വാഹനമിടിച്ച് സഹോദരങ്ങൾ മരിച്ച സംഭവം; ജോസ് കെ. മാണിയുടെ മകനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

മണിമല: ജോസ് കെ. മാണിയുടെ മകൻ കെ.എം. മാണി (19) ഓടിച്ച ഇന്നോവയും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. സ്കൂട്ടറിൽ യാത്രചെയ്തിരുന്ന, കരിക്കാട്ടൂർ പതാലിപ്ലാവ് കുന്നുംപുറത്തുതാഴെ മാത്യു ജോൺ (ജിസ്-35), സഹോദരൻ ജിൻസ്‌ ജോൺ(30) എന്നിവരാണ് മരിച്ചത്. മണിമല ബി.എസ്.എൻ.എൽ.പടിക്കുസമീപം ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടുകൂടിയായിരുന്നു അപകടം.

ഇന്നോവ കാറിന്റെ ഉടമസ്ഥൻ ജോസ് കെ. മാണിയുടെ സഹോദരീഭർത്താവെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. അപകടസമയത്ത് വാഹനം ഓടിച്ചത് 47 വയസുള്ള ഒരാൾ എന്നായിരുന്നു പോലീസ് എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയത്. എന്നാൽ വാഹനം ഓടിച്ചത് ജോസ് കെ. മാണിയുടെ മകൻ കെ.എം. മാണിയാണെന്ന ആരോപണം അന്നുതന്നെ ഉയർന്നിരുന്നു. ഇതിനിതിരേ പ്രതിഷേധങ്ങളും ശക്തമായിരുന്നു.

അലക്ഷ്യമായി വാഹനമോടിച്ചതിനും മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കുമാണ് കെ.എം മാണിക്കെതിരേ കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ജാമ്യത്തിൽ വിട്ടതായി കോട്ടയം എസ്.പി. കെ. കാർത്തിക് പറഞ്ഞു.

അമ്മയുടെ സഹോദരിയുടെ കറുകച്ചാലിലെ വീട്ടിൽപോയി മടങ്ങിവരുകയായിരുന്നു മരിച്ച സഹോദരങ്ങൾ. കറിക്കാട്ടൂർ ഭാഗത്തുനിന്ന് മണിമല ഭാഗത്തേക്കുവരികയായിരുന്നു അപകടമുണ്ടാക്കിയ കാർ. ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഞായറാഴ്ച പുലർച്ചെ ഒരുമണിയോടെ മരിച്ചു. ഇരുവരും അലൂമിനിയം ഫാബ്രിക്കേഷൻ ജോലിക്കാരായിരുന്നു. മേസ്തിരിപ്പണിക്കാരനായ യോഹന്നാൻ മാത്യുവിന്റെയും സിസമ്മയുടെയും മക്കളാണ്. മുണ്ടത്താനം പുത്തൽപുരയ്ക്കൽ അൻസുവാണ് മാത്യുജോണിന്റെ ഭാര്യ. അൻസു പൊൻകുന്നം അരവിന്ദ ആശുപത്രിയിലെ ലാബ് ടെക്നീഷ്യനാണ്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!