സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിച്ചു; 36 വീടുകള്‍ തകര്‍ന്നു, കുടുംബങ്ങൾ ഒറ്റപ്പെട്ടു, വ്യാപക നാശനഷ്ടങ്ങൾ – ചിത്രങ്ങൾ

സംസ്ഥാനത്ത് കാലവർഷം ശക്തി പ്രാപിച്ചു. നിരവധി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. 47 വർഷത്തിനിടയിലെ ഏറ്റവും മഴ കുറ‍ഞ്ഞ ജൂണിനു ശേഷമാണ് ജൂലൈയിൽ കാലവ‍ർഷം ശക്തി പ്രാപിച്ചത്. അടുത്ത 24 മണിക്കൂറിൽ 204.4 മില്ലി മീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം.

ശക്തമായ മഴയിൽ സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ വലിയ നാശനഷ്ടങ്ങളുണ്ടായി. സംസ്ഥാനത്താകെ കാറ്റിലും മഴയിലും 36 വീടുകൾ ഭാഗികമായി തകർന്നു. ഹരിപ്പാട്, കായംകുളം മേഖലകളിലാണ് വീടുകൾ തകർന്നത്. 24 അംഗ എൻ.ഡി.ആർ.എഫ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.
കോട്ടയം വെച്ചൂരിലും പൂഞ്ഞാറിലും വീടുകൾ ഇടിഞ്ഞുവീണതായി റിപ്പോർട്ടുകളുണ്ട്. തിരുവനന്തപുരം മുതലപ്പുഴയിൽ മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു. വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് തൊഴിലാളികളും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മറിഞ്ഞ വള്ളം കരയ്ക്കെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. പത്തനംതിട്ട കോട്ടാങ്ങലിൽ കിണർ ഇടിഞ്ഞ് താഴ്ന്നു. ഒൻപതാം വാർഡിലെ ജോസഫിന്റെ വീട്ടുപരിസരത്തെ കിണറാണ് ഇടിഞ്ഞത്.

 

 

 

കൊച്ചിയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. സമീപത്തെ ഓടകളില്‍ നിന്നും ശുചിമുറിയില്‍ നിന്നുമടക്കം ഒഴുകിവരുന്ന മലിനജലമാണ് സ്റ്റാന്‍ഡില്‍ കെട്ടിക്കിടക്കുന്നത്. ഒറ്റദിവസത്തെ മഴയാണ് പ്രദേശത്തെ ആകെ വെള്ളത്തിൽ മുക്കിയിരിക്കുന്നത്. സ്റ്റാന്‍ഡിലെ കടകളിലേക്കുംം മലിനജലം കയറുന്ന സാഹചര്യമുണ്ട്.

തൃശൂർ പെരിങ്ങാവ് ചേരൂർ റോഡിൽ കനത്ത മഴയിലും കാറ്റിലും മരം കടപുഴകി വീണു. ഇതോടെ തൃശൂരിൽ വൈദ്യുത പോസ്റ്റുകളും ലൈനുകളും തകരാറിലായി. പ്രദേശത്ത് ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്.

 

 

ഇടുക്കി, കണ്ണൂർ ജില്ലകളിൽ ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇന്നു റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർകോ‍ട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഇന്നലെ രാവിലത്തെ കണക്ക് അനുസരിച്ച് 24 മണിക്കൂറിനിടെ സംസ്ഥാനത്തു 30.37 സെന്റിമീറ്റർ മഴ പെയ്തു. 4 ദിവസം ശക്തമായ മഴ തുടരുമെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന തിരമാലയും കടലാക്രമണവും ഉണ്ടാകുമെന്നു ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പു നൽകി. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ നിന്നു മീൻപിടിത്തത്തിനു പോകാൻ പാടില്ല.

