ആ വനിതക്ക് ജോലി ലഭിച്ചത് എങ്ങനെ, വിളിപ്പിച്ചതാര്?; സ്വര്‍ണക്കടത്ത് കേസില്‍ ഇടപെടുമെന്ന് ഗവര്‍ണര്‍

നാളെ കേരളത്തിൽ തിരിച്ചെത്താനിരിക്കെ, മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ ഓഫിസിനുമെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് രൂക്ഷമായിരിക്കെ മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ ഓഫീസിനുമെതിരേ സ്വര്‍ണക്കടത്തും സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങളും ആയുധമാക്കിയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ചത്.

നയതന്ത്ര പാഴ്‌സല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെങ്കില്‍ ഇടപെടുമെന്ന്‌ ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കി. സർവകലാശാലകളിൽ സ്വന്തക്കാരെ നിയമിച്ചിട്ടുണ്ടെങ്കിൽ അതിലും ഇടപെടും. എല്ലാ നിയമവിരുദ്ധ നടപടികളിലും മുഖ്യമന്ത്രിയുടെ ഓഫിസ് ബന്ധപ്പെടുന്നതെങ്ങനെയെന്നും ഗവർണർ ചോദിച്ചു. മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ സംബന്ധിച്ച് ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കവേയാണ് സ്വര്‍ണക്കടത്ത് കേസിനെക്കുറിച്ചും ഗവര്‍ണര്‍ സംസാരിച്ചത്.

 

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്‌ന സുരേഷിനെപ്പറ്റിയും ഗവര്‍ണര്‍ പരാമര്‍ശിച്ചു. ആ വനിതയ്ക്ക് ജോലി ലഭിച്ചത് എങ്ങനെയെന്നും അവരെ ആരാണ് ഹില്‍ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചതെന്നും ഗവര്‍ണര്‍ ചോദിച്ചു. വിവാദ വനിത മുഖ്യമന്ത്രിയുടെ ഓഫീസില്‍ വന്നിട്ടില്ലേ. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജിവെച്ചത് ഏത് കാരണത്താലാണെന്നും ഇക്കാര്യങ്ങളെല്ലാം ജനങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും ഇതുസംബന്ധിച്ച് ഒരു പുസ്തകം വരെ ഇറങ്ങിയിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. ഇത്തരം കാര്യങ്ങളില്‍ ഇടപെടാനുള്ള എല്ലാ അധികാരങ്ങളും അവകാശങ്ങളും തനിക്കുണ്ടെന്നും ഗവർണർ ഓർമിപ്പിച്ചു.

ധനമന്ത്രി കെഎന്‍ ബാലഗോപാലില്‍ പ്രീതി നഷ്ടമായെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ചത് ഭരണഘടനയുടെ അടിസ്ഥാനത്തിലാണെന്നും ഗവര്‍ണര്‍ വിശദീകരിച്ചു. ഗവര്‍ണര്‍ക്കെതിരേയുള്ള പരാമര്‍ശത്തിലൂടെ ദേശീയ ഐക്യത്തെ വെല്ലുവിളിക്കാനാണ് മന്ത്രി ശ്രമിച്ചതെന്നും ഗവര്‍ണര്‍ പറഞ്ഞു.

താൻ ആർഎസ്എസിന്റെ നോമിനിയാണെന്ന ആരോപണങ്ങളെ ഗവർണർ തള്ളിക്കളഞ്ഞു. രാജ്ഭവൻ ഇടപെട്ട് ഒരു രാഷ്ട്രീയ നിയമനം പോലും നടത്തിയിട്ടില്ലെന്ന് ഗവർണർ അവകാശപ്പെട്ടു. അനാവശ്യ നിയമനങ്ങൾ നടത്തിയെന്ന് തെളിയിച്ചാൽ ഗവർണർസ്ഥാനം രാജിവയ്ക്കുമെന്നും ഗവർണർ വ്യക്തമാക്കി. തെളിയിക്കാനായില്ലെങ്കിൽ മുഖ്യമന്ത്രി രാജി വയ്ക്കുമോയെന്നും ഗവർണർ ചോദിച്ചു.

ഗവർണർ സമാന്തര സർക്കാരാകാൻ ശ്രമിക്കുകയാണെന്നും കേരളത്തിൽ കേന്ദ്ര ഇടപെടലിനുള്ള അന്തരീക്ഷം ഒരുക്കാനാണു നോക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ആരോപിച്ചിരുന്നു. നിയമനിർമാണ സഭയ്ക്കു മേലുള്ള ഒരു കടന്നുകയറ്റവും അനുവദിക്കില്ല. മന്ത്രിസഭയുടെ ഉപദേശപ്രകാരമാണു ഗവർണർ പ്രവർത്തിക്കേണ്ടത്. അങ്ങനെയേ പ്രവർത്തിക്കാവൂ – കേരളത്തിനെതിരായ നീക്കം ചെറുക്കുക, ഉന്നതവിദ്യാഭ്യാസ മേഖല സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി എൽഡിഎഫ് സംഘടിപ്പിച്ച ജനകീയ കൺവൻഷനിൽ മുഖ്യമന്ത്രി പറഞ്ഞു.

 

ഗവർണർമാർ സാധാരണ സജീവ രാഷ്ട്രീയത്തിൽ ഇടപെടാറില്ല. എന്നാൽ ഇവിടെ രാജ്ഭവനിൽ പത്രസമ്മേളനം നടത്തുന്നു, മന്ത്രിയെ പിരിച്ചുവിടാൻ പറയുന്നു, പൊലീസ് മേധാവിക്കു നിർദേശം നൽകുന്നു. അതിനെല്ലാം ഇവിടെ സർക്കാരുണ്ട്. മറിച്ച്, താനാണ് ഇതൊക്കെ ചെയ്യേണ്ട സർവാധികാരിയെന്നു കരുതിയാൽ അതു മനസ്സിലിരുന്നാൽ മതി – മുഖ്യമന്ത്രി പറഞ്ഞു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Share
error: Content is protected !!