വീടെത്താൻ മലയാളി കാത്തിരുന്നത് 9 വർഷം; കാഴ്ച നഷ്ടപ്പെട്ടു, ജോലി ദുസ്സഹമായി, ഒടുവിൽ നാട്ടിൽ

ഒൻപതുവർഷമായി നാട്ടിൽ പോകാന്‍ കഴിയാതെ പ്രവാസലോകത്തു ദുരിതജീവിതം നയിച്ച തിരുവനന്തപുരം സ്വദേശി ഒടുവിൽ നാടണഞ്ഞു. നിർമ്മാണ തൊഴിലാളിയായി സൗദിയിലെത്തിയ പാറശ്ശാല നെടുങ്ങാട് സ്വദേശി ബാബു വർഗീസാണു ദുരിതകാലം താണ്ടി നാട്ടിലെത്തിയത്. ഇഖാമയുടെ കാലാവധി കഴിഞ്ഞതിനെ തുടർന്നു ഒൻപതുവർഷമായി നാട്ടിൽ പോകാനോ ക്യത്യമായി ജോലി ചെയ്യാനോ ബാബുവിനു കഴിഞ്ഞിരുന്നില്ല. ഒരു വർഷത്തിലേറെയായി ജോലി ചെയ്യാൻ കഴിയാത്തവിധം കണ്ണുകളുടെ കാഴ്ച ശക്തിയും നഷ്ടപ്പെട്ടിരുന്നു സുമനസ്സുകളായ സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ജീവിതം മുന്നോട്ടുകൊണ്ടുപോയത്.

ഇതിനിടെ അബഹ ലേബർ ഓഫീസിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങിപ്പോകാനും ശ്രമം നടത്തിയെങ്കിലും കാര്യമുണ്ടായില്ല. ജോലി ചെയ്തിരുന്ന കമ്പനിയുടെ രേഖകൾ ലേബർ ഓഫീസിന്റെ സിസ്റ്റത്തിൽ നിന്നു നീക്കം ചെയ്തതുകാരണം റിയാദിലെ ലേബർ ഓഫീസ് ആസ്ഥാനത്തു നിന്ന് പ്രത്യേക അനുമതിക്കായി നടത്തിയ പരിശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു.

റിയാദ് എംബസ്സിയിലും ജിദ്ദ കോൺസുലേറ്റിലും എക്‌സിറ്റിനു വേണ്ടി റജിസ്റ്റർ ചെയ്‌തെങ്കിലും കാര്യമായ നടപടികൾ ഉണ്ടായില്ല. പരസഹായം കൂടാതെ നടക്കാൻ കഴിയാത്തവിധം കാഴ്ച ശക്തി നഷ്ടമായ ബാബുവിന്റെ അവസ്ഥ സുഹൃത്തുക്കളായ ഇബ്രാഹിം, റെജി, അക്ബർ, ശിവരാജൻ, സാം, ബാലൻ, അനിൽ തുടങ്ങിയവരാണ് ഒഐസിസി സൗദി ദക്ഷിണമേഖലാ പ്രസിഡന്റും സിസിഡബ്ല്യൂ അംഗവുമായ അഷ്‌റഫ് കുറ്റിച്ചലിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്.

തുടർന്നു ബാബുവിന്റെ നിസ്സഹായാവസ്ഥ അധികാരികളുടെ ശ്രദ്ധയിൽപെടുത്തി പ്രത്യേക അനുമതിയോടെ അബഹ നാടുകടത്തൽ കേന്ദ്രത്തിൽ നിന്നു നടപടിക്രമങ്ങൾ പൂർത്തിയാക്കി എക്‌സിറ്റു വീസ തരപ്പെടുത്തുകയായിരുന്നു. ഖമീസിലെ സുമനസ്സുകളായ പ്രവാസികളിൽ നിന്നു സുഹൃത്തുക്കൾ ബാബുവിന് നാട്ടിലെ ചികിത്സയ്ക്കായി സാമ്പത്തിക സഹായവും സ്വരൂപിച്ചു നൽകി.

ഒഐസിസി സൗദി ദക്ഷിണമേഖലാ കമ്മിറ്റി ബാബു വർഗീസിന് അബഹയിൽ നിന്ന് ഷാർജ വഴി തിരുവനന്തപുരത്തേയ്ക്കുള്ള വിമാന ടിക്കറ്റു നൽകി. കഴിഞ്ഞ ദിവസം എയർ അറേബ്യ വിമാനത്തിൽ ബാബു വർഗീസ് നാട്ടിലേയ്ക്കു മടങ്ങി.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!