ഉപ്പയുടെ കൈവരലിൽ തുങ്ങി ഹറമിലേക്ക് പുറപ്പെട്ടതായിരുന്നു ആ പൈതൽ, ഒടുവിൽ ജനത്തുൽ മുഅല്ലയിലെ ഖബറിൽ ആ പൊന്നോമനയുടെ പൂമുഖം മണ്ണിലേക്ക് ചേർത്ത് വെച്ചപ്പോൾ ഖബറിൽ മുട്ടുകുത്തിയിരുന്ന് അന്ത്യ ചുംബനം നൽകാൻ മാത്രമേ ആ ഉപ്പാക്ക് കഴിഞ്ഞുള്ളൂ…
മാതാപിതാക്കളോടൊപ്പം ഉംറ നിർവഹിക്കാനെത്തി മക്കയിൽ കുഴഞ്ഞ് വീണ് മരിച്ച എട്ടുവയസ്സുകാരൻ്റെ വേർപ്പാട് കടുംബത്തെപ്പോലെ തന്നെ പ്രാവസികളേയും നാട്ടുകാരെയും ഏറെ നൊമ്പരപ്പെടുത്തുന്നതായിരുന്നു. കോഴിക്കോട് കാരശ്ശേരി കക്കാട് മുക്കാൻതൊടി നാസർ – ഖദീജ ദമ്പതികളുടെ മകൻ അബ്ദുറഹ്മാനാണ് മക്കയിൽ ഹറമിലേക്കുള്ള വഴിയിൽ കുഴഞ്ഞ് വീണ് മരിച്ചത്. മുക്കം ചേന്ദമംഗല്ലൂർ ഹെവൻസ് ആൻഡ് ഹാബിറ്റ്‌സ് അക്കാദമിയിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു അബ്ദുറഹ്മാൻ. പഠനത്തിലും ഏറെ മിടുക്കനായിരുന്നു അബ്ദുറഹ്മാൻ്റെ വിയോഗ വാർത്ത അധ്യാപകരും സഹപാഠികളും നാട്ടുകാരുമെല്ലാം ഏറെ ഞെട്ടലോടെയാണ് കേട്ടത്.
കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെയാണ് മാതാപിതാക്കൾക്കും സഹോദരങ്ങൾക്കുമൊപ്പം ഉംറ ചെയ്യാനായി കരിപ്പൂരിൽ നിന്നും ഇവർ യാത്ര പുറപ്പെട്ടത്. മക്കയിലെത്തിയ ഉടൻ തന്നെ ഉംറ കർമ്മങ്ങളെല്ലാം പൂർത്തിയാക്കി. പിന്നീട് താമസസ്ഥലത്തേക്ക് മടങ്ങി. കുളിച്ച് വിശുദ്ധ റമദാനിലെ മഗ്രിബ് നമസ്കാരത്തിനായി വീണ്ടും ഹറമിലേക്ക് നടന്ന് പോകുന്നതിനെയായിരുന്നു ആ പൈതൽ കുഴഞ്ഞ് വീണത്. ഉടൻ തന്നെ ആശുപത്രിയിലെത്തെച്ചെങ്കിലും ആ കുരുന്ന് കുടുബത്തെ വിട്ട് യാത്രയായി.
വിശുദ്ധ റമദാനിൽ ഹറം പള്ളിയിൽ വെച്ച് ലക്ഷങ്ങൾ ആ പൊന്നോമനക്ക് വേണ്ടി മയ്യിത്ത് നമസ്കരിച്ച് പ്രാർഥിച്ചു. ഹറമിൽ നിന്നും ജന്നത്തുൽ മുഅല്ലയിലേക്ക് ഖബറടക്കാനായി കൊണ്ടുപോകുമ്പോൾ അത് വരെ തൻ്റെ കൈ വിരൽ തുമ്പ് പിടിച്ച് നടന്നിരുന്ന കുഞ്ഞിൻ്റെ മയ്യിത്ത് കട്ടിൽ ചുമലിലേറ്റാനായിരുന്നു ഉപ്പ നാസറിന്റെ വിധി.
നാസറിനോടൊപ്പം ആദ്യവാസനം സഹായത്തിനായുണ്ടായിരുന്ന മുസ്തഫ മലയിൽ ഫേസ്ബുക്കിലിട്ട പോസ്റ്റ് ആരുടേയും ഹൃദയം തകർക്കുന്നതാണ്.
മുസ്തഫ മലയിലിൻ്റെ ഫേസ് ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം വായിക്കാം…
“ഉപ്പച്ച്യെ …നിക്കിന്ന് രാത്രി ബിരിയാണി വേണം .”
