ഇത് നബ്ഷ, 3 മക്കളുടെ അമ്മ; കൈക്കുഞ്ഞുമായി ലോകകപ്പ് വൊളൻ്റിയർ, സ്വപ്നങ്ങൾ നേടിയ മലയാളി യുവതി!

ആഗ്രഹങ്ങള്‍ മാത്രം പോര, പ്രതിസന്ധികളെ അതിജീവിച്ച് അവ നേടിയെടുക്കുമെന്ന നിശ്ചയദാര്‍ഢ്യം കൂടിയുണ്ടെങ്കില്‍ സ്വപ്‌നങ്ങള്‍ യാഥാർഥ്യമാകുമ്പോഴുള്ള ‘പോസിറ്റിവിറ്റി’യും മുന്നോട്ടു കുതിയ്ക്കാനുള്ള ഊര്‍ജവും നേടാമെന്ന് മൂന്നു മക്കളുടെ അമ്മയായ നബ്ഷയെന്ന 37 കാരി സ്വന്തം ജീവിതത്തിലൂടെ തെളിയിച്ചിരിക്കുകയാണ്. അടുക്കള ജോലിയില്‍ മാത്രമല്ല ഔദ്യോഗിക ജോലിയ്ക്കിടയിലും മൂന്നു മാസം പ്രായമായ സ്വന്തം കുഞ്ഞിനെ നെഞ്ചോടു ചേര്‍ത്തു പിടിക്കുന്ന നബ്ഷ ഏതു സാഹചര്യങ്ങളിലും തളരാതെ, കരുത്തോടെ സഞ്ചരിക്കാന്‍ ഏതൊരു വനിതകള്‍ക്കും പ്രചോദനവും മാതൃകയും തന്നെയാണ്. ഫുട്‌ബോള്‍ ആവേശം നിറഞ്ഞ ഖത്തറില്‍ കൈക്കുഞ്ഞുമായി വൊളന്റിയറിങ്ങില്‍ സജീവമായ നബ്ഷയാണ് ഫിഫ ലോകകപ്പിലെ ഏറ്റവും മനോഹരമായ കാഴ്ചയും.

മലപ്പുറം വളാഞ്ചേരി സ്വദേശിനിയും ഖത്തറില്‍ അധ്യാപികയുമായ നബ്ഷ തടത്തിപറമ്പില്‍ ഫിഫ ലോകകപ്പിലെ പ്രധാന മീഡിയ സെന്ററിലെ അക്രഡിറ്റേഷന്‍ ലീഡര്‍മാരില്‍ ഒരാളാണ്. സ്‌കൂള്‍-കോളേജ് കാലം തൊട്ടേ സേവന പ്രവര്‍ത്തനങ്ങളോടുള്ള ഇഷ്ടമാണ് ടൂര്‍ണമെന്റുകളിലെ വൊളന്റിയര്‍ ആകാനുള്ള ആഗ്രഹത്തിന് പിന്നില്‍. സന്നദ്ധ സേവനം മനസിന് സംതൃപ്തിയും അതിലുപരി മനസിനും ജീവിതത്തിനും ഉണര്‍വും ഊര്‍ജവുമാണെന്ന് നബ്ഷ പറയുന്നു. എന്നെക്കൊണ്ട് കഴിയില്ല എന്നതിന് പകരം എന്തുകൊണ്ട് കഴിയില്ല എന്നു ചോദിക്കുന്നിടത്താണ് നബ്ഷയുടെ വിജയം.

