ക്രിസ്ത്യൻ പള്ളികള്‍ക്കെതിരായ ആക്രമണം: സമസ്ത ക്രിസ്ത്യൻ സമാജത്തിന്‍റെ പ്രതിഷേധ മാർച്ചിന് അനുമതിയില്ല; ക്രൈസ്തവർ ആക്രമിക്കപ്പെടുന്നില്ലെന്ന് മലങ്കര ഓർത്തഡോക്സ് സഭ
ക്രിസ്ത്യൻ പള്ളികളും സ്ഥാപനങ്ങളും ആക്രമിക്കപ്പെടുന്നതിനെതിരെ സമസ്ത ക്രിസ്ത്യൻ സമാജം പ്രഖ്യാപിച്ച പ്രതിഷേധ മാർച്ചിന് അനുമതി നിഷേധിച്ചു. മഹാരാഷ്ട്രയിലെ ബൈക്കുളയിൽ നിന്നുള്ള പ്രതിഷേധ മാർച്ചിന് മുംബൈ പൊലീസാണ് അനുമതി നിഷേധിച്ചത്. മുംബൈ ആസാദ് മൈതാനത്ത് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പ്രതിഷേധക്കാർ അറിയിച്ചു.
ക്രിസ്ത്യന്‍ സ്ഥാപനങ്ങളും പള്ളികളും മുംബൈയില്‍ വ്യാപകമായി ആക്രമിക്കപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സമസ്ത ക്രിസ്ത്യൻ സമാജം പ്രതിഷേധ പ്രകടനം പ്രഖ്യാപിച്ചത്. ബാന്ദ്രയിൽ പള്ളി തകർത്ത് ഒരു മാസം കഴിഞ്ഞിട്ടും എഫ്.ഐ.ആർ പോലും ഇട്ടില്ലെന്ന് സമാജം ഭാരവാഹികള്‍ പറയുന്നു. 100 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സെമിത്തേരി പൊളിച്ചുമാറ്റുന്നതിലും പ്രതിഷേധമുണ്ട്. എല്ലാ സഭകളെയും ഉള്‍പ്പെടുത്തിയാണ് പ്രതിഷേധ മാര്‍ച്ചിന് ആഹ്വാനം ചെയ്തത്.
ബൈക്കുളയിൽ നിന്ന് ആസാദ് മൈതാനത്തേക്ക് മാര്‍ച്ച് ചെയ്യാനായിരുന്നു തീരുമാനം. ഈ മാര്‍ച്ചിന് മുംബൈ പൊലീസ് അനുമതി നിഷേധിച്ചു. അതേസമയം ആസാദ് മൈതാനിയില്‍ പ്രതിഷേധ യോഗം ചേരാന്‍ അനുമതിയുണ്ട്. അവിടെ നേരിട്ടെത്തി പ്രതിഷേധയോഗം സംഘടിപ്പിക്കാനാണ് തീരുമാനം.
അതേ സമയം ഇന്ത്യയിൽ ക്രൈസ്തവർ ആക്രമിക്കപ്പെടുന്നില്ലെന്ന് മലങ്കര ഓർത്തഡോക്സ് സഭയുടെ കുന്നംകുളം ഭദ്രാസനം മെത്രാപൊലീത്ത ഗീവർഗീസ് മാർ യൂലിയോസ് പറഞ്ഞു. എല്ലാ മതവിഭാഗങ്ങൾക്കിടയിലും വർഗീയ സംഘടനകളുണ്ട്. എന്നാൽ മതത്തിന് ഇത്തരം സംഘടനകളുടെ ലക്ഷ്യമല്ല ഉള്ളതെന്നും അദ്ദേഹം അറിയിച്ചു.
മതസ്വാതന്ത്ര്യമില്ലെന്ന് പറഞ്ഞ് ഭാരതത്തെ അപഹസിക്കുന്ന ഒരു സമൂഹം രാജ്യാന്തര മാധ്യമത്തിലേക്ക് ഇവിടെനിന്ന് പോകുന്നുണ്ട്. രാജ്യത്ത് മതസ്വാതന്ത്ര്യമില്ലെന്നും ക്രൈസ്തവർ ആക്രമിക്കപ്പെടുന്നു എന്നും അവർ വെറുതെ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയെ അനുകൂലിച്ച് കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പുറത്തുനിന്ന് പലപ്പോഴും എന്നെ ആളുകൾ വിളിക്കാറുണ്ട്. എന്താണിവിടെ നടക്കുന്നത്, ആളുകളെ കൊല്ലുകയാണോ? എന്നൊക്കെയാണ് അവർ ചോദിക്കുന്നത്. ഇന്ത്യ വലിയൊരു രാജ്യമാണ്. അവിടെയും ഇവിടെയുമൊക്കെ ചില അസ്വാരസ്യങ്ങൾ ഉണ്ടാകും. അങ്ങനെയുണ്ടായാൽ അത് വേണ്ടപ്പെട്ടവരെ അറിയിക്കുക അതിന്റെ നിയമനടപടികളിലേക്ക് പോകുക, പ്രതിഷേധിക്കേണ്ടിടത്ത് പ്രതിഷേധിക്കുക. കന്യാസത്രീകളെ ഉപദ്രവിച്ചതിൽ പ്രതിഷേധത്തിൽ ഞാനും പങ്കെടുത്തിരുന്നു.
നാലു ദിവസം കഴിഞ്ഞപ്പോഴാണ് വാർത്തവരുന്നത് കന്യാസ്ത്രീകളെ ഉപദ്രവിച്ചത് വ്യാജ ഐഡിയിൽ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറി പ്രവർത്തിക്കുന്ന ആളുകളാണ്. അവരെ പിടിച്ചു കഴിഞ്ഞപ്പോൾ അവർ വിഎച്ചപി ഒന്നുമല്ല. എന്നുകരുതി ഞാൻ വിഎച്ച്പി നല്ലതാണെന്നല്ല പറയുന്നത്. എല്ലാ മതങ്ങളിലും വർഗീയ സംഘടനങ്ങളിലുണ്ട്. എന്നാൽ വർഗീയ സംഘടനകളുടെ ലക്ഷ്യമല്ല മതത്തിന്റെ ആത്യന്തികമായ ലക്ഷ്യം.’– അദ്ദേഹം പറഞ്ഞു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273