പ്രണയവിവാഹം, മറ്റൊരാൾക്കൊപ്പം താമസം; കവിതക്ക് ഭർത്താവിൽ നിന്ന് ആസിഡാക്രമണം, ദാരുണാന്ത്യം

കോയമ്പത്തൂർ∙ മലയാളി യുവതിയെ ഭർത്താവ് ആസിഡ് ഒഴിച്ച് ആക്രമിച്ചത് കുടുംബ പ്രശ്നത്തെ തുടർന്നെന്ന് വിവരം. ഇക്കഴിഞ്ഞ മാർച്ച്‌ 23ന് കോയമ്പത്തൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ വച്ചാണ് രാമനാഥപുരം കാവേരി നഗറിൽ കവിതയുടെ (36) ദേഹത്ത് ഭർത്താവ് ശിവകുമാർ ആസിഡ് ഒഴിച്ചത്. ചികിത്സയിലായിരുന്ന കവിത, ശനിയാഴ്ച മരിച്ചു. ആക്രമണത്തിനു ശേഷം കടന്നുകളയാൻ ശ്രമിച്ച ശിവകുമാറിനെ (42) സമീപത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരും അഭിഭാഷകരും ചേർന്നു പിടികൂടിയിരുന്നു.

മലയാളികളായ ഇരുവരും വർഷങ്ങൾക്കു മുൻപു പ്രണയിച്ചു വിവാഹം കഴിച്ചു തമിഴ്നാട്ടിൽ എത്തിയതാണ്. ലോറി ഡ്രൈവറാണ് ശിവകുമാർ. ഇവർക്കു പതിനഞ്ചും പതിനൊന്നും വയസ്സുള്ള രണ്ടു പെൺകുട്ടികളുണ്ട്. 2016 ൽ ബസിൽ വച്ചു യാത്രക്കാരിയുടെ ആഭരണം കവർന്ന കേസിൽ കവിത ജയിലിലായിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരാൾക്കൊപ്പം താമസം തുടങ്ങി. ഇതോടെ ഭർത്താവും കുട്ടികളുമായുള്ള ബന്ധം ഉപേക്ഷിച്ചു. കുറെ നാള്‍ ശിവകുമാർ കവിതയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.

ഇതിനിടെയാണ് ഒന്നര വർഷം കഴിഞ്ഞ്, മാർച്ച് 23ന് കവർച്ചക്കേസിൽ ഹാജരാകാനായി കവിത കോടതിയിൽ എത്തിയത്. വിവരം അറിഞ്ഞ് ശിവകുമാറും കോടതിയിലെത്തി. മക്കളും ഒപ്പമുണ്ടായിരുന്നു. പഴയതെല്ലാം മറന്ന് വീണ്ടും ഒപ്പം താമസിക്കാൻ ശിവകുമാർ ആവശ്യപ്പെട്ടു. എന്നാൽ, മറുപടി പറയാതെ കോടതി മുറിയിലേക്കു പോകാൻ ശ്രമിച്ചപ്പോഴാണ് ശിവകുമാർ ഒളിപ്പിച്ചുവച്ചിരുന്ന ആസിഡ് എടുത്ത് കവിതയുടെ ദേഹത്ത് ഒഴിച്ചത്.

തടുക്കാൻ ശ്രമിച്ച അഭിഭാഷകയുടെ ഗൗൺ ആസിഡ് വീണു കരിഞ്ഞുപോയി. ഗുരുതരമായി പൊള്ളലേറ്റ കവിതയെ ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരവധി പ്ലാസ്റ്റിക് സർജറികൾ നടത്തിയെങ്കിലും ശനിയാഴ്ച മരണത്തിന് കീഴടങ്ങി. കവിതയ്ക്ക് 80 ശതമാനം പൊള്ളലേറ്റിരുന്നു. കോയമ്പത്തൂർ സെൻട്രൽ ജയിലിലുള്ള ശിവകുമാറിനെതിരെ കൊലക്കുറ്റം കൂടി ചുമത്തി. കവിതയുടെ മൃതദേഹം ബന്ധുക്കൾക്കു കൈമാറി.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!