പിന്തുണച്ച് കുടുംബവും സഹപ്രവര്‍ത്തകരും

സ്‌കൂളിലെ അധ്യാപിക സ്ഥാനം തല്‍ക്കാലം രാജി വെച്ചാണ് വൊളന്റിയറിങ്ങില്‍ സജീവമായത്. 2021ല്‍ അറബ് കപ്പില്‍ വൊളന്റിയര്‍ ആയി സേവനം തുടങ്ങി ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് ഗര്‍ഭിണിയാണെന്ന സന്തോഷം കൂടി എത്തിയത്. ഗര്‍ഭിണിയായതു കൊണ്ട് വൊളന്റിയര്‍ ആകാനുള്ള ആഗ്രഹം മാറ്റിവെയ്ക്കാന്‍ നബ്ഷ തയാറായില്ല. ഗര്‍ഭകാലത്തെ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് നല്ല ബോധ്യമുണ്ടായിട്ടും അവയെല്ലാം തരണം ചെയ്താണ് തൊട്ടുപിന്നാലെ എത്തിയ ഫിഫ കോണ്‍ഗ്രസ്, ലോകകപ്പിന്റെ വൊളന്റിയര്‍മാരെ തിരഞ്ഞെടുക്കുന്നതിന്റെ ഇന്റര്‍വ്യൂ പാനല്‍ (പയനിയേഴ്‌സ്) എന്നിവയിലെല്ലാം നബ്ഷ പങ്കെടുത്തത്.

 

 

 

ഖത്തര്‍ എനര്‍ജി ഉദ്യോഗസ്ഥനായ ഭര്‍ത്താവ് മുജീബ് റഹ്‌മാനും മക്കളായ 13 കാരി നഷ്‌വ മുജീബും 10 വയസുകാരന്‍ ഷാന്‍ റഹിമാനും വൊളന്റിയറിങ് മേഖലയിലെ അധികൃതരും സഹപ്രവര്‍ത്തകരുമെല്ലാം നബ്ഷയ്ക്ക് കരുത്തായി കൂടെ നിന്നു. രണ്ടു മാസം നീണ്ട വൊളന്റിയര്‍ തിരഞ്ഞെടുപ്പില്‍ 41 സെഷനുകളിലായി അഞ്ഞൂറിലധികം പേരെയാണ് നബ്ഷ ഇന്റര്‍വ്യൂ ചെയ്തത്. ഗര്‍ഭകാലത്തിന്റെ 8-9 മാസങ്ങളിലാണിത്. കൂടുതല്‍ സമയം ഇരുന്നു ചെയ്യേണ്ട ജോലി. പക്ഷേ ബുദ്ധിമുട്ടുകളെ അതിജീവിക്കാന്‍ സഹപ്രവര്‍ത്തകര്‍ താങ്ങും തണലുമായി ഒപ്പം നിന്നതിനാല്‍ ക്ഷീണം അറിഞ്ഞില്ലെന്ന് നബ്ഷ പറയുന്നു. പ്രസവത്തിനു രണ്ടു ദിവസം മുന്‍പ് വരെ വൊളന്റിയര്‍ സേവനം ചെയ്ത ശേഷമാണ് അര്‍വ ഐറിന്‍ എന്ന കൊച്ചുസുന്ദരിയെ പ്രസവിച്ചത്.

 

 

അറബ് കപ്പ് മുതല്‍ ഫിഫ വരെ

അറബ് കപ്പില്‍ തുടങ്ങിയ വൊളന്റിയര്‍ സേവനം ഫിഫ കോണ്‍ഗ്രസും കടന്ന് ലോകകപ്പിലേയ്ക്ക് എത്തിയപ്പോഴേയ്ക്കും ഐറിന്‍ എന്ന കൊച്ചുസുന്ദരിയും അമ്മയ്‌ക്കൊപ്പം ചേര്‍ന്നു. ആരാധകര്‍ക്ക് രാജ്യത്തെത്തുമ്പോള്‍ സ്റ്റേഡിയം, അക്കോമഡേഷന്‍, ഫാന്‍ സോണുകള്‍ ഇവിടങ്ങളിലേയ്ക്ക് എങ്ങനെ എത്താം, നല്‍കുന്ന സൗകര്യങ്ങളില്‍ സംതൃപ്തരാകുമോ, എന്തൊക്കെ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരും, അവ എങ്ങനെ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളില്‍ സുപ്രീം കമ്മിറ്റി അധികൃതര്‍ നടത്തിയ റിഹേഴ്‌സലുകളുടെ ഭാഗമായുള്ള യാത്രകളില്‍ നബ്ഷ പങ്കെടുത്തത് ഐറിനെയും നെഞ്ചോടു ചേര്‍ത്താണ്.

