പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത; ഗൾഫ് സെക്ടറിലേക്ക് രണ്ട് പുതിയ സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഗൾഫ് സെക്ടറിലേക്ക് രണ്ട് സർവീസുകൾ കൂടു ആരംഭിക്കുന്നു. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് രണ്ട് സര്‍വീസുകള്‍ കൂടി ആരംഭിക്കുന്നു. തിരുവനന്തപുരം-ബഹ്‌റൈന്‍, തിരുവനന്തപുരം ദമ്മാം എന്നീ സര്‍വീസുകളാണ് ആരംഭിക്കുന്നത്.
തിരുവനന്തപുരം-ബഹ്‌റൈന്‍ സര്‍വീസ് നവംബര്‍ 30 മുതലും തിരുവനന്തപുരം-ദമ്മാം സര്‍വീസ് ഡിസംബര്‍ ഒന്ന് മുതലും ആരംഭിക്കും. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ വൈകിട്ട് 5.35ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം 8.25ന് ദമ്മാമിലെത്തും. തിരികെ ദമ്മാമില്‍ നിന്ന് പ്രാദേശിക സമയം രാത്രി 9.25ന് പുറപ്പെട്ട് പുലര്‍ച്ചെ 5.05ന് തിരുവനന്തപുരത്ത് എത്തും. 180 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ബോയിങ് 737-800 വിമാനങ്ങളാണ് സര്‍വീസിന് ഉപയോഗികകുക. രണ്ട് സര്‍വീസുകള്‍ക്കുമുള്ള ബുക്കിങ് ആരംഭിച്ചു. തിരുവനന്തപുരം-ദമ്മാം സെക്ടറില്‍ ആദ്യ സര്‍വീസാണിത്.
തിരുവനന്തപുരം-ബഹ്‌റൈന്‍ സര്‍വീസ് ബുധന്‍, ഞായര്‍ ദിവസങ്ങളില്‍ വൈകിട്ട് 5.35ന് പുറപ്പെട്ട് പ്രാദേശിക സമയം 8.05ന് എത്തിച്ചേരും. തിരികെ ബഹ്‌റൈനില്‍ നിന്ന് പ്രാദേശിക സമയം രാത്രി 9.05ന് പുറപ്പെട്ട് പുലര്‍ച്ചെ 4.25ന് തിരുവനന്തപുരത്ത് എത്തും.
അതേസമയം മസ്‌കറ്റില്‍ നിന്ന് കണ്ണൂരിലേക്കുള്ള യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധിക ബാഗേജ് ഓഫര്‍ പ്രഖ്യാപിച്ചിരുന്നു. ഒമാന്‍ ദേശീയ ദിനത്തോട് അനുബന്ധിച്ചാണ് ഈ ഓഫര്‍. ഇതിന്റെ ഭാഗമായി സൗജന്യ ബാഗേജ് പരിധി പത്തു കിലോ വര്‍ധിപ്പിച്ചിട്ടുണ്ട്.
ഈ മാസം അവസാനം വരെ 40 കിലോ ബാഗേജ് ആനുകൂല്യം അനുവദിക്കുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. ഏഴ് കിലോ ഹാന്‍ഡ് ബാഗേജ് പരിധിക്ക് പുറമെയാണിത്. ഒമാന്‍ ദേശീയ ദിനത്തോട് അനുബന്ധിച്ച് അനുവദനീയമായ ലഗേജിന്‍റെ ഭാരം ഗോ ഫസ്റ്റ് എയര്‍ലൈന്‍ വര്‍ധിപ്പിച്ചിരുന്നു. മസ്കറ്റ്-കണ്ണൂര്‍ സെക്ടറുകളില്‍ ഇനി മുതല്‍ 40 കിലോഗ്രാം ലഗേജ് കൊണ്ടുപോകാം. നേരത്തെ ഇത് 30 കിലോഗ്രാം ആയിരുന്നു.
ഹാന്‍ഡ് ബാഗേജ് ഏഴു കിലോയ്ക്ക് പുറമെയാണിത്. പരിമിതമായ കാലയളവിലേക്കാണ് ഈ ആനുകൂല്യം ലഭിക്കുക. നവംബര്‍ മുതല്‍ ഡിസംബര്‍ 15 വരെയാണ് ഇത് നിലവിലുള്ളത്. കണ്ണൂരില്‍ നിന്ന് മസ്കറ്റിലേക്കും തിരിച്ചും ആണ് ഗോ ഫസ്റ്റ് എയര്‍ലൈന്‍ നേരിട്ട് സര്‍വീസ് നടത്തുന്നത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക