ഹറം പള്ളിയുടെ മുറ്റത്ത് സുഖപ്രസവം. മദീനയില്‍ മസ്ജിദുന്നബവിയുടെ മുറ്റത്ത് പ്രസവത്തിന് സൌകര്യമൊരുക്കിയത് സൌദി റെഡ് ക്രസന്‍റ്

മദീന: മദീനയില്‍ പ്രവാചകന്‍റെ പള്ളിയുടെ മുറ്റത്ത് ഗര്‍ഭിണിയായ വനിതയ്ക്ക് സുഖപ്രസവം. കഴിഞ്ഞ ദിവസം ഹറം പള്ളിയിലെത്തിയ സ്ത്രീക്കാണ്  പ്രസവ വേദന അനുഭവപ്പെട്ടത്.  പ്രസവത്തോടടുത്ത സമയമായത് കൊണ്ട് തന്നെ ഉടന്‍ തന്നെ സൌദി റെഡ് ക്രസന്‍റ് വളണ്ടിയര്‍മാര്‍ സ്ഥലത്ത് എത്തുകയും ആവശ്യമായ സഹായങ്ങള്‍ നല്കുകയും ചെയ്തു. താമസിയാതെ യുവതി പള്ളിയുടെ മുറ്റത്ത് വെച്ച് കുഞ്ഞിനു ജന്മം നല്കി.  യുവതിയെ സുരക്ഷിതമായി പ്രസവിക്കാൻ സഹായിച്ചതായി സൗദി റെഡ് ക്രസന്റ് അതോറിറ്റിയുടെ മദീന ബ്രാഞ്ച് ഡയറക്ടർ ജനറൽ ഡോ. അഹമ്മദ് ബിൻ അലി അൽ-സഹ്‌റാനി പറഞ്ഞു.

റെഡ് ക്രസന്‍റ് സംഘം സ്ഥലത്തെത്തിയപ്പോൾ  യുവതി അവശനിലയിൽ ആയിരുന്നു.  വെള്ളം പൊട്ടി കുഞ്ഞിന്റെ തല ഇതിനകം പുറത്തുവന്നിരുന്നു.  പ്രോട്ടോക്കോളുകൾ കർശനമായി പാലിച്ചാണ് സംഘം പരിചരണം നല്കിയത്.  സ്ഥലത്തുണ്ടായിരുന്ന ഒരു ഹെൽത്ത് പ്രാക്ടീഷണറും ആവശ്യമായ സഹായം നല്കി.

പ്രസവ ശേഷം  കൂടുതൽ പരിശോധനകൾക്കായി അമ്മയെയും കുഞ്ഞിനെയും ബാബ് ജിബ്രിൽ ഹെൽത്ത് സെന്ററിലേക്ക് മാറ്റി. ഹെൽത്ത് പ്രാക്ടീഷണർമാർ എന്ന നിലയിൽ വിദഗ്ധ മെഡിക്കൽ പരിശീലനം ലഭിച്ചതിനാലാണ് കുട്ടിയെ സുരക്ഷിതമായി പ്രസവിക്കാൻ ടീമിന് കഴിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.

അടിയന്തിര മെഡിക്കല്‍ സേവനങ്ങള്‍ക്ക് 997 എന്ന നമ്പറിൽ വിളിക്കാവുന്നതാണെന്ന് റെഡ് ക്രസന്‍റ് അറിയിച്ചു.  Asafny ആപ്പ് വഴിയോ തവക്കൽന ആപ്പിലെ SOS സേവനത്തിലൂടെയോ ആംബുലൻസ് സേവനവുമായി ബന്ധപ്പെടാവുന്നതാണ്.

Share
error: Content is protected !!