വയസ് 90; തൃശൂരില്‍ മുത്തശിയുടെ ആവശ്യം ദിവസം 40 നാരങ്ങാ മിഠായി

നാരങ്ങാ മിഠായി എന്ന് കേള്‍ക്കുമ്പോള്‍ എല്ലാവര്‍ക്കും ഒരു നൊസ്റ്റാൾജിക് ഫീലാണ്. പഴയ ഓര്‍മ്മകളെയൊക്കെ തൊട്ടുണര്‍ത്താന്‍ നാരങ്ങ മിഠായിക്ക് സാധിക്കും. എന്നാല്‍ ഇപ്പോഴിതാ നാരങ്ങാ മിഠായിയെ സ്‌നേഹിക്കുന്ന ഒരു മുത്തശിയെ കുറിച്ചുള്ള കഥയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തൃശൂരിലെ ഈ മുത്തശിക്ക് ഇടയ്ക്കിടെ നാരങ്ങാ മിഠായി നുണയണം. പല്ലില്ലാത്ത ഈ മുത്തശി ഒരു ദിവസം കഴിക്കുന്ന നാരങ്ങാ മിഠായികളുടെ എണ്ണം കേട്ടാല്‍ ആരും തലയില്‍ കൈ വച്ചു പോകും.

 

തൃശൂരിലെ സരസ്വതി അമ്മാളാണ് സോഷ്യല്‍ മീഡിയയിലെ താരം. സരസ്വതി അമ്മാളിന് പ്രായം 90 കഴിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ സരസ്വതി അമ്മാള്‍ ഏറ്റവും കൂടുതലായി കഴിച്ചത് നാരങ്ങാ മിഠായി ആണ്. ഒന്നോ രണ്ടോ അല്ല , നാല്‍പതോളം നാരങ്ങാ മിഠായികളാണ് ഈ മുത്തശി ദിവസവും കഴിക്കുന്നത് .

 

വടക്കാഞ്ചേരി കിഴക്കേ ഗ്രാമം സൗഹൃദ നഗറിലെ പുത്തന്‍മഠത്തില്‍ പരേതനായ സുബ്രഹ്മണ്യയ്യരുടെ ഭാര്യയാണ് സരസ്വതി അമ്മാള്‍. ഇപ്പോള്‍ വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലാണ്. മരുന്നുകള്‍ കഴിച്ച് രുചി അറിയാന്‍ പറ്റാതായെന്ന് സങ്കടം പറഞ്ഞതോടെയാണ് മക്കള്‍ ആദ്യമായി സരസ്വതി അമ്മാളിന് നാരങ്ങാ മിഠായി നല്‍കുന്നത്.

 

പിന്നീട് അതൊരു ശീലമായി മാറുകയായിരുന്നു. രാവിലെ ചായ കുടിക്കുന്നതിന് മുമ്പ് ഒരു നാരങ്ങാ മിഠായി കിട്ടിയില്ലെങ്കില്‍ പ്രശ്‌നമാണ്. ഇക്കാര്യം മനസിലാക്കി മകന്‍ ശങ്കരനാരായാണന്‍ നാരങ്ങാ മിഠായി ഹോള്‍സെയിലായി വാങ്ങിവച്ചിരിക്കുകയാണ്. തനിക്ക് മറ്റൊന്നും കിട്ടിയില്ലെങ്കിലും കുഴപ്പമില്ല, നാരങ്ങാ മിഠായി നിര്‍ബന്ധമാണെന്നാണ് സരസ്വതി അമ്മാളിന്റെ സ്റ്റാന്‍ഡ്.

 

ഉച്ചയ്ക്ക് അര തവി ചോറ്. മൂന്ന് മണിയാകുമ്പോള്‍ അര ഗ്ലാസ് ഹോര്‍ലിക്‌സ്. വൈകിട്ട് ഒരുപിടി ചോറില്‍ പാലും ശര്‍ക്കരപ്പൊടിയും ചേര്‍ത്ത് മിക്‌സിയില്‍ അടിച്ച് കഞ്ഞിപ്പരുവത്തിലാക്കിയത്. ഇതാണ്, നാരങ്ങാ മിഠായിക്കു പുറമെ സരസ്വതി അമ്മാളിന്റെ മെനു. ഇതോടൊപ്പം നാരങ്ങാ മിഠായി മുടങ്ങരുതെന്ന് മാത്രമാണ് സരസ്വതി അമ്മാള്‍ മക്കളോട് പറയാറുള്ളത്. 150 നാരങ്ങാ മിഠായിയുടെ കുപ്പി തുറന്നാല്‍ അത് നാല് ദിവസം കൊണ്ട് കാലിയാകും. ഏറ്റവും വലിയ പ്രത്യേകത എന്താണെന്ന് വച്ചാല്‍ ഇത്രയേറെ മധുരം കഴിച്ചിട്ടും സരസ്വതി അമ്മാളിന് പ്രമേഹമോ മറ്റ് ബുദ്ധിമുട്ടുകളോ ഇല്ല.

 

 

Share
error: Content is protected !!