ഒപ്പമുണ്ടായിരുന്നവരുടെ കരുതല്‍ മാത്രമല്ല ആഗ്രഹങ്ങള്‍ യാഥാർഥ്യമാക്കണമെന്ന നബ്ഷയുടെ മനക്കരുത്തും കൂടിയായപ്പോള്‍ ഒരു ദിനം മുഴുവന്‍ 10 സോണുകളിലായി യാത്ര ചെയ്യേണ്ടി വന്നപ്പോഴും ഒരുതരത്തിലുമുള്ള ബുദ്ധിമുട്ടുകളും ഉണ്ടായില്ല. ജോലിയ്ക്കിടെ കുഞ്ഞിന്റെ മുലയൂട്ടല്‍ ഒരു പ്രശ്‌നമായിരുന്നില്ലേ എന്നു ചോദിച്ചാല്‍ സഹപ്രവര്‍ത്തകരുടെ കരുതലും സ്‌നേഹവും പിന്തുണയും കൊണ്ട് ഐറിന് ഒരിയ്ക്കല്‍ പോലും കുപ്പി പാല്‍ നല്‍കേണ്ടി വന്നിട്ടില്ലെന്നാണ് നബ്ഷയുടെ ഉത്തരം.

ഖത്തര്‍ നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ മെയിന്‍ മീഡിയ സെന്ററില്‍ അക്രഡിറ്റേഷന്‍ ലീഡര്‍ ആയാണ് നബ്ഷയുടെ പുതിയ സേവനം. ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ഇഷ്ടമുള്ള സമയം തിരഞ്ഞെടുത്ത് ജോലി ചെയ്യാം. ഭര്‍ത്താവിന്റെ ജോലിസമയം അനുസരിച്ചാണ് നബ്ഷ ഷിഫ്റ്റ് തിരഞ്ഞെടുക്കുന്നത്. അക്രഡിറ്റേഷന്‍ സെന്ററിലേയ്ക്ക് കുഞ്ഞിനെ കൊണ്ടുപോകുന്നില്ലെങ്കിലും ഇടയ്ക്ക് വിശപ്പകറ്റാന്‍ ഉമ്മയെ തേടി ഐറിന്‍ ഉപ്പയോടൊപ്പം അക്രെഡിറ്റേഷന്‍ സെന്ററിന്റെ മുന്നിലെത്തും.

പ്രസവത്തിന് ശേഷം വിശ്രമിക്കേണ്ട സമയത്ത് ഇങ്ങനെ ഓടിനടന്നാല്‍ എങ്ങനെയാണ് എന്നു ചോദിച്ചാല്‍ വിശ്രമത്തിനായി സമയം കളയുന്നതിന് പകരം ഫിഫ ലോകകപ്പ് എന്ന വലിയ മാമാങ്കത്തില്‍ പങ്കാളിയാകാനുള്ള അവസരത്തിലൂടെ ജീവിതം പോസിറ്റീവാക്കി മാറ്റുകയാണ് വേണ്ടതെന്നാണ് നബ്ഷയുടെ മറുപടി. നബ്ഷയുടെ ഭാഷയില്‍ പറഞ്ഞാല്‍ മനക്കരുത്തും നിശ്ചയദാര്‍ഢ്യവും ജീവിതത്തിന് നല്‍കുന്ന ‘പോസിറ്റീവ് എനര്‍ജി’ തന്നെയാണ് സ്വപ്‌നങ്ങള്‍ യാഥാർഥ്യമാക്കാനുള്ള ആയുധവും.

(മനോരമ പ്രസിദ്ധീകരിച്ചത്)

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!