രമാദേവി കൊലക്കേസില്‍ 17 വര്‍ഷങ്ങള്‍ക്ക് ശേഷം വന്‍ ട്വിസ്റ്റ്; കൊന്നത് പരാതിക്കാരനായ ഭര്‍ത്താവ് തന്നെ, കുടുക്കിയത് കൈക്കുള്ളിലുണ്ടായിരുന്ന മുടിയിഴകൾ

പത്തനംതിട്ട: പുല്ലാട് രമാദേവി കൊലക്കേസില്‍ 17 വര്‍ഷങ്ങള്‍ക്കുശേഷം വന്‍ ട്വിസ്റ്റ്. രമാദേവിയെ കൊലപ്പെടുത്തിയത് ഭര്‍ത്താവ് ജനാര്‍ദനന്‍ നായരാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. കേസില്‍ ജനാര്‍ദനന്‍ നായരെ ക്രൈംബ്രാഞ്ച് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു.

2006 മേയ് 26-നാണ് റിട്ട. പോസ്റ്റ്മാസ്റ്റര്‍ ജനാര്‍ദനന്‍ നായരുടെ ഭാര്യ രമാദേവിയെ വീട്ടിനുള്ളില്‍ വെട്ടേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇവരുടെ വീടിന് സമീപത്തുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശിയായ നിര്‍മാണത്തൊഴിലാളി ചുടലമുത്തുവിനെയും ഇയാളുടെ ഭാര്യയെയും കേന്ദ്രീകരിച്ചായിരുന്നു ആദ്യഘട്ടത്തില്‍ പോലീസിന്റെ അന്വേഷണം.

കൊലപാതകത്തിന് പിന്നാലെ ചുടലമുത്തുവിനെയും ഭാര്യയെയും സ്ഥലത്തുനിന്ന് കാണാതായതാണ് ഇവരെ സംശയിക്കാനിടയാക്കിയത്. എന്നാല്‍, ഏറെനാളുകള്‍നീണ്ട അന്വേഷണത്തിലും ഇരുവരെയും കണ്ടെത്താനായില്ല. തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ഒടുവില്‍ മാസങ്ങള്‍ക്ക് മുന്‍പ് തമിഴ്‌നാട്ടിലെ തെങ്കാശിയില്‍നിന്ന് ചുടലമുത്തുവിന്റെ ഭാര്യയെ ക്രൈംബ്രാഞ്ച് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് ജനാര്‍ദനന്‍ നായരാണ് രമാദേവിയെ കൊലപ്പെടുത്തിയതെന്ന് ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയത്.

കൊലപാതകത്തിൽ നിർണായക തെളിവായത് കൈകളിലുണ്ടായിരുന്ന 40 മുടിയിഴകൾ. വീടിനുള്ളിൽ കഴുത്തിനു വെട്ടേറ്റു കൊല്ലപ്പെട്ട രമാദേവിയുടെ ഒരു കയ്യിൽ 36 ഉം മറ്റേകയ്യിൽ 4 മുടിയിഴകളും ഉണ്ടായിരുന്നു. ഈ മുടിയിഴകൾ അന്നു തന്നെ ശാസ്ത്രീയപരിശോധനയ്ക്കയച്ച് ഭർത്താവ് ജനാർദനൻ നായരുടെതാണെന്നു കണ്ടെത്തിയിരുന്നു. കൊലപാതകം നടന്ന് നാലുവർഷത്തിനു ശേഷമാണ് പരിശോധനാ റിപ്പോർട്ട് ലഭിച്ചത്.

ജനാർദനൻ നായരുടെ സഹോദരൻ മറ്റൊരു കൊലപാതക കേസിൽ പ്രതിയാണ്. അയാളെ കേന്ദ്രീകരിച്ചും അന്ന് അന്വേഷണം നടന്നു. എന്നാൽ കേസ് അട്ടിമറിക്കപ്പെട്ടു. പുതിയ ക്രൈം ബ്രാഞ്ച് ഡിറ്റക്ടീവ് ഇൻസ്പെക്ടർ ഇൻസ്പെക്ടർ സുനിൽ രാജ് വന്നതിനുശേഷം അന്വേഷണം പുനരാരംഭിച്ചു. 17 വർഷത്തിനുശേഷമാണ് ഭർത്താവ് ജനാർദനൻ നായരെ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്.

2006 മേയ് 26നു വൈകിട്ടാണ് പുല്ലാട് വടക്കേക്കവല വടക്കേചട്ടുകുളത്ത് സി.ആർ.ജനാർദനൻ നായരുടെ ഭാര്യ രമാദേവിയെ (50) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇവരുടെ വീടിനോടു ചേർന്നു കെട്ടിടനിർമാണം നടത്തിവന്ന തൊഴിലാളികളെ പൊലീസ് ചോദ്യം ചെയ്‌തിരുന്നു. എന്നാൽ, തമിഴ്‌നാട് സ്വദേശിയായ ചുടലമുത്തുവിനെ കൊല നടന്ന ദിവസം മുതൽ കാണാതായതിനാൽ അന്വേഷണം ആ വഴിക്കു തിരിഞ്ഞു.

കൊടുവാളുപോലെ ചുണ്ടുള്ളതും മൂർച്ചയേറിയതുമായ ആയുധമാണു കൊലപാതകത്തിന് ഉപയോഗിച്ചതെന്നു പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ലോക്കൽ പൊലീസ് അന്വേഷണം നടത്തി ഫലമില്ലാതെ വന്നപ്പോൾ ഭർത്താവ് ജനാർദനൻ നായർ തന്നെയാണ് ഹൈക്കോടതിയെ സമീപിച്ചത്.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!