ഓൺലൈൻ തട്ടിപ്പ് വർധിക്കുന്നു; വിലക്കുറവിൽ വീണ് നിരവധി മലയാളികൾക്കും പണം നഷ്ടമായി
സമൂഹമാധ്യമങ്ങളിലടക്കം ഒാൺലൈൻ തട്ടിപ്പുകളിലൂടെ പണം നഷ്ടപ്പെടുന്ന സംഭവങ്ങൾ പെരുകി. മലയാളികളടക്കം ഒട്ടേറെ പേർക്ക് ഇതിനകം പണം നഷ്ടമായി. വിലക്കുറവ് കണ്ട് വിവിധ തരം സാധനങ്ങൾക്കും പ്രമുഖ ബ്രാൻഡുകളുടെ ഭക്ഷ്യവസ്തുക്കൾക്കും ഒാർഡർ ചെയ്യുമ്പോഴായിരുന്നു പലർക്കും പണം നഷ്ടമായത്. റമസാനായതോടെ ഇത്തരം തട്ടിപ്പ് ഒാഫറുകളുടെ എണ്ണം പെരുകിയിട്ടുമുണ്ട്.
ഫെയ്സ് ബുക്കിലും ഇൻസ്റ്റാഗ്രാമിലുമൊക്കെ വിലക്കുറവ് പരസ്യം കണ്ട് ഒാർഡർ ചെയ്യുമ്പോൾ അവസാന നിമിഷം ദിർഹം എന്നത് യുഎസ് ഡോളറായി മാറ്റിയാണ് ഭക്ഷ്യോത്പന്നങ്ങളുടെ പേരിൽ തട്ടിപ്പു നടക്കുന്നത്. സാധാകരണ ഭക്ഷ്യകേന്ദ്രങ്ങളിൽ ലഭിക്കുന്നതിന്റെ നേർ പകുതി നിരക്കിൽ ഇവർ പ്രമുഖ ബ്രാൻഡുകളുടെ പോലും ഭക്ഷ്യോത്പന്നങ്ങൾക്ക് ഒാഫർ നല്‍കുന്നു. ഇതുകണ്ട് ആവേശത്തോടെ ഒാർഡർ നൽകുന്നവർക്കാണ് പണം നഷ്ടമായത്. ബാങ്ക് കാർഡ് വഴി പണം അടക്കുമ്പോൾ ചാർജ് ഈടാക്കുന്നത് ദിർഹത്തിലാണോ ഡോളറിലാണോ എന്ന് ശ്രദ്ധിക്കാൻ പലരും മറന്നുപോകുന്നതാണ് ഇത്തരം തട്ടിപ്പിനിരയാകാൻ കാരണം.
22,000 ദിർഹത്തിന് ബൈക്ക്; അടിച്ചെടുത്തത് 44,000 ദിർഹം
മറ്റു പല വസ്തുക്കളുടെ പേരിലും ഒാൺലൈൻ തട്ടിപ്പ് നടക്കുന്നുണ്ട്. ബൈക്ക് വിൽക്കാനുണ്ടെന്ന് പറഞ്ഞ് ഒാൺലൈനിൽ പരസ്യം നൽകി തട്ടിപ്പ് നടത്തിയ രണ്ട് ആഫ്രിക്കക്കാരെ ഒരു മാസത്തെ തടവിനും തുടർന്ന് യുഎഇയിൽ നിന്ന് നാടുകടത്താനും ദുബായ് മിസ്‌ഡിമെയ്‌നർ കോടതി ശിക്ഷിച്ചു. ഗൾഫ് പൗരനെയാണ് ഇവർ കബളിപ്പിച്ചത്. ഇവരെ ഇന്റർനെറ്റ് ഉപയോഗിക്കുന്നതിൽ നിന്നും വിലക്കിയിട്ടുണ്ട്.
