റമദാൻ മാസത്തിൽ സൗദിയിലുടനീളം റമദാൻ സീസൺ ഫെസ്റ്റിവൽ; വിവിധ വിനോദ വിജ്ഞാന പരിപാടികൾ
വിശുദ്ധ റമദാൻ മാസത്തിൽ സൗദി അറേബ്യയിലുടനീളം റമദാൻ സീസൺ ഫെസ്റ്റിവൽ സംഘടിപ്പിക്കുമെന്ന് സാംസ്കാരിക മന്ത്രാലയം. റദമാൻ മാസവുമായി ബന്ധപ്പെട്ട ചരിത്രപരമായ സാംസ്കാരിക പൈതൃകം പുനരുജ്ജീവിപ്പിക്കുന്നതിൻ്റെ ഭാഗമായാണിത്.
സൗദി അറേബ്യയിലെ 10 മേഖലകളിലെ 14 നഗരങ്ങളിലായി 38-ലധികം സ്ഥലങ്ങളിൽ സാംസ്കാരികവും സാമൂഹികവും സർഗ്ഗാത്മകവുമായ പരിപാടികൾ സംഘടിപ്പിക്കുവാനാണ് തീരുമാനം.
നോമ്പ് കാലത്തെ സൗദി സമൂഹത്തിന്റെ ആചാരങ്ങളും ആഘോഷങ്ങളും സൗദി പാചകരീതികളും ലോകത്തിന് പരിചയപ്പെടുത്താനും റമദാൻ സംസ്കാരത്തെ നൂതനമായ രീതിയിൽ അവതരിപ്പിക്കുവാനുമാണ് റമദാൻ സീസൺ ലക്ഷ്യമിടുന്നത്.
ഇഫ്താർ, സുഹൂർ എന്നിവക്ക് പുറമെ തത്സമയ പ്രകടനങ്ങൾ, കരകൗശല വസ്തുക്കൾ, കടങ്കഥകളും മത്സരങ്ങളും, കായിക ടൂർണമെന്റുകൾ, വിനോദ പ്രവർത്തനങ്ങൾ, ചരിത്ര പ്രദർശനങ്ങൾ, ജനപ്രിയ ഗെയിമുകൾ എന്നിങ്ങനെയുള്ള വൈവിധ്യമാർന്ന പ്രവർത്തനങ്ങളും സീസണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സൗദി അറേബ്യയിലെ ഓരോ നഗരങ്ങളുടെയും പ്രത്യേകമായ സാംസ്കാരിക ഐഡന്റിറ്റിയെ അടിസ്ഥാനമാക്കിയായിരിക്കും അതാത് നഗരങ്ങളിലെ ഫെസ്റ്റിവൽ. റമദാനിന്റെ അതുല്യമായ സ്വഭാവത്തിന് അർഹമായ ആദരവോടെയാണ് സീസൺ ആഘോഷിക്കുന്നത്.
രണ്ട് വിശുദ്ധ മസ്ജിദുകളിലേക്കുള്ള കവാടമായി കണക്കാക്കപ്പെടുന്ന ജിദ്ദയിലാണ് സീസണ് ഫെസ്റ്റിവലിന് തുടക്കം കുറിക്കുക. ബലദിലെ ഹിസ്റ്റോറിക്കൽ ജിദ്ദ ഏരിയയിലാണ് പരിപാടി. റമദാൻ കഥകൾ പോലെയുള്ള വൈവിധ്യമാർന്ന നിരവധി പരിപാടികൾ ഇവിടെ അരങ്ങേറും.
ജീവകാരുണ്യ പ്രവർത്തനങ്ങൾ, ജിദ്ദയുടെ ചരിത്രത്തെക്കുറിച്ചുള്ള പ്രദർശനങ്ങൾ, ചരിത്രപരമായ മസ്ജിദുകളുടെ പുനരുദ്ധാരണം, ഖുർആൻ പ്രിന്റിംഗ്, ജനപ്രിയ റെസ്റ്റോറന്റുകൾ, തുടങ്ങി നിരവധി പരിപാടികളാണ് ജിദ്ദയിൽ സംഘടിപ്പിക്കുക.
റമദാൻ കൂടാരം, ജീവകാരുണ്യ പ്രവർത്തനങ്ങൾ, കവിതാ സായാഹ്നങ്ങൾ, വോളിബോൾ, പാഡിൽ-ബോൾ ടൂർണമെന്റുകൾ, വാക്കിംഗ് ട്രാക്ക്, ഇ-ഗെയിമുകൾ എന്നിങ്ങനെ നിരവധി വ്യത്യസ്ത പരിപാടികളുമായി റിയാദിലും റമദാൻ സീസണ് കേമമാകും.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273