സൗദിയിൽ പലയിടത്തും മഴ; ജിദ്ദയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, റോഡുകളിൽ വെള്ളം കയറി, വാഹനങ്ങൾ വഴിയിൽ പണിമുടക്കി – വീഡിയോ

സൗദിയിലെ ജിദ്ദയിൽ ഇന്ന് പുലർച്ചെ മുതൽ വ്യാപക മഴ. ശക്തമായ മഴയും, കാറ്റും, ഇടിയും മിന്നലും അനുഭവപ്പെടുന്നുണ്ട്. ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് നടക്കാനിരുന്ന വിവിധ പരീക്ഷകളും മാറ്റി വെച്ചു. ഇന്നലെ മുതൽ തന്നെ അന്തരീക്ഷം മേഘാവൃതമാണ്.

ശക്തമായ മഴയിൽ ചില സ്ഥലങ്ങളിൽ ട്രാഫിക് സിഗ്നലുകൾ പ്രവർത്തന രഹിതമായി. പല സ്ഥലങ്ങളിലും വാഹനങ്ങൾ റോഡുകളിൽ പണിമുടക്കി. റോഡുകളിൽ വെള്ളം ഉയര്ന്ന് വരികയാണ്. അണ്ടർ പാസേജുകളിൽ വെള്ളം കെട്ടിനിൽക്കാതിരിക്കാനാവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെങ്കിലും, മഴ ശക്തമായി തുടരുകയാണെങ്കിൽ ഗതാഗ തടസം നേടിടാനിടയുണ്ട്. പല സ്ഥലങ്ങളഇലും ഗതാഗതം തടസ്സപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.

 

 

ലോക കപ്പ് വിജയത്തെ തുടർന്ന് സൌദിയിൽ പ്രഖ്യാപിച്ച പൊതു അവധിക്ക് ശേഷം ഇന്ന് ഓഫീസുകൾ തുറന്ന് പ്രവർത്തിച്ചെങ്കിലും ഹാജർ നില വളരെ കുറവായിരുന്നു. പല സ്ഥാപനങ്ങളും തൊഴിലാളികൾക്ക് ഇന്നും അവധി നൽകി. നാളെയും മറ്റന്നാളും വെള്ളി, ശനി ദിവസങ്ങളിൽ വാരാന്ത്യ അവധികൂടി ആയതിനാൽ ഇനി ഞായറാഴ്ച മുതൽ മാത്രമേ സ്വാകര്യ സ്ഥാപനങ്ങൾ സാധാരണ നിലയിൽ പ്രവർത്തിക്കുകയുള്ളൂ.

കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്ന് ജിദ്ദ, റാബിഗ്, ഖുലൈസ് ഗവർണറേറ്റുകളിലെ എല്ലാ സ്‌കൂളുകളിലും ഇന്ന് (വ്യാഴം) അധ്യയനം നിർത്തിവെച്ചതായി ജിദ്ദയിലെ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു, ജിദ്ദ സർവകലാശാല അതിന്റെ എല്ലാ ആസ്ഥാനങ്ങളിലും ശാഖകളിലും പഠനം മാറ്റിവച്ചതായി അറിയിച്ചു.

രണ്ടാം സെമസ്റ്ററിന്റെ വ്യാഴാഴ്ച നടത്താനിരുന്ന എല്ലാ പൊതു, സ്വകാര്യ സ്കൂളുകളിലെയും പരീക്ഷകൾ മാറ്റിവെച്ചിട്ടുണ്ട്.

കിംഗ് അബ്ദുൽ അസീസ് സർവകലാശാല ഇന്നും (വ്യാഴം) ശനിയാഴ്ചയും നടത്താനിരുന്ന സർവകലാശാലയിലെയും റാബിഗ് ബ്രാഞ്ചിലെയും എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പ്രഖ്യാപിച്ചു. ഈ പരീക്ഷകൾ ഡിസംബർ 5, 6 തിയതികളിലായി നടത്തും.

മക്ക, മദീന, തബൂക്ക്, വടക്കൻ അതിർത്തികൾ, ഹായിൽ, അൽ-ഖാസിം എന്നീ പ്രദേശങ്ങളുടെ ചില ഭാഗങ്ങളിൽ സജീവമായ കാറ്റിനും ഇടത്തരം മുതൽ ശക്തമായ ഇടിമിന്നലുണ്ടാകുമെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു.

ജസാൻ, അസീർ, അൽ ബാഹ, കിഴക്കൻ പ്രവിശ്യയുടെ വടക്കൻ ഭാഗങ്ങളിലും ഇടിമിന്നലിനും മഴക്കും സാധ്യതയുണ്ട്.

വടക്കൻ അതിർത്തികൾ, ഖുറയ്യത്ത്, തുറൈഫ്, കിഴക്കൻ മേഖലയുടെ വടക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ രാത്രിയിലും അതിരാവിലെയും മൂടൽമഞ്ഞ് രൂപപ്പെടും.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

 

Share
error: Content is protected !!