ഇരയെ ഓൺലൈൻ ഷോപ്പിങ് പോർട്ടൽ വഴി വശീകരിച്ച് 22,000 ദിർഹത്തിന് ബൈക്ക് വിൽക്കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. രണ്ട് തവണ ഗൾഫ് പൗരനിൽ നിന്ന് പണം ഈടാക്കുകയും ചെയ്തു. ഒാൺലൈനിലൂടെ പതിവായി സാധനങ്ങൾ വാങ്ങാറുള്ള ഗൾഫ് പൗരനെ നിരീക്ഷിച്ച പ്രതികൾ ഒരു സോഷ്യൽ നെറ്റ്‌വർക്കിൽ ബൈക്ക് വിൽക്കാനുണ്ടെന്ന് പരസ്യം നൽകി.
പിന്നീട് പ്രതികളിലൊരാൾ ഇരയെ വാട്സാപിലുടെ ബന്ധപ്പെട്ട് ഷിപ്പിങ് ഉൾപ്പെടെ 22,000 ദിർഹത്തിന് മോട്ടോർ ബൈക്ക് വിൽക്കാം എന്ന് വാഗ്ദാനം ചെയ്തു. ഇടപാട് ആദായകരമാണെന്ന് കണ്ട ഗൾഫ് പൗരൻ സാധനം വാങ്ങാൻ സമ്മതിച്ചു. തുടർന്ന് പ്രതികൾ പണം കൈമാറാൻ അഭ്യർഥിക്കാൻ തുടങ്ങി, അത് പിന്നീട് 44,000 ദിർഹം വരെയായി.
താൻ കബളിപ്പിക്കപ്പെട്ടതായി ഗൾഫ് പൗരന് മനസ്സിലായി. പൊലീസിനും പബ്ലിക് പ്രോസിക്യൂഷനും നൽകിയ മൊഴിയിൽ ഒരു വെബ്‌സൈറ്റിൽ മോട്ടോർ സൈക്കിളിന്റെ പരസ്യം കണ്ടതായും അതിനെക്കുറിച്ച് അന്വേഷിക്കാൻ ഉടമയെ വാട്സാപ് വഴി ബന്ധപ്പെട്ടതായും ഇദ്ദേഹം പറഞ്ഞു. ഷിപ്പിങ് ഫീ ഉൾപ്പെടെ ബൈക്കിന്റെ വില സംബന്ധിച്ച് ഇരുകക്ഷികളും സമ്മതിച്ചു. താൻ മുൻകൂറായി പണമടച്ചതായും ഇൻഷുറൻസ്, കസ്റ്റംസ് ഫീസും മറ്റുള്ളവയും ഉൾപ്പെടെ വിൽപ്പനക്കാരൻ തന്നോട് കൂടുതൽ തുക ആവശ്യപ്പെടാൻ തുടങ്ങിയതായും ഇയാൾ പറഞ്ഞു. യഥാർത്ഥ വില 22,000 ദിർഹമായിരുന്നുവെന്നും എന്നാൽ 44,000 ദിർഹം വിവിധ തവണകളായി നൽകിയെങ്കിലും ബൈക്ക് ലഭിച്ചില്ലെന്നും പറഞ്ഞു. തുടർന്ന് ബൈക്ക് എത്തിക്കാൻ 5,000 ദിർഹം കൂടി നൽകണമെന്ന് പ്രതികൾ ആവശ്യപ്പെട്ടു. ഇതോടെയാണ് ഗൾഫ് പൗരൻ പ്രതികളെ സംശയിച്ചു തുടങ്ങിയത്. പക്ഷേ താൻ തട്ടിപ്പിന് ഇരയായി എന്ന് മനസ്സിലാക്കിയപ്പോൾ വളരെ വൈകിപ്പോയിരുന്നു.
ഒളിവിൽപ്പോയ രണ്ടാം പ്രതിയിൽ നിന്ന് മൊഴിയെടുക്കാൻ കോടതിക്ക് ഇതുവരെ കഴിഞ്ഞില്ല. പ്രതികള്‍ക്ക് കോടതി ഒരു മാസത്തെ തടവും പിഴയും വിധിച്ചു. ശിക്ഷ നടപ്പാക്കുന്നതു മുതൽ ആറ് മാസത്തേക്കു ഇവരുടെ ഇന്റർനെറ്റ് ഉപയോഗം തടയുന്നതിനുള്ള നടപടിയും സ്വീകരിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273