മസാജ് സെൻ്ററിൽ പെണ്‍വേഷം ധരിച്ച് അനാശാസ്യ പ്രവര്‍ത്തനം; 16 പ്രവാസികളെ നാടുകടത്തും

കുവൈത്തില്‍ ഒരു മസാജ്‍ സെന്റര്‍ കേന്ദ്രീകരിച്ച് അനാശ്യാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയ 16 പ്രവാസികളെ അറസ്റ്റ് ചെയ്തു. അബൂ ഹാലിഫയിലെ ഒരു മസാജ് സെന്ററിലായിരുന്നു റെയ്ഡ്. ഇവിടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വിവിധ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ സംയുക്തമായി പരിശോധനയ്ക്കെത്തുകയായിരുന്നു.

16 പ്രവാസികള്‍ ഇവിടെ സ്‍ത്രീ വേഷം ധരിച്ച് ജോലി ചെയ്‍തിരുന്നതായി കണ്ടെത്തി. ഇവര്‍ ഇവിടെയെത്തുന്ന ഉപഭോക്താക്കളില്‍ നിന്ന് നിശ്ചിത സമയത്തേക്ക് 20 ദിനാര്‍ വീതം ഈടാക്കി അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവന്നിരുന്നുവെന്നാണ് കണ്ടെത്തല്‍. രാജ്യത്തെ നിയമങ്ങളും പൊതു മര്യാദകളും ലംഘിച്ചുള്ള പ്രവര്‍ത്തനമാണ് മസാജ് സെന്ററിന്റെ മറവില്‍ ഇവര്‍ നടത്തിയിരുന്നതെന്നും ഇവിടുത്തെ മുറികളില്‍ നിയമവിരുദ്ധ പ്രവൃത്തികള്‍ നടന്നതായും അധികൃതര്‍ പറഞ്ഞു.

16 പ്രവാസികളെയും അറസ്റ്റ് ചെയ്‍ത് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. ഇവരെ കുവൈത്തില്‍ നിന്ന് നാടുകടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. പിടിയിലായവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

അതേസമയം കുവൈത്തില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട 17 പ്രവാസികള്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. രാജ്യത്തെ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ തലാല്‍ ഖാലിദ് അല്‍ അഹ്‍മദ് അല്‍ സബാഹിന്റെ നിര്‍ദേശപ്രകാരം കുവൈത്തില്‍ നടന്നുവരുന്ന പരിശോധനകളിലാണ് ഇവര്‍ പിടിയിലായത്.

മനുഷ്യക്കടത്തിനും പൊതുമര്യാദകളുടെ ലംഘനങ്ങള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് മോറല്‍സ് പ്രൊട്ടക്ഷന്‍ ആന്റ് ആന്റി ഹ്യൂമണ്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റാണ് കഴിഞ്ഞ ദിവസം 17 പേരെ അറസ്റ്റ് ചെയ്‍തത്. വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടതിനാണ് ഇവരെ പിടികൂടിയതെന്ന് ആഭ്യന്തര മന്ത്രാലയം സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തിറക്കിയ പ്രസ്‍താവനയില്‍ അറിയിച്ചു. തുടര്‍ നടപടികള്‍ സ്വീകരിക്കാനായി ഇവരെ ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറി.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!