ഉംറക്കിടയിൽ അബ്ദുറഹ്മാൻ എന്നോട് പറഞെന്ന് പറഞ് നാസർക്ക മുഖം പൊത്തി കരഞ്ഞു . അൽപം മുമ്പ് വരെ ഓടിച്ചാടി കൂടെ നടന്നിരുന്ന പൊന്നുമോൻ നിമിഷാർദ്ധം കൊണ്ട് കിടക്കുന്ന തണുത്തുറച്ച ആശുപത്രി മോർച്ചറിയുടെ മുന്നിൽ ഇരുന്നാണ് ഒരു ഉപ്പയുടെ വിലാപം .ഒന്ന് ചേർത്ത് പിടിക്കാനല്ലാതെ മറ്റൊന്നിനും എനിക്ക് കഴിഞില്ല .ഒരു വർണ്ണ പൂമ്പാറ്റയെ പോലെ ഹറമിന്റെ മുറ്റത്ത് പാറി പ്പറന്ന് നടന്നവൻ . ഉപ്പയും ഉമ്മയും സഹോദരങളോടുമൊപ്പം ഉംറ പൂർത്തീകരിച്ചവൻ . ഉമ്മയെയും പെങ്ങന്മാരെയും ഹറമിൽ തന്നെ നിർത്തി മഗ്‌രിബിന് മുമ്പ് ഒന്ന് റൂമിൽ പോയി കുളിച്ച് വസ്ത്രം മാറി വരാൻ പോയതാണ് അവനും ഉപ്പയും . കുളി കഴിഞ് വസ്ത്രം മാറി ആവേശത്തോടെ ഹറമിലേക്ക് ഉപ്പയുടെ കൈയും പിടിച്ച് നടക്കുന്ന അബ്ദുറഹ്‌മാൻ എന്ന പൊന്നുമോൻ പെട്ടെന്ന് കുഴഞ്ഞു വീണു . പെട്ടെന്ന് തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .
എന്റെ മോൻ ഓട്ടത്തിലും ചാട്ടത്തിലും കളിയിലും മറ്റെല്ലാ മേഖലയിലും മിടുക്കനായിരുന്നെന്ന് പറഞ് തേങ്ങി തേങ്ങി നാസർക അദ്ദേഹത്തിന്റെ ഫോണിൽ അവന്റെ കുറേ ഫോട്ടോസ് എടുത്തു കാണിച്ചു . വിവിധ മത്സരങ്ങൾക്ക് ട്രോഫി വാങ്ങിക്കുന്ന ചിത്രങ്ങൾ . നിസ്സംഗനായി നോക്കി നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ .
നടപടിക്രമണങ്ങളെല്ലാം പൂർത്തിയായി ഇന്ന് അസർ നമസ്കാരത്തിന് ഹറമിൽ വെച്ച് ലക്ഷങ്ങൾ മയ്യത്ത് നമസ്കരിച്ച് ഉമ്മുൽ മുഹ്മിനീന്റെ ചാരെ , മുത്ത് നബിയുടെ പൊന്നുമൊന്റെ ചാരെ തയ്യറാക്കിയ ശാശ്വതമായ ഭവനത്തിലേക്ക് മടക്കം . ഖബറിലേക്ക് ഇറക്കി വെക്കാൻ കൂടെ നാസർകയും ഇറങ്ങി . വിറയാർന്ന കൈകളോടെ ഇഖ്ലാസിന്റെ കരുത്തിൽ പൊന്നുമൊന്റെ ചലനമറ്റ ശരീരം ഞങ്ങൾ ഏറ്റുവാങ്ങി . മണ്ണിനോട് ചേർത്ത് വെച്ച് പൊന്നോമനയുടെ തിരുനെറ്റിയിൽ നാസർക്കയുടെ അന്ത്യ ചുംബനം . ഖബറിൽ മുട്ടുകുത്തിയിരുന്ന് ആർത്തനാദം .കൂടെയുള്ളവർ അദ്ധേഹത്തെ കൈപിടിച്ച് ഖബറിൽ നിന്ന് കയറ്റി . പ്രാർത്ഥനാ മന്ത്രങ്ങളോടെ കതകടയുന്നു . കൂടി നിൽക്കുന്നവരുടെ കണ്ണിൽ ഇരുൾ പരക്കുന്നു .പൊന്നുമൊന്റെ കണ്ണിൽ നിലാവ് പരക്കുന്നുണ്ടാവും. അവൻ നിത്യ സ്വർഗത്തിലേക്ക് യാത്രയാവുകയാണല്ലോ . പ്രാർത്ഥനയോടെ മടക്കം ..!
എല്ലാവരും മടങ്ങി ..!
പതിയെ ഒരു സലാം പറഞ് ഞാനും ….
അസ്സലാമു അലൈക യാ ശഹീദ് അബ്ദുറഹ്മാൻ…
മുസ്തഫ മലയിൽ
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.