 

 

 

പത്തനംതിട്ട മണിയാർ അണക്കെട്ടിന്റെ രണ്ടു ഷട്ടറുകൾ 10 സെ.മീ വീതം ഉയർത്തി. പത്തനംതിട്ട കലക്ടറേറ്റിലും താലൂക്ക് ഓഫിസുകളിലും പ്രത്യേക കൺട്രോൺ റൂം തുറന്നു. ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്റർ: 0468–2322515, 8078808915, ടോൾഫ്രീ നമ്പർ: 1077. അരയാഞ്ഞിലിമൺ, കുറുമ്പൻമൂഴി കോസ്‌വേകൾ മുങ്ങി. കോട്ടാങ്ങലിൽ കിണർ ഇടിഞ്ഞുതാഴ്ന്നു. നിരണത്ത് ശക്തമായ കാറ്റിൽ തെങ്ങ് വീണ് നിരണം സ്വദേശിയ ഷാജിയുടെ പശു ചത്തു. ആലപ്പുഴ ഹരിപ്പാടും കരുവാറ്റയിലും ദേശീയപാത നിർമാണം നടക്കുന്ന ഇടങ്ങളിൽ വെള്ളപ്പൊക്കം. ചേർത്തല നഗരത്തിന്റെ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. കാളികുളത്ത് തെങ്ങ് വീണ് കട തകർന്നു. തിരുവനന്തപുരം മുതലപ്പൊഴിയിൽ ശക്തമായ തിരയിൽ വള്ളം മറിഞ്ഞു. മൂന്നു തൊഴിലാളികൾ നീന്തി രക്ഷപ്പെട്ടു. വള്ളം ഒഴുകിപ്പോയി. കോട്ടയം വൈക്കം വെച്ചൂരിൽ വീട് ഇടിഞ്ഞു വീണു, ആർക്കും പരുക്കില്ല.

പത്തനംതിട്ടയിൽ കനത്ത മഴയെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിലെ കോസ് വേകളിൽ വെള്ളം കയറി. പമ്പാ നദിയുടെ തീരത്തുള്ള കുറുമ്പമൂഴി, മുക്കം കോസ് വേകളാണ് വെള്ളത്തിൽ മുങ്ങിയത്. കുറുമ്പൻമൂഴിയിൽ 250ഓളം കുടുംബങ്ങൾ ഒറ്റപ്പെട്ടതായും വിവരമുണ്ട്. റാന്നി ചുങ്കപ്പാറയിൽ കിണർ ഇടിഞ്ഞു താഴ്ന്നു. 27 അംഗ എൻ.ഡി.ആർ.എഫ് സംഘം തിരുവല്ലയിൽ എത്തിയിട്ടുണ്ട്.

 

 

 

കോട്ടയത്ത് കനത്ത മഴയിൽ വീട് ഇടിഞ്ഞുവീണു. വെച്ചൂർ ഇടയാഴം സ്വദേശി സതീശന്‍റെ വീടാണ് നിലംപതിച്ചത്. വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു. വലിയ ശബ്ദം കേട്ടതോടെ വീട്ടുകാർ പുറത്തേക്ക് ഓടുകയായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് സംഭവം.

അതിനിടെ, മണിമല, മീനച്ചിൽ ആറുകളിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. തുടർച്ചയായി മഴ പെയ്താൽ ജില്ലയിലെ കിഴക്കൻ മേഖലയിൽ ഉരുൾപൊട്ടലിന് സാധ്യതയുണ്ട്.

 

കനത്ത മഴ മുന്നറിയിപ്പുള്ളതിനാൽ എറണാകുളം, ആലപ്പുഴ ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. കേന്ദ്രീയ വിദ്യാലയങ്ങൾ, സ്റ്റേറ്റ് – സിബിഎസ്ഇ – ഐസിഎസ്ഇ സ്കൂളുകൾ, അങ്കണവാടികൾ ഉൾപ്പെടെ എല്ലാ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. മുൻ നിശ്ചയിച്ച പ്രകാരമുള്ള പിഎസ്‌സി, യൂണിവേഴ്സിറ്റി പരീക്ഷകൾക്കു മാറ്റമില്ല. കാസർകോട് ജില്ലയിലെ കോളജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു.

 

ആലപ്പുഴയിലെ ചേർത്തല, മാന്നാർ എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകൾ വെള്ളത്തിനടിയിലാണ്. ഹരിപ്പാട് കരുവാറ്റയിൽ ദേശീയപാതയോട് ചേർന്നുള്ള പ്രദേശങ്ങളിലെ വീടുകളിലും വെള്ളം കയറി. ദേശീയപാത നിർമാണത്തെ തുടർന്ന് രൂപംകൊണ്ട കുഴികളിൽ വെള്ളം നിറഞ്ഞു കിടക്കുകയാണ്. ഈ വെള്ളമാണ് വീടുകളിലേക്ക് ഒഴുകുന്നത്.

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!