കർണാടകയിലെ കോൺഗ്രസ് വിജയം; ആഘോഷത്തിമിർപ്പിൽ പ്രവാസി ഇന്ത്യക്കാർ

കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഉജ്വല വിജയം നേടി അധികാരത്തിലേറിയതിൽ ഗൾഫ് പ്രവാസികളിലും സന്തോഷം അലയടിച്ചു. ഇന്നലെ വൈകിട്ട് മുതൽ മിക്ക ഗൾഫ് രാജ്യങ്ങളിലും കോൺഗ്രസ്–യുഡിഎഫ് പ്രവർത്തകർ മധുരം വിതരണം ചെയ്തും സിന്ദാബാദ് വിളിച്ചും ആഘോഷം നടത്തി. ഇന്ത്യയിലെ മിക്ക സംസ്ഥാനക്കാരും അണിനിരന്ന ആഘോഷ പരിപാടിയുടെ നേതൃത്വം മലയാളികൾക്കായിരുന്നു. ബർദുബായ് മീനാ ബസാറിൽ ഗംഭീര ആഘോഷ പരിപാടികളാണ് നടന്നത്. റോ‍ഡരികിൽ ആളുകൾ ഒത്തുകൂടി മധുരം വിതരണം ചെയ്തു.

 

 

തിരുവനന്തപുരം ജില്ലയിലെ കോൺഗ്രസ്‌ പ്രവർത്തകർ കർണാടകയിലെ തിരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചത് തങ്ങളുടെ എംപി ശശി തരൂരിനോടൊപ്പമായിരുന്നു. ഹിജാബും, ഹലാലും ഹിന്ദുത്വയും ലൗ ജിഹാദും അടിസ്ഥാന വിഷയമാക്കിയുള്ള ബിജെപിയുടെ തിരഞ്ഞെടുപ്പ് തന്ത്രത്തിനുള്ള തിരിച്ചടിയാണ് കോൺഗ്രസ്സിന്റെ കർണാടക തിരഞ്ഞെടുപ്പ് വിജയമെന്ന് ശശിതരൂർ പറഞ്ഞു. ദുബായ് ഇൻകാസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് ‘മീറ്റ് വിത്ത്‌ ശശി തരൂർ’ എന്ന സംവാദ പരിപാടി സംഘടിപ്പിച്ചത്. നൂറുകണക്കിന് കോൺഗ്രസ്‌ പ്രവർത്തകക്കൊപ്പം മത്സ്യത്തൊഴിലാളികൾ, നിർമ്മാണ തൊഴിലാളികൾ, ആരോഗ്യ പ്രവർത്തകർ, സാമൂഹിക സാംസ്കാരിക പ്രവർത്തകർ എന്നിവരും പങ്കെടുത്തു. ദുബായ് ഇൻകാസ് തിരുവനന്തപുരം ജില്ല പ്രസിഡന്റ്‌ പ്രദീപ്‌ കോശി അധ്യക്ഷനായ ചടങ്ങിൽ വൈസ് പ്രസിഡന്റ്‌ ഷാജി ഷംസുദ്ദീൻ, നേതാക്കളായ വൈ.എ.റഹിം, ടി.എ. രവീന്ദ്രൻ, ആഷിക് തൈക്കണ്ടിൽ, ഇ.പി. ജോൺസൻ, സി.എ. ബിജു, ബി.എ. നാസർ, ഉദയ് വർമ്മ, നൗഷാദ് അഴൂർ, ബിനു പിള്ള, അനസ് ഇടവ, കുഞ്ഞുമോൻ എന്നിവർ പ്രസംഗിച്ചു.

 

 

ഇൻകാസ് ഫുജൈറ കമ്മിറ്റിയും ആഘോഷം നടത്തി. പ്രസിഡന്റ് കെ. സി. അബൂബക്കർ, ഗ്ലോബൽ കമ്മിറ്റിയംഗം പി.സി. ഹംസ, ട്രഷറർ നാസർ പാണ്ടിക്കാട്, സെക്രട്ടറിമാരായ അബ്ദുൾ സമദ്, ഉസ്മാൻ ചൂരക്കോട്, നാസർ പറമ്പിൽ, ഫിറോസ് ബക്രി, സുബൈർ, അയ്യൂബ്, മുഷ്താഖ്, വിനോദ്, സംബശിവൻ, നാസർ, സത്താർ, മോനി ചാക്കോ അജാസ്, അമീർ തുടങ്ങിയവർ നേതൃത്വം നൽകി.

 

 

വർഗീയ കാർഡിറക്കി നേട്ടം കൊയ്യാൻ ശ്രമിച്ച ബിജെപിക്ക് ജനങ്ങൾ കനത്ത തിരിച്ചടി നൽകിയതാണ് കർണാടക തെരഞ്ഞെടുപ്പിൽ കാണാനായതെന്ന് ദുബായ് കെഎംസിസി ആക്ടിങ് പ്രസിഡന്റ് ഇബ്രാഹീം മുറിച്ചാണ്ടി, ജനറൽ സെക്രട്ടറി മുസ്തഫ തിരൂർ, ട്രഷറർ പി.കെ. ഇസ്മായിൽ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.

ഒഐസിസി ജിദ്ദ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃതത്തിൽ ജിദ്ദ ഷറഫിയയിൽ പായസം വിതരണം ചെയ്തു. ഒഐസിസി റീജിനൽ കമ്മിറ്റിയും വിവിധ ജില്ലാ കമ്മിറ്റികളും ചേർന്ന് വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. ഇന്ത്യൻ രാഷ്ട്രീയത്തിൽ ബിജെപിയുടെ കൗണ്ട്ഡൗണിന് കർണാടകയിൽ കോൺഗ്രസ് തുടക്കം കുറിച്ചിരിക്കുന്നുവെന്ന് ഒഐസിസി ദമാം റീജിനൽ കമ്മിറ്റി പറഞ്ഞു. വെറുപ്പിന്റെ രാഷ്ട്രീയത്തിനുള്ള തിരിച്ചടിയാണ് കർണാടക തിരഞ്ഞെടുപ്പ് ഫലമെന്ന് കിഴക്കൻ പ്രവിശ്യാ കെഎംസിസി അഭിപ്രായപ്പെട്ടു.

 

 

വെറുപ്പിന്റെ രാഷ്ട്രീയത്തിനേറ്റ കനത്ത പ്രഹരവും 2024 ലേക്കുള്ള ശുഭ സൂചികയുമാണ് കർണാടക തെരഞ്ഞെടുപ്പ് വിജയമെന്ന് സൗദി കെഎംസിസി നാഷനൽ കമ്മിറ്റി പറഞ്ഞു.

മതേതര ചേരിക്ക് കർണ്ണാടകയിൽ ലഭിച്ച വിജയം ദേശീയ തലത്തിൽ മതേതര കുട്ടായ്മക്ക് ശക്തി പകരുമെന്ന് ബഹ്റൈൻ പ്രവാസി വെൽഫെയർ അസോസിയേഷൻ പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യയിലെ വിവിധ ജനതകളെ മുഴുവൻ തങ്ങളുടെ സങ്കുചിത അതിദേശീയതയുടെ കീഴിൽ ഭിന്നിപ്പിച്ചു നിർത്തുന്നതിന് എതിരെയുള്ള രാഷ്ട്രീയ സന്ദേശം കൂടിയാണ് കർണാടകയിലെ കോൺഗ്രസിന്റെ വിജയമെന്നും സംഘടന അഭിപ്രായപ്പെട്ടു.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!