കുഞ്ഞു പിറന്ന സന്തോഷം ഫേസ്ബുക്കിൽ പങ്കുവച്ചു, ഉടനെ മരണം; ഷൈജുവിൻ്റെ വേർപാട് വിശ്വസിക്കാനാകാതെ മലയാളികൾ

യുകെ ഡെവണിന് സമീപം പ്ലിമത്തിൽ കുഴഞ്ഞു വീണു മരിച്ച മലയാളി യുവാവ് ഷൈജു സ്കറിയ ജയിംസിന്റെ(37) അപ്രതീക്ഷിത വേർപാട് വിശ്വസിക്കാൻ കഴിയാതെ ബന്ധുക്കളും സുഹൃത്തുക്കളും.

കോട്ടയം പത്തനംതിട്ട ജില്ലകളുടെ അതിർത്തി പ്രദേശമശമായ പുന്നവേലി സ്വദേശിയായ ഷൈജു ചൊവ്വാഴ്ച ഉച്ച കഴിഞ്ഞു പ്ലിമത്ത് ഡെറിഫോർഡ് യൂണിവേഴ്സിറ്റി എൻഎച്ച്എസ് ആശുപത്രിയിൽ വച്ചാണ് കുഴഞ്ഞു വീണു മരിച്ചത്. ഹൃദയാഘാതമാണ്  മരണകാരണമെന്നാണ് ആശുപത്രിയിൽ നിന്നും ലഭിക്കുന്ന പ്രാഥമിക വിവരം. ഷൈജുവിന്റെ ഭാര്യ നിത്യ നാല് ദിവസം മുൻപാണ് സിസേറിയനിലൂടെ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. ഇത് സംബന്ധിച്ച് ഷൈജു സമൂഹമാധ്യമത്തിൽ സന്തോഷം പങ്കുവച്ച് പോസ്റ്റ് ഇട്ടിരുന്നു. ഷൈജുവിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പടെയുള്ളവർക്ക് മരണവാർത്ത നൊമ്പരമായി മാറിയിരിക്കുകയാണ്.

നിത്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ തന്നെയായിരുന്ന ഷൈജു തിങ്കളാഴ്ചയാണ് മകനെ സ്കൂളിൽ വിടുന്നതിനായി വീട്ടിലേക്ക്‌ മടങ്ങിയത്. ഷൈജുവിനോപ്പം ജോലി ചെയ്യുന്ന ജിനോയി ചെറിയാന്റെ കുടുംബത്തിന് ഒപ്പമായിരുന്നു മകൻ. കഴിഞ്ഞ ദിവസം മകനെ സ്കൂളിൽ വിട്ട ശേഷം ആശുപത്രിയിൽ മടങ്ങിയെത്തിയ ഷൈജു ഏറെ നേരം ഭാര്യയ്ക്കും മകൾക്കുമൊപ്പം സമയം ചെലവഴിച്ചിരുന്നു. ഉച്ചയോടെ ആശുപത്രിയുടെ ശുചിമുറിയിൽ പോയ ശേഷം മടങ്ങിയെത്താമെന്ന് പറഞ്ഞ ഷൈജു തിരിച്ചെത്താൻ വൈകിയതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് കുഴഞ്ഞു വീണു മരിച്ച നിലയിൽ ശുചിമുറിയിൽ കണ്ടെത്തിയത്. ഷൈജുവിന്റെ ഫോണിലേക്ക് നിത്യ പല തവണ ഫോൺ ചെയ്തുവെങ്കിലും  എടുക്കുന്നുണ്ടായിരുന്നില്ല. തുടർന്ന് സെക്യൂരിറ്റി ജീവനക്കാരെയും സുഹൃത്തുക്കളെയും അറിയിച്ചതിനെ തുടർന്നാണ് അന്വേഷണം നടന്നതും ശുചിമുറിയിൽ വീണു കിടക്കുന്ന ഷൈജുവിനെ കണ്ടെത്തിയതും. ഉടൻ തന്നെ ആംബുലൻസ് ജീവനക്കാർ എത്തി ആശുപത്രിലേക്ക് മാറ്റി സിപിആർ ഉൾപ്പെടെയുള്ള പ്രാഥമിക ചികിത്സകൾ നൽകിയെങ്കിലും മരണം സംഭവിച്ചിരുന്നു.

രണ്ടു വർഷം മുൻപാണ് ഷൈജു യുകെയിൽ എത്തുന്നത്. പ്ലിമത്തിലെ ബട്സ് എന്ന സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന ഷൈജു യുകെയിൽ എത്തും മുൻപ് കുവൈത്തിൽ ആയിരുന്നു. മൂന്ന് വർഷം മുൻപ് യുകെയിൽ എത്തിയ ഭാര്യ നിത്യ പ്ലിമത്ത് യൂണിവേഴ്സിറ്റി ആശുപത്രിയിലെ ന്യൂറോ സർജറി യൂണിറ്റിലെ നഴ്സാണ്.

പ്ലിമത്തിലെ മലയാളി അസോസിയേഷനായ പിഎംസിസിയുടെ സജീവ പ്രവർത്തകരായിരുന്നു ഷൈജുവും കുടുംബവും. ഷൈജുവിന്റെ ഭാര്യ പിഎംസിസി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ്. യുകെ വൂസ്റ്ററിലുള്ള ബന്ധുവായ ടോബി സ്കറിയയുമായും നാട്ടിലെ സഹോദരങ്ങളുമായും സുഹൃത്തുക്കളുമായും മരണ ദിവസം രാവിലെയും ഉച്ചയ്ക്കുമൊക്കെ  ഫോണിൽ സംസാരിച്ചിരുന്നു.

പുന്നവേലി മുളയംവേലി മുരിക്കനാനിക്കൽ വീട്ടിൽ ജെയിംസ് ജോസഫ് (തങ്കച്ചൻ), ജോളിമ്മ (നടുവിലേ പറമ്പിൽ) എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: നിത്യ ജോസഫ് (വരകു കാലായിൽ). മക്കൾ: ആരവ്(5), അന്ന(4 ദിവസം). സഹോദരങ്ങൾ: ശുഭ ജെയിംസ് (കവിയിൽ, മേവട), ഷിജോ എം. ജെയിംസ് (പവർ വിഷൻ ടി.വി). മൃതദേഹം  ആശുപത്രി മോർച്ചറിയിൽ ആണ്  ഇപ്പോൾ ഉള്ളത്.

പ്ലിമത്ത് മലയാളി കൾച്ചറൽ കമ്മ്യൂണിറ്റി പ്രസിഡന്റ് സിബി ജോസഫ്, സെക്രട്ടറി ആര്യ വിജയൻ, യുകെയിലുള്ള ബന്ധു ടോബി സ്കറിയ എന്നിവർ ഉൾപ്പെടെയുള്ള സുഹൃത്തുക്കളും ബന്ധുക്കളും ഷൈജുവിന്റെ കുടുംബത്തിന് ഒപ്പം പ്ലിമത്തിൽ ഉണ്ട്‌. യുകെയിലെ നടപടിക്രമങ്ങൾ പൂർത്തീകരിച്ച ശേഷം സംസ്കാരം സംബന്ധിച്ച വിവരങ്ങൾ പിന്നീട് തീരുമാനിക്കുമെന്ന് പിഎംസിസി ഭാരവാഹികൾ അറിയിച്ചു. സിറോ മലബാർ സഭയുടെ മുണ്ടന്താനം സെന്റ് ആന്റണീസ് പള്ളി ഇടവകാംഗമാണ്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!