത് മാസത്തിലധികമായി ബഹ്റൈനിൽ നിയമകുരുക്കിൽ കുടുങ്ങിയ പൊന്നാനി സ്വദേശിയുടെ മൃതദേഹം അധികൃതർ ബന്ധുക്കൾ കൈമാറി. പൊന്നാനി സ്വദേശി കുറുപ്പള്ളി മൊയ്തീന്റെ (53) മൃതദേഹമാണ് ഏറെ കാലത്തെ പരിശ്രമത്തിനൊടുവിൽ ബന്ധുക്കൾ കിട്ടിയത്. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി നടത്തിയ ശ്രമങ്ങളുടെ ഫലമായിട്ടാണ് അതിസങ്കീർണമായ നിയമകുരുക്ക് ഒഴിഞ്ഞത്.
മൊയ്തീന്റെ മൃതദേഹത്തിനായി ബന്ധുക്കൾ പത്ത് മാസത്തിലധികമായി അധികൃതരെയും സംഘടനകളെയും നിരവധി വ്യക്തികളെയും ബന്ധപ്പെട്ടിരുന്നു. ഇത്തരത്തിലുള്ള ശ്രമങ്ങളുടെ ഫലമായിട്ടാണ് പത്ത് ദിവസങ്ങൾക്ക് മുമ്പ് മൊയ്തീന്റെ സഹോദരൻ എം.എ യൂസഫലിയെ സമീപിച്ചത്. അതീവപ്രധാന്യത്തോടെ യൂസഫലി ഭരണാധികാരികളെ വിവരം ധരിപ്പിച്ചു. ഇതോടെ സങ്കീർണമായ നിയമനടപടികൾ ഒഴിവാക്കി മൃതദേഹം വിട്ടുനൽകാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു.
24 വർഷമായി ഗൾഫിൽ പ്രവാസിയായിരുന്ന മൊയ്തീൻ അടുപ്പം പുലർത്തിയിരുന്നത് ഏറ്റവും അടുത്ത ബന്ധുക്കളുമായി മാത്രമാണ്. കഴിഞ്ഞ വർഷം ഒക്ടോബർ 19ന് ബഹ്റൈനിലെ റോഡരികിൽ മൊയ്തീനെ അവശ നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് പ്രദേശവാസികളിൽ ആശുപത്രിയിൽ എത്തിച്ചു. അടുത്ത ദിവസം ആശുപത്രിയിൽ വച്ച് മൊയ്തീൻ മരണത്തിന് കീഴ്ടങ്ങി.
ഇതോടെ പൊലീസ് അസ്വഭാവിക മരണത്തിന് കേസ് റജിസ്റ്റർ ചെയ്തു. മൃതദേഹം സൽമാനിയ മോർച്ചറിയിലേക്ക് മാറ്റി. ഖബറടക്കാൻ മൃതദേഹം വിട്ടു കിട്ടാനായി ബന്ധുക്കൾ അധികൃതരെ സമീപിച്ചതോടെയാണ് നിയമകുരുക്ക് തടസ്സമായി മാറിയത്. ജനപ്രതിനിധികളും , ജില്ലാ കലക്ടറും, സർക്കാർ ഉദ്യോഗസ്ഥരുമെല്ലാം ഇടപെട്ടെങ്കിലും മൃതദേഹം വിട്ടുകിട്ടിയില്ല. മൊയ്തീന്റെ സഹോദരനും ചങ്ങരംകുളം നരണിപ്പുഴ മഹല്ല് പ്രസിഡന്റുമായ മാളിയേക്കൽ സുലൈമാന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇതിനായി നിരന്തരം ശ്രമിച്ചിരുന്നത്. മാളിയേക്കൽ സുലൈമാൻ പത്ത് ദിവസങ്ങൾക്ക് മുമ്പ് എം.എ യൂസഫലിയെ സമീപിക്കുകയായിരുന്നു.
യൂസഫലിയുടെ നിർദേശപ്രകാരം ഐഡി ഓഫീസിലും, കോൺസുലേറ്റിലുമായി ലുലു ഗ്രൂപ്പ് ജീവനക്കാർ ആശയവിനിമയം നടത്തി. ഇതിന് പുറമെ ബഹ്റൈൻ ഉപപ്രധാന മന്ത്രിയുമായി യൂസഫലി ബന്ധപ്പെട്ട് ഇക്കാര്യം അറിയിച്ചു. നടപടികളിൽ വിട്ടുവീഴ്ച്ച ചെയ്ത് അധികൃതർ ബന്ധുക്കൾക്ക് മൃതദേഹം കൈമാറി. ബന്ധുക്കളും ലുലു ഗ്രൂപ്പ് പ്രതിനിധികളും ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി. ലുലു ബഹ്റൈൻ ആൻഡ് ഈജിപ്ത് ഡയറക്ടർ ജൂസർ രൂപാവാല, ലുലു ബഹ്റൈൻ റീജനൽ മാനേജർ അബ്ദുൾ ഷുക്കൂർ, ലുലു ബഹ്റൈൻ ഓപ്പറേഷൻസ് ജനറൽ മാനേജർ സജിത്ത് എന്നിവർ ചേർന്നാണ് മൊയ്തീന്റെ ബന്ധുക്കൾക്കൊപ്പം മൃതദേഹം ഏറ്റുവാങ്ങിയത്. തുടർന്ന് ബഹ്റൈനിലെ കുവൈത്ത് മസ്ജിദിൽ ഖബറടക്കി. ദീർഘനാളുകളായി ശ്രമിച്ചിട്ടും നടക്കാത്ത കാര്യം സാധിച്ചു തന്നതിന് കുടുംബം യൂസഫലിയോടും ലുലു ഗ്രൂപ്പിനോടും നന്ദി അറിയിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ബഹറൈനിൽ പോയി എളുപ്പത്തിൽ സന്ദർശക വിസ പുതുക്കാം. ഇപ്പോൾ ചിലവും കുറവ്
വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273